| Monday, 5th May 2025, 10:30 pm

സീസണിലെ ഒമ്പത് മത്സരത്തിലടക്കം കീപ്പറായിട്ടും ക്ലാസന് സാധിക്കാത്തത് ആദ്യ മത്സരത്തില്‍! തകര്‍പ്പന്‍ നേട്ടത്തില്‍ ഒന്നാമനായി ഇഷാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ 55ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 133ലൊതുക്കി സണ്‍റൈസേഴ്‌സ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മികച്ച ബൗളിങ് പ്രകടനമാണ് ക്യാപ്പിറ്റല്‍സിനെ ചെറിയ സ്‌കോറില്‍ തളച്ചിട്ടത്.

നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലൊതുങ്ങിയാണ് മൂവരും മടങ്ങിയത്.

ഇതിന് പുറമെ സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ പുറത്താകലിനും ഇഷാന്‍ കിഷന്‍ വഴിയൊരുക്കിയിരുന്നു. ജയ്‌ദേവ് ഉനദ്കട്ടിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച രാഹുലിന് പിഴയ്ക്കുകയും ഇഷാന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താവുകയുമായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇഷാന്‍ കിഷന്‍ സ്വന്തമാക്കി. ഒരു ഐ.പി.എല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനായി ഏറ്റവുമധികം ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. നാല് ക്യാച്ചുകളുമായി ഇക്കാലമത്രയും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച നമന്‍ ഓജയ്‌ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ഇഷാന്‍ കിഷന്‍.

ഒരു ഐ.പി.എല്‍ മാച്ചില്‍ ഏറ്റവുമധികം ക്യാച്ചെടുത്ത സണ്‍റൈസഴേസ് വിക്കറ്റ് കീപ്പര്‍

(താരം – എതിരാളികള്‍ – ക്യാച്ച് – വര്‍ഷം എന്നീ ക്രമത്തില്‍)

ഇഷാന്‍ കിഷന്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4 – 2025*

നമന്‍ ഓജ – മുംബൈ ഇന്ത്യന്‍സ് – 4 – 2016

നമന്‍ ഓജ – റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 3 – 2016

ജോണി ബെയര്‍സ്‌റ്റോ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 3 – 2019

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ മൂര്‍ച്ചയേറിയ ബുള്ളറ്റുകള്‍ക്ക് മുമ്പില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഒന്നൊന്നായി അടിയയറവ് പറഞ്ഞു.

ആദ്യ ഓവറിലെയും മൂന്നാം ഓവറിലെയും അഞ്ചാം ഓവറിലെയും ആദ്യ പന്തുകളില്‍ വിക്കറ്റ് നേടി കമ്മിന്‍സ് തിളങ്ങി. പവര്‍പ്ലേയില്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 12 റണ്‍സ് മാത്രം വഴങ്ങിയാണ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയത്. കരുണ്‍ നായര്‍ (ഗോള്‍ഡന്‍ ഡക്ക്), ഫാഫ് ഡു പ്ലെസി (എട്ട് പന്തില്‍ മൂന്ന്), അഭിഷേക് പോരല്‍ (പത്ത് പന്തില്‍ എട്ട്) എന്നിവരെയാണ് താരം മടക്കിയത്.

പവര്‍പ്ലേയില്‍ തന്നെ അക്‌സര്‍ പട്ടേലും പുറത്തായി. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ഏഴ് പന്തില്‍ ആറ് റണ്‍സ് മാത്രമാണ് ദല്‍ഹി നായകന് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

എട്ടാം ഓവറിലെ ആദ്യ പന്തില്‍ പത്ത് റണ്‍സ് നേടി രാഹുലും പുറത്തായി.

ആറാം വിക്കറ്റില്‍ വിപ്രജ് നിഗവും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ട് ഇവരുടെ തന്നെ അശ്രദ്ധയില്‍ തകര്‍ന്നുവീണു. ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ റണ്‍ ഔട്ടായി വിപ്രജ് നിഗം പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. വിപ്രജ് നോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്നും റണ്‍സ് ഇനിഷ്യേറ്റ് ചെയ്ത സ്റ്റബ്‌സിന്റെ പിഴവില്‍ താരം പുറത്തായി.

ഏഴാം വിക്കറ്റില്‍ അശുതോഷ് ശര്‍മയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ക്യാപ്പിറ്റല്‍സിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

20ാം ഓവറിലെ നാലാം പന്തില്‍ അശുതോഷ് മടങ്ങി. 26 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ക്യാപ്പിറ്റല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133ലെത്തി.

സണ്‍റൈസേഴ്‌സിനായി കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജയദേവ് ഉനദ്കട്, ഇഷാന്‍ മലിംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2025: SRH vs DC: Ishan Kishan tops the list of most catches in an innings by a Sunrisers wicket keeper

We use cookies to give you the best possible experience. Learn more