| Monday, 19th May 2025, 10:28 am

ആരും റിക്കി പോണ്ടിങ്ങിന് എല്ലാ ക്രെഡിറ്റും നല്‍കുന്നില്ല: സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്സ് വിജയം നേടിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. ഇതോടെ 12 മത്സരത്തില്‍ നിന്ന് എട്ട് വിജയവുമായി 17 പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ് പഞ്ചാബ്.

പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നേഹല്‍ വധേര, ശശാങ്ക് സിങ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ഹര്‍പ്രീത് ബ്രാറിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചടക്കിയത്.

ഇപ്പോള്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ സീസണിലെ ഐ.പി.എല്‍ വിജയത്തിനുള്ള അംഗീകാരം അയ്യര്‍ക്ക് ലഭിച്ചില്ലെന്നും എല്ലാ ക്രെഡിറ്റും ഡഗൗട്ടില്‍ ഇരിക്കുന്ന ഒരാള്‍ക്കാണ് ലഭിച്ചതെന്നും എന്നാല്‍ മൈതാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ക്യാപ്റ്റനാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മാത്രമല്ല നിലവില്‍ അയ്യര്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നു. ആരും റിക്കി പോണ്ടിങ്ങിന് എല്ലാ ക്രെഡിറ്റും നല്‍കുന്നില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

‘കഴിഞ്ഞ സീസണിലെ ഐ.പി.എല്‍ വിജയത്തിനുള്ള അംഗീകാരം അവന് ലഭിച്ചില്ല. എല്ലാ പ്രശംസയും മറ്റൊരാള്‍ക്കാണ് ലഭിച്ചത്. ഡഗൗട്ടില്‍ ഇരിക്കുന്ന ഒരാളല്ല, മറിച്ച് മൈതാനത്ത് എന്ത് സംഭവിക്കുമ്പോഴും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ക്യാപ്റ്റനാണ്. എന്നിരുന്നാലും, ഈ വര്‍ഷം അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നു. ആരും റിക്കി പോണ്ടിങ്ങിന് എല്ലാ ക്രെഡിറ്റും നല്‍കുന്നില്ല,’ ഗാവസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്സില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം 14 ഇന്നിങ്‌സില്‍ നിന്ന് 351 റണ്‍സ് നേടിയാണ് അയ്യര്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ഗൗതം ഗംഭീര്‍ ടീമിന്റെ മെന്ററായി എത്തിയതോടെയാണ് ടീം കിരീടത്തിലേക്ക് എത്തിയതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

ശേഷം 2025 സീസണിനോട് അനുബന്ധിച്ച് അയ്യരെ കൊല്‍ക്കത്ത മെഗാ ലേലത്തിന് വിട്ടയച്ചിരുന്നു. ഇതോടെ പഞ്ചാബ് താരത്തെ 26.75 കോടിക്ക് സ്വന്തമാക്കുകയായിരുന്നു.
നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 435 റണ്‍സാണ് അയ്യര്‍ നേടിയത്. 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 48.33 ആവറേജിലും 174.70 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം.

Content Highlight: IPL 2025: Sunil Gavaskar Talking About Shreyas Iyer

We use cookies to give you the best possible experience. Learn more