ഐ.പി.എല്‍ 2025ലെ പ്ലേ ഓഫിലേക്ക് ഓടിയടുക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കളിച്ച 11 മത്സരത്തില്‍ എട്ടിലും വിജയിച്ച് 16 പോയിന്റോടെ ടീം പട്ടികയില്‍ ഒന്നാമതാണ്.
കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ നടന്ന ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍ മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമാണെങ്കിലും ഒരിക്കല്‍പ്പോലും കിരീടം നേടാനാകാതെ പോയ മൂന്ന് ടീമുകളിലൊന്നാണ് ആര്‍.സി.ബി. ഓരോ സീസണിലും വിജയിക്കാന്‍ മാത്രം സാധിക്കാതെ ആവോളം എന്റര്‍ടെയ്ന്‍മെന്റ് നല്‍കിയാണ് പ്ലേ ബോള്‍ഡ് ആര്‍മി ഐ.പി.എല്ലിനോട് വിട പറയാറുള്ളത്.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിയാനുള്ള സാധ്യകളും ഏറെയാണ്. വിജയങ്ങള്‍ക്ക് പിന്നാലെ വിജയങ്ങളുമായി, സ്ഥിരമായി പരാജയപ്പെടുന്ന വേദികളിലടക്കം വിജയം സ്വന്തമാക്കിയാണ് ആര്‍.സി.ബി വീണ്ടും ഐ.പി.എല്‍ കിരീടം സ്വപ്‌നം കാണുന്നത്.
ഈ സീസണില്‍ വിരാട് കോഹ്‌ലി ഐ.പി.എല്‍ കിരീടമുയര്‍ത്തുന്നത് കാണാന്‍ ഏറെ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കുകയാണ് മുന്‍ സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡുമായ സുരേഷ് റെയ്‌ന.
‘റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണ കിരീടം സ്വന്തമാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിരാട് കോഹ്‌ലി കിരീടമുയര്‍ത്തുകയാണെങ്കില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും. അവനാണ് ഈ ടീം കെട്ടിപ്പടുത്തത്,’ സുരേഷ് റെയ്‌ന പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സതേണ്‍ ഡെര്‍ബിയില്‍ റെയ്‌നയുടെ മുന്‍ ടീമായ സൂപ്പര്‍ കിങ്‌സിനെ ബെംഗളൂരു പരാജയപ്പെടുത്തിയിരുന്നു. രണ്ട് റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം. ആര്‍.സി.ബി ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൂപ്പര്‍ കിങ്‌സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് മാത്രമാണ് ടീമിന് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി. വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിയെ 200 കടത്തിയത്. ആറ് സിക്‌സറും നാല് ഫോറും അടക്കം 378.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് യുവതാരം ആയുഷ് മാഹ്‌ത്രെയുടെയും (48 പന്തില്‍ 94) രവീന്ദ്ര ജഡജേയുടെയും (45 പന്തില്‍ പുറത്താകാതെ 78) അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ പൊരുതിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ സൂപ്പര്‍ കിങ്‌സില്‍ നിന്നും അര്‍ഹിച്ച വിജയം തട്ടിയകറ്റി.
Content Highlight: IPL 2025: Suresh Raina says, he will be the happiest person if Virat Kohli lifts the IPL trophy this season