| Monday, 26th May 2025, 10:06 am

ഗെയ്‌ലടക്കമുള്ള വെടിക്കെട്ട് വീരന്മാരെ വെട്ടി സൂപ്പര്‍ നേട്ടത്തില്‍ ക്ലാസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് കമ്മിന്‍സും സംഘവും നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടം എട്ട് പന്ത് ബാക്കി നില്‍ക്കെ 168ല്‍ അവസാനിക്കുകയായിരുന്നു.

ഹൈദരാബാദിനായി മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞ് കളിച്ചത് ഹെന്റിക് ക്ലാസനാണ്. 39 പന്തില്‍ പുറത്താവാതെ 105 റണ്‍സ് എടുത്താണ് താരം ടീം സ്‌കോര്‍ 250 കടത്തിയത്. ഒമ്പത് സിക്സും ഏഴ് ഫോറും അതിര്‍ത്തി കടത്തിയാണ് സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്.

ക്ലാസന്‍ 269.23 എന്ന അത്യുഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് കൊല്‍ക്കത്തന്‍ ബൗളര്‍മാരെ പൊതിരെ തല്ലിയൊതുക്കിയത്. ഇതിന് പിന്നാലെ ഒരു സൂപ്പര്‍ നേട്ടവും താരം നേടി. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ ബാറ്ററാകാനാണ് ക്ലാസന് കഴിഞ്ഞത്.

ഐ.പി.എല്‍ സെഞ്ച്വറിയില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരം

(താരം – സ്‌കോര്‍ – പന്തുകള്‍ – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

യൂസഫ് പത്താന്‍ – 100 – 37 – 270.27

ഹെന്റിക് ക്ലാസന്‍ – 105 * – 39 – 269.23

ഡേവിഡ് മില്ലര്‍ – 101 – 38 – 265.78

വൈഭവ് സൂര്യവംശി – 38 – 101 – 265.78

ക്രിസ് ഗെയ്ല്‍ – 175* – 66 – 265.15

അഭിഷേക് ശര്‍മ – 141- 55 – 265.36

ട്രാവിസ് ഹെഡ് – 102 – 41 – 248.78

ക്ലാസന് പുറമെ ഹൈദരാബാദ് നിരയില്‍ ട്രാവിസ് ഹെഡും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ഹെഡ് 40 പന്തില്‍ ആറ് സിക്സും ഫോറും വീതം 76 റണ്‍സാണ് നേടിയാണ് ടീമിന് കരുത്തായത്. കൂടാതെ അഭിഷേക് ശര്‍മ (16 പന്തില്‍ 32), ഇഷാന്‍ കിഷന്‍ (20 പന്തില്‍ 29) എന്നിവരും മികച്ച പ്രകടനം നടത്തി. ടീമിനായി ജയ്ദേവ് ഉനദ്കട്, ഇഷാന്‍ മലിംഗ, ഹര്‍ഷ് ദുബെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.

Content Highlight: IPL 2025: SRH vs KKR: Henrich Klassen became the second batter with highest strike rate in IPL Century

Latest Stories

We use cookies to give you the best possible experience. Learn more