| Friday, 25th April 2025, 9:58 pm

ഫസ്റ്റ് ഓവര്‍ സ്‌പെഷ്യലിസ്റ്റിനെ അപ്രസക്തനാക്കിയ ഫസ്റ്റ് ബോള്‍ മജീഷ്യന്‍; ഒന്നാം സ്ഥാനം തുടര്‍ന്ന് മുഹമ്മദ് ഷമി

സ്പോര്‍ട്സ് ഡെസ്‌ക്

എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.എല്‍ 2025 പോയിന്റ് പട്ടികയില്‍ നിലവിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 154 റണ്‍സിന്റെ ടോട്ടലുമായി ഹോം ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഡെവാള്‍ഡ് ബ്രെവിസിന്റെയും ആയുഷ് മാഹ്‌ത്രെയുടെയും പ്രകടനത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയേറ്റിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഷെയ്ഖ് റഷീദിനെ സൂപ്പര്‍ കിങ്‌സിന് നഷ്ടമായി. സ്ലിപ്പില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് റഷീദ് പുറത്തായത്.

ഈ വിക്കറ്റിന് പിന്നാലെ ഒരു ഐ.പി.എല്‍ റെക്കോഡില്‍ മുഹമ്മദ് ഷമി തന്റെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിലാണ് ഷമി സ്വന്തം റെക്കോഡ് തന്നെ തിരുത്തിയെഴുതിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഫസ്റ്റ് ബോള്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍

(താരം – എത്ര തവണ ഈ നേട്ടം സ്വന്തമാക്കി എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ പുറത്താക്കിയ താരങ്ങള്‍)

മുഹമ്മദ് ഷമി – 4 തവണ* (ജാക് കാല്ലിസ്, കെ.എല്‍. രാഹുല്‍, ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി)

ട്രെന്റ് ബോള്‍ട്ട് – 2 തവണ (മാര്‍കസ് സ്‌റ്റോയ്‌നിസ്, വിരാട് കോഹ്‌ലി)

ലസിത് മലിംഗ – 2 തവണ (മായങ്ക് അഗര്‍വാള്‍, മായങ്ക് അഗര്‍വാള്‍)

ഭുവനേശ്വര്‍ കുമാര്‍ – 2 തവണ (കുശാല്‍ പെരേര, പ്രഭ്‌സിമ്രാന്‍ സിങ്)

ഡിര്‍ക് നാനെസ് – 2 തവണ (സനത് ജയസൂര്യ, ജാക് കാല്ലിസ്)

ഉമേഷ് യാദവ് – 2 തവണ (ക്രിസ് ഗെയ്ല്‍, സൂര്യകുമാര്‍ യാദവ്)

അതേസമയം, ആദ്യ പന്തില്‍ തന്നെ ഷെയ്ഖ് റഷീദിനെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ സാം കറനെ ഒരറ്റത്ത് നിര്‍ത്തി ആയുഷ് മാഹ്‌ത്രെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ സാം കറനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു.

അനികേത് വര്‍മയുടെ കയ്യിലൊതുങ്ങി മടങ്ങുമ്പോള്‍ പത്ത് പന്തില്‍ ഒമ്പത് റണ്‍സാണ് സാം കറന്റെ പേരിലുണ്ടായിരുന്നത്.

അധികം വൈകാതെ മാഹ്‌ത്രെയെ മടക്കി പാറ്റ് കമ്മിന്‍സ് അടുത്ത ബ്രേക് ത്രൂ നേടി. 19 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 30 റണ്‍സാണ് യുവതാരം നേടിയത്.

ഓരോ തവണ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ സണ്‍റൈസേഴ്‌സ് ഹോം ടീമിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു.

രവീന്ദ്ര ജഡേജ (17 പന്തില്‍ 21), ശിവം ദുബെ (ഒമ്പത് പന്തില്‍ 12), എം.എസ്. ധോണി (പത്ത് പന്തില്‍ ആറ്) എന്നിങ്ങനെ സീനിയര്‍ താരങ്ങളെ ഓറഞ്ച് ആര്‍മി തളിച്ചിട്ടു.

25 പന്തില്‍ 42 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസിന്റെ ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒരു ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പിന്നാലെയെത്തിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ ചെന്നൈ 19.5 ഓവറില്‍ 154ന് പുറത്തായി.

സണ്‍റൈസേഴ്‌സിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ പാറ്റ് കമ്മിന്‍സും ജയ്‌ദേവ് ഉനദ്കട്ടും രണ്ട് വിക്കറ്റ് വീതവും നേടി. കാമിന്ദു മെന്‍ഡിസും മുഹമ്മദ് ഷമിയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.

Content Highlight: IPL 2025: SRH vs CSK: Mohamed Shami tops the list of most 1st ball wickets in IPL

We use cookies to give you the best possible experience. Learn more