| Saturday, 31st May 2025, 4:08 pm

പഞ്ചാബിനെതിരെ ആരായിരുന്നു ക്യാപ്റ്റനെന്ന് പോലും പറയാന്‍ സാധിക്കില്ല, ഐ.പി.എല്ലില്‍ പുതിയ ചാമ്പ്യന്‍മാരുണ്ടാകും; വിരാടിനെ പ്രശംസിച്ച് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

20016ന് ശേഷം മറ്റൊരു ഐ.പി.എല്‍ ഫൈനലിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കച്ച മുറുക്കുന്നത്. എന്നാല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ എന്ത് വിലകൊടുത്തും സ്വന്തമാക്കാനും ഐ.പി.എല്‍ കിരീടത്തിനായുള്ള വിരാടിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാനുമാണ് ടീം ഒരുങ്ങുന്നത്.

ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെതിരെ ചരിത്ര വിജയം സ്വന്തമാക്കിയാണ് ആര്‍.സി.ബി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയത്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ ടീമിനെ 101 റണ്‍സിന് എറിഞ്ഞിടുകയും 60 പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടന്നുമാണ് റോയല്‍ ചലഞ്ചേഴ്‌സ് റോയലായി ഫൈനലിലെത്തിയത്.

മത്സരത്തെ കുറിച്ചും താരങ്ങളുടെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡുമായ സുരേഷ് റെയ്‌ന. ഐ.പി.എല്‍ 2025ല്‍ പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുമെന്നാണ് താന്‍ കരുതുന്നത് എന്നായിരുന്നു റെയ്‌ന പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് ടോപ്പ് 2ല്‍ ഫിനിഷ് ചെയ്യുന്നതിന്റെ ഫലമാണ്. വിരാട് കോഹ്‌ലിക്ക് ഇത് 18ാം വര്‍ഷമാണ്. ഭുവിയുടെ ഓവറിന് ശേഷം ചെറുതായി ഫുള്ളര്‍ ഡെലിവെറികളെറിയാന്‍ വിരാട് ബൗളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഒരു ക്യാപ്റ്റന്‍ എന്ന നിരയില്‍ രജത് പാടിദാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഐ.പി.എല്ലില്‍ ഒരു പുതിയ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ റെയ്‌ന പറഞ്ഞു.

മത്സരത്തില്‍ വിരാടിന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയെ കുറിച്ചും ക്യാപ്റ്റന്‍സിയില്ലാതിരുന്നിട്ടുകൂടി താരം ബൗളര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയെന്നും റെയ്‌ന എടുത്തുപറഞ്ഞു.

’18 വര്‍ഷമായി അവന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ഇത് വിരാടിന്റെ 18ാം ഐ.പി.എല്‍ സീസണാണ്. ഐ.പി.എല്‍ ട്രോഫി ചിന്നസ്വാമിയിലെത്താന്‍ ആരാധകര്‍ അത്രത്തോളം കാത്തിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ആരായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റന്‍ എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല,’ റെയ്‌ന കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആദ്യ ക്വാളിഫയറില്‍ ആര്‍.സി.ബിയോട് പരാജയപ്പെട്ടെങ്കിലും പഞ്ചാബ് കിങ്‌സ് ടൂര്‍ണമെന്റിന് പുറത്തായിട്ടില്ല. കിരീടപ്പോരാട്ടത്തിനായി രണ്ടാം ക്വാളിഫയറില്‍ മറ്റൊരു അവസരം കൂടി ശ്രേയസ് അയ്യരിനും സംഘത്തിനുമുണ്ട്.

എലിമിനേറ്റര്‍ വിജയിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിനെ പഞ്ചാബ് കിങ്‌സ് രണ്ടാം ക്വാളിഫയറില്‍ നേരിടും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഫൈനല്‍ കളിക്കാനും വഴിയൊരുങ്ങും.

ജൂണ്‍ ഒന്നിനാണ് രണ്ടാം ക്വാളിഫയര്‍. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: Suresh Raina praises Virat Kohli

We use cookies to give you the best possible experience. Learn more