| Friday, 9th May 2025, 10:58 pm

വല്ലാത്ത നിര്‍ഭാഗ്യം! ആദ്യ പത്ത് മത്സരങ്ങളില്‍ കളിപ്പിച്ചില്ല, പിന്നീട് കളിച്ചപ്പോള്‍ പന്തെറിഞ്ഞില്ല, പന്തെറിഞ്ഞ് തകര്‍ത്തപ്പോള്‍ മത്സരം ഉപേക്ഷിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്സ് മത്സരം ഉപേക്ഷിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ – പാക് സംഘര്‍ഷങ്ങള്‍ ശക്തമായതോടെ മത്സരം നിര്‍ത്തിവെക്കുകയും സ്റ്റേഡിയത്തിലെ കാണികളെ പൂര്‍ണമായും ഒഴിപ്പിക്കുകയുമായിരുന്നു.

ഈ മത്സരം ഉപേക്ഷിച്ചതോടെ ഈ സീസണില്‍ ആദ്യ വിജയമെന്ന ദല്‍ഹി സൂപ്പര്‍ താരം ടി. നടരാജന്റെ സ്വപ്‌നം കൂടിയാണ് ഇല്ലാതായത്. സീസണില്‍ താരം പന്തെറിഞ്ഞ ആദ്യ മത്സരമായിരുന്നു.

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് മുന്‍ സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരമായ ടി. നടരാജനെ ദല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെത്തിച്ചത്. എന്നാല്‍ മികച്ച ടാലന്റുള്ള, ഇത്രത്തോളം ഉയര്‍ന്ന തുക നല്‍കി ടീമിലെത്തിച്ച നടരാജന് ബെഞ്ചിലാണ് ടീം സ്ഥാനം നല്‍കിയത്.

ഓരോ മത്സരം കഴിയുമ്പോഴും അടുത്ത മത്സരത്തില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ടീമിലെ പല ബൗളര്‍മാരും മോശം പ്രകടനം നടത്തുമ്പോഴും ടീമില്‍ ഇടം നേടാനാകാതെ നടരാജന്‍ ബെഞ്ചില്‍ തന്നെ ഇരുന്നു.

നടരാജനെ പോലെ ഒരു താരത്തെ തുടര്‍ച്ചയായി കളത്തിലിറക്കാത്ത ദല്‍ഹിയുടെ തീരുമാനത്തെ മുന്‍ താരങ്ങളടക്കം ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

ഒടുവില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ 11ാം മത്സരത്തില്‍ നടരാജന്‍ ടീമിനൊപ്പം കളത്തിലിറങ്ങി. തന്റെ ബൗളിങ്ങിന്റെ കരുത്തെന്തെന്ന് എതിരാളികള്‍ക്കും സ്വന്തം ടീമിനും കാണിച്ചുകൊടുക്കാനുള്ള അവസരം കൂടിയായിരുന്നു നടരാജനത്. എന്നാല്‍ മോശം കാലാവസ്ഥ നട്ടുവിനെ ചതിച്ചു.

ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടി. ടീമിനായി ബാറ്റിങ്ങിറങ്ങാനും നടരാജനായില്ല.

ദല്‍ഹി ഇന്നിങ്‌സിന് പിന്നാലെ മഴയെത്തിയതോടെ മത്സരം ഫലമില്ലാതെ അവസാനിച്ചു. പത്ത് മത്സരങ്ങള്‍ക്ക് ശേഷം പ്ലെയിങ് ഇലവനില്‍ ഇടം നേടിയ ആദ്യ മത്സരത്തില്‍ ഒന്നും തെളിയിക്കാനാകാതെ നടരാജന്‍ തിരിച്ചുനടന്നു.

പഞ്ചാബിനെതിരായ ക്യാപ്പിറ്റല്‍സിന്റെ 12ാം മത്സരത്തില്‍ താരം ടീമിന്റെ ഭാഗമായി. മികച്ച തുടക്കമാണ് നടരാജന് ലഭിച്ചത്. റെഡ് ഹോട്ട് ഫോമില്‍ ക്രീസില്‍ നിലയുറപ്പിച്ച പ്രഭ്‌സിമ്രാന്‍ – പ്രിയാന്‍ഷ് ആര്യ ജോഡി മിച്ചല്‍ സ്റ്റാര്‍ക്കും കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും അടക്കമുള്ള താരങ്ങളോട് ഒരു ദയവും കാണിക്കാതെ റണ്ണടിച്ചപ്പോള്‍ നടരാജന്റെ ആദ്യ ഓവറില്‍ പഞ്ചാബിന് നേടാനായത് നാല് റണ്‍സ് മാത്രമാണ്.

തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി നടരാജന്‍ ക്യാപ്പിറ്റല്‍സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. പഞ്ചാബ് സ്‌കോര്‍ 120ല്‍ നില്‍ക്കവെയാണ് നടരാജന്‍ നിര്‍ണായകമായ വിക്കറ്റ് നേടിയത്.

എന്നാല്‍ ഈ ഡെലിവെറിക്ക് പിന്നാലെ ഒറ്റ പന്ത് പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു. പന്തെറിയാന്‍ അവസരം ലഭിച്ച ആദ്യ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും പുഞ്ചിരിക്കാനാകാതെ നടരാജന് ആ മത്സരത്തോടും വിടപറയേണ്ടി വന്നു.

സാഹചര്യം അനുകൂലമായാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഐ.പി.എല്‍ വീണ്ടും ആരംഭിക്കും. ലീഗ് ഘട്ടത്തില്‍ ഇനി രണ്ട് മത്സരങ്ങള്‍ ദല്‍ഹിക്ക് ബാക്കിയുണ്ട്. ഈ രണ്ട് മത്സരത്തിലും നടരാജന് തിളങ്ങാന്‍ സാധിക്കണമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് ആരാധകര്‍.

Content Highlight: IPL 2025: T Natarajan’s misfortune continues

We use cookies to give you the best possible experience. Learn more