ചെന്നൈ സൂപ്പര്‍ കിങ്സ് മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും ഐ.പി.എല്‍ 2025. പതിനെട്ടാം സീസണില്‍ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോകുന്ന ടീം ഇതിനകം തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ നിലനിര്‍ത്തിയവരും പുതിയതായി ടീമിലെത്തിച്ചവരും ഒരുമിച്ച് നിറം മങ്ങിയതും സ്ഥിരം ക്യാപ്റ്റന്‍ പരിക്കേറ്റ് പുറത്തായതും ടീമിന് ഈ സീസണില്‍ തിരിച്ചടിയായി.
ടീമിനെ തിരികെയെത്തിക്കാന്‍ ചെന്നൈയുടെ സ്വന്തം ‘തല’യെ ക്യാപ്റ്റനാക്കിയതും ഈ സീസണില്‍ ഫലം കണ്ടില്ല. ധോണിക്കും അത്ര മികച്ച സീസണായിരുന്നില്ല ഐ.പി.എല്‍ 2025. തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാനും ടീമിനെ വിജയത്തിലെത്തിക്കാനും താരത്തിനായില്ല. പലപ്പോഴും ഫീല്‍ഡില്‍ റണ്‍സ് കണ്ടതാണ് ബുദ്ധിമുട്ടുന്ന ധോണിയെ ആരാധകര്‍ക്ക് കാണേണ്ടി വന്നു.
ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറും സണ്‍റൈസേഴ്സ് ഹൈദരാബാദ് കോച്ചുമായിരുന്ന ടോം മൂഡി. ധോണി വളരെക്കാലമായി ഒരു ശക്തനായ ക്യാപ്റ്റനായിരുന്നുവെന്നും എല്ലാവര്‍ക്കും ഉള്ളില്‍ ഒരു തീയുണ്ടെന്നും അത് മങ്ങുമ്പോള്‍ ടീമില്‍ നിന്ന് പുറത്ത് പോകണമെന്നും ടോം മൂഡി പറഞ്ഞു.
മുന്‍ കാലങ്ങളില്‍ ധോണിയില്‍ താന്‍ കണ്ടിരുന്ന സ്പാര്‍ക്ക് ഇപ്പോള്‍ കാണാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുടെ ടൈം ഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ടോം മൂഡി.
‘ഓരോ ടീമും അതിന്റെ നായകനെ പ്രതിഫലിപ്പിക്കുന്നു, ധോണി വളരെക്കാലമായി ഒരു ശക്തനായ ക്യാപ്റ്റനാണ്. നമുക്കെല്ലാവര്‍ക്കും ഉള്ളില്‍ ഒരു തീയുണ്ട്, ചിലപ്പോള്‍ അത് മങ്ങുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ പുറത്ത് പോകണം.
ഞാന്‍ കാണുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല, പക്ഷേ മുന്‍ വര്‍ഷങ്ങളില്‍ ഞാന്‍ ധോണിയില്‍ കണ്ടതുപോലെ ഒരു സ്പാര്‍ക്ക് ഇപ്പോള്‍ ഇല്ല എന്നതാണ് എന്റെ നിരീക്ഷണം,’ ടോം മൂഡി പറഞ്ഞു.
പുതിയ സീസണില്‍ ധോണിക്ക് 12 മത്സരങ്ങളില്‍ നിന്ന് 180 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 25.71 ആവറേജും 140.62 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന് ഈ സീസണിലുള്ളത്. ഒരു അര്‍ധ സെഞ്ച്വറി പോലും പതിനെട്ടാം സീസണില്‍ ധോണിക്ക് നേടാനായിട്ടില്ല.
അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ ഇന്ന് പുനരാരംഭിക്കും. രണ്ടാം ഭാഗത്തിന്റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും.
Content Highlight: IPL 2025: Tom Moody talks about Chennai Super Kings’ skipper MS Dhoni