| Wednesday, 14th May 2025, 4:58 pm

ധൈര്യമായി സ്വപ്നം കാണാം ആറാം കിരീടം; തിരിച്ചടികള്‍ക്കിടയില്‍ അവന്‍ ഒരുത്തന്‍ മതി!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐ.പി.എല്‍ മെയ് 17ന് (ശനി) പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. എന്നാല്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ പലരും തങ്ങളുടെ നാട്ടിലേക്ക് തിരിച്ചിരുന്നു. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നടത്തിക്കൊണ്ട് ഐ.പി.എല്‍ പുനരാരംഭിക്കുന്നതോടെ വിദേശ താരകങ്ങളില്‍ പലരും തിരിച്ചെത്തുന്നുണ്ട്.

ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് 2025 ഐ.പി.എല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ടീമില്‍ തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൂപ്പര്‍ പേസ് ബൗളര്‍ തിരികെ വരുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് ഉറപ്പാണ്.

നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 19.88 എന്ന് ശരാശരിയിലും 8.49 എന്ന എക്കോണമിയിലും 18 വിക്കറ്റുകളാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതാണ് ബോള്‍ട്ട്. ബോള്‍ട്ട് ടീമിലേക്ക് എത്തുന്നത് മുംബൈക്ക് ഒരു വലിയ പോസിറ്റീവ് ആണ്. തങ്ങളുടെ ആറാം കിരീടം സ്വപ്നം കാണാനും തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ് മുംബൈ.

മാത്രമല്ല ടെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളിക്കാന്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നും റിയാല്‍ റിക്കെല്‍ട്ടണ്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ പിന്മാറിയിരുന്നു. മാത്രമല്ല വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് വേണ്ടി ഇംഗ്ലണ്ട് താരമായ വില്‍ ജാക്‌സും ടീമില്‍ നിന്ന് തിരിച്ചുപോയി.

തിരിച്ചടികളില്‍ ബോള്‍ട്ടിന്റെ വരവ് വലിയ പ്രതീക്ഷയാണ് മുംബൈയ്ക്ക് നല്‍കുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ സീസണില്‍ മോശം തുടക്കം ലഭിച്ച മുംബൈ പിന്നീടങ്ങോട്ട് വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 14 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ. മെയ് 21 ബുധനാഴ്ചയാണ് മുംബൈയുടെ അടുത്ത മത്സരം. ദല്‍ഹിക്കെതിരെ സ്വന്തം തട്ടകമായ വാംഖഡെയിലാണ് മുംബൈ ഇറങ്ങുന്നത്.

Content Highlight: IPL 2025: Trent Boult returns to play for Mumbai Indians

We use cookies to give you the best possible experience. Learn more