| Friday, 23rd May 2025, 11:51 pm

ബെംഗളൂരുവിനെ ചുരുട്ടിക്കെട്ടി ഹൈദരാബാദ്; സ്വന്തമാക്കിയത് തകര്‍പ്പന്‍ വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ബെംഗളൂരുവിനെ പരാജയപ്പെടുത്തി സണ്‍റൈസസ് ഹൈദരാബാദ്. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് ആയിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ 189 റണ്‍സിന് ബെംഗളൂരു ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലാണ് ടീം 231 എന്ന ഉയര്‍ന്ന റണ്‍സില്‍ എത്തിയത്. ബെംഗളൂരുവിനെതിരെ ഹൈദരാബാദ് സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്.

മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഫില്‍ സാള്‍ട്ട് ആയിരുന്നു. 32 പന്തില്‍ 62 റണ്‍സാണ് താരം നേടിയത്. 25 പന്തില്‍ 43 റണ്‍സ് നേടിയാണ് വിരാട് മടങ്ങിയത്. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ 15 പന്തില്‍ 24 റണ്‍സും നേടിയിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തില്‍ തകര്‍ന്നടിയുകയായിരുന്നു ബെംഗളൂരു.

ബൗളിങ്ങില്‍ ഉദയസൂര്യന്മാര്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആയിരുന്നു. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഈഷന്‍ മലിംഗ, ജയദേവ് ഉനത്കട്ട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഹൈദരാബാദിന്റെ ബാറ്റിങ്ങില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ലുംഗി എങ്കിടി സാള്‍ട്ടിന്റെ കയ്യിലെത്തിച്ചാണ് ബെംഗളൂരുവിന് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്. 17 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 34 റണ്‍സിനാണ് താരം പുറത്തായത്. അധികം വൈകാതെ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ട്രാവിസ് ഹെഡ്ഡിനെയും പറഞ്ഞയച്ചു. 10 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 17 റണ്‍സാണ് താരം നേടിയത്. ഹെഡ്ഡിനെ റൊമാരിയോ ഷെപ്പേര്‍ഡിന്റെ കയ്യിലെത്തിച്ചാണ് ഭുവി വിക്കറ്റ് നേടിയത്.

ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ (24), അനികേത് വര്‍മ (26) എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അതേസമയം ഭുവിക്ക് പുറമെ റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ലുംഗി എങ്കിടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Content Highlight: IPL 2025: Sunrisers Won Against RCB

We use cookies to give you the best possible experience. Learn more