ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം.
ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം 18.3 ഓവറില്‍ ആര്‍.സി.ബി മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും ടിം ഡേവിഡിന്റെ ഫിനിഷിങ്ങുമാണ് ചെയ്‌സിങ്ങില്‍ ടീമിന് തുണയായത്.
ക്രുണാല്‍ പാണ്ഡ്യ 47 പന്തില്‍ പുറത്താകാതെ 73 റണ്‍സും ടിം ഡേവിഡ് അഞ്ച് പന്തില്‍ പുറത്താകാതെ 19 റണ്‍സും അടിച്ചെടുത്തു. 47 പന്തില്‍ 51 റണ്‍സ് നേടിയാണ് വിരാട് കോഹ്‌ലി മടങ്ങിയത്. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ടിം ഡേവിഡ് ആര്‍.സി.ബിയെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഇപ്പോള്‍ വിരാട് കോഹ്‌ലിയേയും ക്രുണാല്‍ പാണ്ഡ്യയെയും പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. വിരാട് കോഹ്‌ലിയെപ്പോലെ മറ്റാരുമുണ്ടാകില്ലെന്നും താരം ചെയ്‌സ് മാസ്റ്ററാണെന്നും റെയ്‌ന പറഞ്ഞു. ക്രുണാല്‍ വിരാടിനെ മറുവശത്ത് തുടരാന്‍ അനുവദിച്ചെന്നും ബൗളര്‍മാരെ ആക്രമിച്ച് സമ്മര്‍ദത്തിലാക്കിയെന്നും റെയ്‌ന പറഞ്ഞു.
‘വിരാട് കോഹ്‌ലിയെപ്പോലെ മറ്റാരുമില്ല. അദ്ദേഹം ഏറ്റവും മികച്ച ചേസ് മാസ്റ്ററാണ്. ക്രുണാല്‍ പാണ്ഡ്യ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസിന് തുല്യനായിരുന്നു, റണ്‍സ് എടുക്കുന്നതിലും അവര്‍ മികവ് പുലര്‍ത്തി.
ക്രുണാലിന്റെ ഉദ്ദേശം വ്യക്തമായിരുന്നു, വിരാടിനെ മറുവശത്ത് തുടരാന്‍ അവന്‍ അനുവദിച്ചു. അദ്ദേഹം ബൗളര്‍മാരെ ആക്രമിച്ച് അവരെ സമ്മര്‍ദത്തിലാക്കി. വിക്കറ്റിന്റെ വേഗതയുമായി പൊരുത്തപ്പെടാന്‍ അദ്ദേഹം സമയമെടുത്തു. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും ആര്‍.സി.ബി ശക്തമായി കാണപ്പെടുന്നു,’ സുരേഷ് റെയ്ന പറഞ്ഞു.
ബൗളിങ്ങില്‍ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഭുവനേശ്വര്‍ കുമാറായിരുന്നു. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 8.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ യാഷ് ദയാല്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികവ് പുലര്‍ത്തി.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്ക് വേണ്ടി കെ.എല്‍. രാഹുല്‍ 39 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 18 പന്തില്‍ 34 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി മറ്റാര്‍ക്കും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പത്ത് മത്സരത്തില്‍ ഏഴ് ജയവുമായി 14 പോയിന്റോടെയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
Content Highlight: IPL 2025: Suresj Raina Talking About Virat Kohli And Krunal Pandya