ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്സ് രണ്ട് പന്തും രണ്ട് വിക്കറ്റും ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.
യുവതാരം ഡെവാള്‍ഡ് ബ്രെവിസ് (25 പന്തില്‍ 52), ഇംപാക്ട് പ്ലെയര്‍ ശിവം ദുബെ (40 പന്തില്‍ 45), അരങ്ങേറ്റക്കാരന്‍ ഉര്‍വില്‍ പട്ടേല്‍ (11 പന്തില്‍ 31) എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് സൂപ്പര്‍ കിങ്സ് സീസണിലെ മൂന്നാം വിജയം സമ്മാനിച്ചത്. ക്യാപ്റ്റന്‍ എം.എസ്. ധോണി 18 പന്തില്‍ പുറത്താകാതെ 17 റണ്‍സും സ്വന്തമാക്കിയിരുന്നു.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന പേരും പകിട്ടുമായെത്തിയ ഉര്‍വില്‍ പട്ടേലിന്റെ വെടിക്കെട്ടാണ് സൂപ്പര്‍ കിങ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. നാല് സിക്‌സറും ഒരു ഫോറും അടക്കം 281.82 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു പട്ടേലിന്റെ ബാറ്റിങ്.
ഓപ്പണറായ ആയുഷ് മാഹ്‌ത്രെ സില്‍വര്‍ ഡക്കായതിന് പിന്നാലെയാണ് ഉര്‍വില്‍ പട്ടേല്‍ ക്രീസിലെത്തിയത്. കളത്തിലിറങ്ങിയ ആദ്യ നിമിഷം മുതല്‍ക്കുതന്നെ കൊല്‍ക്കത്ത ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്നുകയറി ഉര്‍വില്‍ സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിന് അടിത്തറയൊരുക്കി.
രണ്ടാം ഓപ്പണറായ ഡെവോണ്‍ കോണ്‍വേയും സില്‍വര്‍ ഡക്കായി മടങ്ങിയെങ്കിലും ഭയാശങ്കകളൊന്നും കൂടാതെ താരം ബാറ്റ് വീശി. മൂന്നാം ഓവറിലെ അവസാന പന്തിലാണ് മൂന്നാം വിക്കറ്റായി ഉര്‍വില്‍ പട്ടേല്‍ പുറത്താകുന്നത്. ഈ സാഹചര്യത്തില്‍ സൂപ്പര്‍ കിങ്‌സ് നേടിയ 37 റണ്‍സില്‍ 31ഉം പിറന്നത് ഉര്‍വില്‍ പട്ടേലിന്റെ ബാറ്റില്‍ നിന്ന് തന്നെയായിരുന്നു.
ഈ പ്രകടനത്തിന് പിന്നാലെ ഒരു നേട്ടവും 26കാരനെ തേടിയെത്തി. ഐ.പി.എല്‍ 2025ല്‍ ഏറ്റവുമധികം പവര്‍പ്ലേ സിക്‌സറുകള്‍ നേടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമെന്ന റെക്കോഡാണ് ആദ്യ മത്സരത്തില്‍ ഉര്‍വില്‍ പട്ടേല്‍ സ്വന്തമാക്കിയത്.
(താരം – സിക്‌സറുകള്‍ – പവര്‍പ്ലേയില്‍ ആകെ നേരിട്ട പന്തുകള്‍ എന്നീ ക്രമത്തില്‍)
ഉര്‍വില്‍ പട്ടേല്‍ – 4 – 11 പന്തുകള്‍*
ആയുഷ് മാഹ്‌ത്രെ – 3 – 55 പന്തുകള്‍
ഋതുരാജ് ഗെയ്ക്വാദ് – 2 – 44 പന്തുകള്‍
ഷെയ്ഖ് റഷീദ് – 2 – 60 പന്തുകള്‍
രവീന്ദ്ര ജഡേജ – 1 – 29 പന്തുകള്‍
രാഹുല്‍ ത്രിപാഠി – 1 – 33 പന്തുകള്‍
അതേസമയം, കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ് സൂപ്പര്‍ കിങ്സ് തുടരുന്നത്. ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ സൂപ്പര്‍ കിങ്സ് ഈ വിജയത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചു.
നിലവില്‍ 12 മത്സരത്തില്‍ നിന്നും മൂന്ന് വിജയവും ഒമ്പത് പരാജയവുമായി ആറ് പോയിന്റാണ് ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്. ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും 12 മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ഇരു ടീമുകളെയും വേര്‍തിരിക്കുന്നത്.
മാര്‍ച്ച് 12നാണ് സൂപ്പര്‍ കിങ്സിന്റെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. സൂപ്പര്‍ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: Urvil Patel tops the list of most 6s for CSK in 2025 IPL powerplay