ഐ.പി.എല്ലില്‍ 2025ലെ 61ാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയിരുന്നു. ലഖ്നൗവിന്റെ തട്ടകമായ എകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ 18.2 ഓവറില്‍ 206 റണ്‍സ് എടുത്ത് ഉദയസൂര്യന്‍മാര്‍ വിജയം നേടുകയായിരുന്നു.
അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഹൈദരാബാദ് സീസണിലെ നാലാം വിജയം സ്വന്തമാക്കിയത്. ഹെന്റിക് ക്ലാസന്റെയും ഇഷാന്‍ കിഷന്റെയും കാമിന്ദു മെന്‍ഡിസിന്റെയും ഇന്നിങ്സുകളും വിജയത്തില്‍ നിര്‍ണായകമായിരുന്നു.
ഈ വിജയത്തോടെ ഒരു തകര്‍പ്പന്‍ നേട്ടം പാറ്റ് കമ്മിന്‍സിനും സംഘത്തിനും സ്വന്തമാക്കാനായി. ലഖ്നൗവില്‍ 200+ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ആദ്യ ടീമാവാനാണ് സണ്‍റൈസേഴ്‌സിന് സാധിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് 197 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതുവരെ ഈ ഗ്രൗണ്ടിലെ ഏറ്റവും വലിയ ചെയ്സിങ്.
(സ്‌കോര്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
206 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2025
197 – രാജസ്ഥാന്‍ റോയല്‍സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2024
181 – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് – 2025
177 – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്സ് – 2024
172 – പഞ്ചാബ് കിങ്സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2025
മത്സരത്തില്‍ അഭിഷേക് ശര്‍മ 20 പന്തില്‍ 59 റണ്‍സെടുത്തപ്പോള്‍ ഹെന്റിക് ക്ലാസന്‍ 28 പന്തില്‍ 47 റണ്‍സും നേടി. ഇഷാന്‍ കിഷന്‍ (20 പന്തില്‍ 35), കാമിന്ദു മെന്‍ഡിസ് (21 പന്തില്‍ 32) എന്നിവരും തിളങ്ങി.
സൂപ്പര്‍ ജയന്റ്സിനായി ദിഗ്വേഷ് രാഥി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷര്‍ദുല്‍ താക്കൂര്‍, വില്‍ ഒ റൂര്‍ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗവിനായി മിച്ചല്‍ മാര്‍ഷ് 39 പന്തില്‍ 65 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം 38 പന്തില്‍ 61 റണ്‍സ് നേടി. 26 പന്തില്‍ 45 റണ്‍സെടുത്ത് നിക്കോളസ് പൂരനും ലഖ്നൗ സ്‌കോര്‍ ബോര്‍ഡിലേക്ക് തന്റെ പങ്ക് ചേര്‍ത്തുവെച്ചു.
ഹൈദരാബാദിനായി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ ഹര്‍ഷ് ദുബെയും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: IPL 2025: SRH vs LSG: Sunrisers Hyderabad become first team to chase 200+ score in Lucknow