| Friday, 4th April 2025, 5:02 pm

അവരുടെ ബാറ്റിങ്ങും ബൗളിങ്ങും മോശം, കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയും ദുര്‍ബലം; തുറന്ന് പറഞ്ഞ് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. 80 റണ്‍സിനാണ് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത വിജയിച്ചുകയറിയത്. ഇതോടെ ഹൈദരാബാദ് ഈ സീസണില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും വഴങ്ങി.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഉദയസൂര്യന്‍മാര്‍ 16.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബൗളിങ്ങും ബാറ്റിങ്ങുമാണ് ഹൈദരാബാദിനെ അടിമുടി തകര്‍ത്തത്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയുമാണ് ഓറഞ്ച് ആര്‍മിയെ തകര്‍ത്തത്.

ഹൈദരാബാദിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് കൊല്‍ക്കത്ത ബൗളിങ് തുടങ്ങിയത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

വെടിക്കെട്ടിന് പേര് കേട്ട ബാറ്റിങ്‌നിര മത്സരത്തില്‍ അമ്പേ പരാജയമായിരുന്നു. മധ്യനിരയില്‍ ഇറങ്ങിയ ഹെന്റിക് ക്ലാസന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ബൗളിങ്ങില്‍ കാമിന്ദു മെന്‍ഡിസ് മാത്രമാണ് എക്കോണമിക്കലായി പന്തെറിഞ്ഞത്.

ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഹൈദരാബാദിന്റെ ബൗളിങ്ങും ബാറ്റിങ്ങും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിന്ന് തിരിച്ച് വരാന്‍ ബുദ്ധിമുട്ടാണെന്നും കൈഫ് പറഞ്ഞു.

കൊല്‍ക്കത്തക്കെതിരെയുള്ള മത്സരത്തില്‍ എസ്.ആര്‍.എച്ചിന്റെ ചില തീരുമാനങ്ങളെയും താരം വിമര്‍ശിച്ചു. കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി ദുര്‍ബലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് കൈഫ്.

‘ഹൈദരാബാദിന്റെ ബാറ്റിങ് നന്നായി പ്രവര്‍ത്തിക്കുന്നില്ല. ബൗളിങിന്റെ കാര്യവും അങ്ങനെ തന്നെ. അവര്‍ വളരെ മോശമായി തോല്‍ക്കുകയാണ്. ഇവിടെ നിന്ന് തിരിച്ചുവരുന്നത് വളരെ ബുദ്ധിമുട്ടാണ്. കമ്മിന്‍സിന് മെച്ചപ്പെട്ട രീതിയില്‍ പന്തെറിയാനോ ഷമിക്ക് വിക്കറ്റുകള്‍ വീഴ്ത്താനോ കഴിയാത്തതിനാല്‍ അവര്‍ ചില പദ്ധതികളുമായി വരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

സണ്‍റൈസേഴ്‌സിന് നല്ല സ്പിന്നര്‍മാരില്ല. ആദം സാംപയെ ഈ മത്സരത്തില്‍ അവര്‍ കളിപ്പിച്ചില്ല. അവര്‍ സീഷനെ കളിപ്പിച്ചെങ്കിലും നാല് ഓവറുകള്‍ പന്തെറിയിപ്പിച്ചില്ല. മെന്‍ഡിസിന് ഒരു ഓവര്‍ മാത്രമേ നല്‍കിയുള്ളൂ. അദ്ദേഹം ഒരു വിക്കറ്റ് വീഴ്ത്തി, പക്ഷേ കൂടുതല്‍ ഓവറുകള്‍ നല്‍കിയില്ല. കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയും എനിക്ക് ദുര്‍ബലമായി തോന്നുന്നു,’ കൈഫ് പറഞ്ഞു.

ഏപ്രില്‍ ആറിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റന്‍സാണ് അവരുടെ അഞ്ചാം മത്സരത്തിലെ എതിരാളികള്‍. സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: SRH vs KKR: Former Indian Cricketer Muhammed Kaif Criticizes Sunrisers Hyderabad And Captaincy Of Pat Cummins

We use cookies to give you the best possible experience. Learn more