| Friday, 6th June 2025, 11:32 am

ചെയ്തത് കുറഞ്ഞു പോയി, അടുത്ത വര്‍ഷം ഇതിന്റെ ഇരട്ടി പ്രകടനം നടത്തണം; മനസ് തുറന്ന് സൂര്യവംശി

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശം വാനോളം ഉയര്‍ത്തി ഐ.പി.എല്‍ 2025ന് തിരശീല വീണിരിക്കുന്നു. പുതിയ ചാമ്പ്യന്മാരെത്തിയതും യുവതാരങ്ങള്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയതുമൊക്കെ ഈ സീസണിന്റെ പ്രത്യേകതകളാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ പേര് ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല.

ആരാധകര്‍ എക്കാലവും സൂര്യവംശിയെയും താരത്തിന്റെ വെടിക്കെട്ട് പ്രകടനവും ഓര്‍ത്തിരിക്കും. 14ാം വയസില്‍ തന്നെ ടൂര്‍ണമെന്റില്‍ അരങ്ങേറി താരം ആരാധകരെയും ഗാലറിയെയും ഒന്നാകെ കയ്യടക്കിയിട്ടുണ്ട്.

രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ബൗണ്ടറികള്‍ തലങ്ങും വിലങ്ങും പായിച്ച് ആരാധകര്‍ക്ക് വൈഭവ് വിരുന്നൊരുക്കിയിരുന്നു. മൂന്നാം മത്സരത്തില്‍ തന്നെ കൗമാര താരം സെഞ്ച്വറിയടിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റ് അവസാനിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങള്‍ക്ക് നല്‍കുന്ന സൂപ്പര്‍ സ്ട്രൈക്കര്‍ അവാര്‍ഡും ബിഹാര്‍ താരം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ തന്റെ പ്രകടനങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് സംസാരിക്കുകയാണ് വൈഭവ് സൂര്യവംശി. തന്റെ ആദ്യ സീസണില്‍ തന്നെ ധാരാളം പോസിറ്റീവുകള്‍ ലഭിച്ചുവെന്ന് താരം പറഞ്ഞു.

തെറ്റുകള്‍ തിരുത്തി ടീമിനായി അടുത്ത വര്‍ഷം മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ ഇതുവരെ ചെയ്തതിന്റെ ഇരട്ടി ചെയ്യണമെന്ന് മനസിലായിയെന്നും കൗമാര താരം കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ സംസാരിക്കുകയായിരുന്നു വൈഭവ് സൂര്യവംശി.

‘ഐ.പി.എല്‍ കളിക്കുന്നത് എല്ലാവര്‍ക്കും ഒരു സ്വപനം പോലെയാണ്. എന്റെ ആദ്യ സീസണില്‍ തന്നെ എനിക്ക് ധാരാളം പോസിറ്റീവുകള്‍ ലഭിച്ചു. അടുത്ത സീസണില്‍ എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ പഠിച്ചു.

ഞാന്‍ വരുത്തിയ തെറ്റുകള്‍ തിരുത്തി ടീമിനായി അടുത്ത വര്‍ഷം മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും. എന്റെ ടീമിനെ ഫൈനലിലെത്തിക്കാന്‍ ഞാന്‍ ഇതുവരെ ചെയ്തതിന്റെ ഇരട്ടി ചെയ്യണമെന്ന് എനിക്ക് മനസിലായി. ടീമിനായി എത്രത്തോളം സംഭാവന നല്‍കാന്‍ കഴിയുമെന്നതില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും,’ സൂര്യവംശി പറഞ്ഞു.

പതിനെട്ടാം സീസണില്‍ രാജസ്ഥാന് റോയല്‍സിനായി ഏഴ് മത്സരങ്ങള്‍ കളിച്ച് സൂര്യവംശി 252 റണ്‍സ് നേടിയിരുന്നു. 206.55 സ്‌ട്രൈക്ക് റേറ്റിലും 36 ആവറേജിലും ബാറ്റ് ചെയ്ത് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ 38 പന്തില്‍ 101 റണ്‍സാണ്.

Content Highlight: IPL 2025: Vaibhav Suryavanshi talks about the experience of his first IPL

We use cookies to give you the best possible experience. Learn more