ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ പാറ്റ് കമ്മിന്‍സും സംഘവും വിജയിച്ചുകയറിയിരുന്നു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാനയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷിന്റെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും കരുത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് മികച്ച സ്‌കോറിലെത്തിയത്. മാര്‍ഷ് 39 പന്തില്‍ 65 റണ്‍സും മര്‍ക്രം 38 പന്തില്‍ 61 റണ്‍സും നേടി. 26 പന്തില്‍ 45 റണ്‍സ് നേടിയ നിക്കോളാസ് പൂരന്റെ ഇന്നിങ്‌സും ടീമിന് കരുത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനായി അഭിഷേക് ശര്‍മ തുടക്കത്തിലേ തകര്‍ത്തടിച്ചു. 18 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് അഭിഷേക് തിളങ്ങിയത്.
20 പന്തില്‍ 59 റണ്‍സുമായാണ് ഇന്ത്യയുടെ ഭാവി താരം കളം വിട്ടത്. ആറ് സിക്‌സറും നാല് ഫോറും അടക്കം 295.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഹെന്‌റിക് ക്ലാസന്‍ തന്റെ ബ്രൂട്ടല്‍ ഹിറ്റിങ് കപ്പാസിറ്റി ഒരിക്കല്‍ക്കൂടി വെളിവാക്കിയപ്പോള്‍ താന്‍ ആംബിഡെക്‌സ്ട്രസ് സ്പിന്നര്‍ മാത്രമല്ല മോശമല്ലാത്ത ഒരു ബാറ്ററാണെന്ന് കാമിന്ദു മെന്‍ഡിസും തെളിയിച്ചു. ക്ലാസന്‍ 28 പന്തില്‍ 47 റണ്‍സുമായി നില്‍ക്കവെ ഷര്‍ദുല്‍ താക്കൂറിന് വിക്കറ്റ് നല്‍കിയപ്പോള്‍ 21 പന്തില്‍ 32 റണ്‍സുമായി നില്‍ക്കവെ റിട്ടയര്‍ഡ് ഹര്‍ട്ടായാണ് മെന്‍ഡിസ് പുറത്തായത്.
ഒടുവില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പത്ത് പന്ത് ബാക്കി നില്‍ക്കവെ സണ്‍റൈസേഴ്‌സ് വിജയലക്ഷ്യം മറികടന്നു. ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐ.പി.എല്ലില്‍ നിന്നും പുറത്താവുകയും ചെയ്തു.
സൂപ്പര്‍ ജയന്റ്‌സിനെതിരെ പുറത്തെടുത്ത വെടിക്കെട്ടിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും അഭിഷേകിനെ തന്നെയായിരുന്നു.
ഈ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും അഭിഷേകിനെ തേടിയെത്തി. 200+ റണ്‍സ് പിന്തുടരുന്നതിനിടെയില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്.
സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവരെയടക്കം മറികടന്നുകൊണ്ടാണ് അഭിഷേക് ഈ ചരിത്ര നേട്ടത്തില്‍ ഒന്നാമതെത്തിയത്.
(താരം – പി.ഒ.ടി.എം എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – 3*
ജോസ് ബട്‌ലര്‍ – 2
സഞ്ജു സാംസണ്‍ – 2
യൂസുഫ് പത്താന്‍ – 2
അതേസമയം, ലഖ്‌നൗവിനെതിരെ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ് എസ്.ആര്‍.എച്ച്. 12 മത്സരത്തില്‍ നിന്നും നാല് ജയവും ഏഴ് തോല്‍വിയുമായി ഒമ്പത് പോയിന്റാണ് ടീമിനുള്ളത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് സണ്‍റൈഴ്‌സിന് ഇനി മത്സരമുള്ളത്. റോയല്‍ ചലഞ്ചേഴ്‌സിനെ ചിന്നസ്വാമിയിലും കൊല്‍ക്കത്തയെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലുമാണ് സണ്‍റൈസേഴ്‌സ് നേരിടുക.
Content Highlight: IPL 2025: SRH vs LSG: Abhishek Sharma tops the list of most player of the match awards in 200+ IPL Chases