| Saturday, 24th May 2025, 12:27 pm

കളിയോടുള്ള അവന്റെ സമീപനം വേറിട്ട് നിന്നു; ഹൈദരാബാദ് താരത്തെ പ്രശംസിച്ച് ടോം മൂഡി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് തോല്‍പ്പിച്ചിരുന്നു. ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് നേടിയെടുത്തത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഓറഞ്ച് ആര്‍മി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് അടിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിനെ ഒരു പന്ത് ബാക്കി നില്‍ക്കെ ഓള്‍ ഔട്ടാക്കുകയായിരുന്നു.

ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്തിച്ചത്. മത്സരത്തില്‍ താരം 48 പന്തില്‍ 94 റണ്‍സ് നേടിയാണ് മിന്നിച്ചത്. അഞ്ച് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്. 195.83 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബെംഗളൂരു ബൗളര്‍മാരെ അടിച്ചത്.

ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി. ബെംഗളൂരുവിനെതിരായ മത്സരത്തിന് മുമ്പ് ഇഷാന്‍ കിഷന്‍ വളരെയധികം സമ്മര്‍ദം അനുഭവിച്ചിട്ടുണ്ടാകുമെന്നും മത്സരത്തിലെ പ്രകടനത്തോടെ താരം താന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ബെംഗളൂരുവിനെതിരായ മത്സരത്തിന് മുമ്പ് ഇഷാന്‍ കിഷന്‍ വളരെയധികം സമ്മര്‍ദം അനുഭവിച്ചിട്ടുണ്ടാകും.
വളരെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും മോശം സീസണായിരുന്നതിനാല്‍ അദ്ദേഹത്തിന് അങ്ങനെ തോന്നിയിട്ടുണ്ടാവും.

ടീമിനുള്ളില്‍ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരിക്കാം എന്ന നിങ്ങള്‍ക്ക് ഉറപ്പിക്കാം. എന്നാല്‍, ഈ പ്രകടനത്തോടെ ഇഷാന്‍ താന്‍ ഇവിടെ തന്നെ ഉണ്ടാകുമെന്ന് തെളിയിച്ചു. കളിയോടുള്ള അദ്ദേഹത്തിന്റെ ശാന്തതയും ധീരമായ സമീപനവും വേറിട്ടു നിന്നു,’ മൂഡി പറഞ്ഞു.

മെഗാ താരലേലത്തിലൂടെ 11.25 കോടിക്കാണ് ഇഷാന്‍ കിഷനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ച്വറി നേടിയാണ് താരം പതിനെട്ടാം സീസണില്‍ തന്റെ വരവറിയിച്ചത്. പക്ഷേ, പിന്നീടുള്ള മത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താതെ കിഷന്‍ നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലാണ് ജാര്‍ഖണ്ഡ് നായകന്‍ ഫോമിലേക്ക് തിരിച്ചെത്തിയത്.

Content Highlight: IPL 2025: SRH vs RCB: Tom Moody talks about Ishan Kishan

We use cookies to give you the best possible experience. Learn more