| Monday, 14th April 2025, 7:08 pm

ഞാന്‍ അതിനെ പോസിറ്റീവ് ആയിട്ടാണ് എടുത്തത്, നെഗറ്റീവ് ആയിട്ടല്ല; തുറന്ന് പറഞ്ഞ് തിലക് വര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഇതോടെ സീസണിലെ രണ്ടാം ജയം നേടാനും ക്യാപിറ്റല്‍സിന്റെ അപരാജിത കുതിപ്പിന് വിരമിടാനും ഹര്‍ദികിന്റെ സംഘത്തിന് സാധിച്ചു.

മുംബൈ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 193ന് പുറത്തായി. 19ാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ പിറന്ന മൂന്ന് റണ്‍ ഔട്ടുകളാണ് മുംബൈ ഇന്ത്യന്‍സിന് രണ്ടാം വിജയം സമ്മാനിച്ചത്. ഒപ്പം ഇംപാക്ട് പ്ലെയറായെത്തിയ കരണ്‍ ശര്‍മയുടെ സ്‌പെല്ലും വിജയത്തില്‍ നിര്‍ണായകമായി.

ബാറ്റിങ്ങില്‍ മുംബൈയെ സഹായിച്ചത് തിലക് വര്‍മയുടെ മിന്നും പ്രകടനമാണ്. നാലാമനായി ഇറങ്ങി 33 പന്തില്‍ നിന്ന് 59 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

എന്നാല്‍ ഏപ്രില്‍ നാലിന് ലഖ്‌നൗവിനോടുള്ള മത്സരത്തില്‍ 23 പന്തില്‍ 25 റണ്‍സ് നേടിയ താരത്തെ റിട്ടയേഡ് ഔട്ട് ചെയ്ത് തിരിച്ചുവിളിക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായിരുന്നു, ദല്‍ഹിക്കെതിരെയുള്ള വിജയത്തിന് ശേഷം തന്റെ റിട്ടയേഡ് ഔട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് തിലക്. ടീം അവശ്യപ്പെടുന്നത് പോസറ്റീവായിട്ടാണ് ചിന്തിക്കാറുള്ളതെന്ന് താരം പറഞ്ഞു. എവിടെ ബാറ്റ് ചെയ്താലും സന്തോഷമാണെന്നും മികച്ച പ്രകടനം ടീമിന് നല്‍കണം എന്നാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.

‘ഒന്നുമില്ല, ടീമിന്റെ ആവശ്യത്തിനായി അവര്‍ തീരുമാനമെടുത്തു. ഞാന്‍ അതിനെ പോസിറ്റീവ് ആയിട്ടാണ് എടുത്തത്, നെഗറ്റീവ് ആയിട്ടല്ല. എന്നാല്‍ പ്രധാന കാര്യം നിങ്ങള്‍ അതിനെ എങ്ങനെ എടുക്കുന്നു എന്നതാണ്. ഞാന്‍ അങ്ങനെയാണ് ചിന്തിച്ചത്.

എവിടെ ബാറ്റ് ചെയ്താലും എനിക്ക് സന്തോഷമാണെന്നാണ് പരിശീലകരോടും സ്റ്റാഫിനോടും ഞാന്‍ പറഞ്ഞത് എന്റെ പരമാവധി ഞാന്‍ നല്‍കും,’ ഏപ്രില്‍ 13ന് (ഞായറാഴ്ച) ദല്‍ഹിക്കെതിരായ മുംബൈയുടെ വിജയത്തിന് ശേഷം തിലക് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

Content Highlight: IPL 2025: Tilak Varma Talking About His Retired Out Against LSG

We use cookies to give you the best possible experience. Learn more