2025ലെ ഐ.പി.എല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ മുന്നേറിയത്. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാനപ്പെട്ട മൂന്ന് ബാറ്റര്‍മാരുടെ ക്യാച്ചുകള്‍ ഗുജറാത്ത് വിട്ടുകളഞ്ഞിരുന്നു. പ്ലേ ഓഫില്‍ ഗുജറാത്തിന് വേണ്ടി അരങ്ങേറ്റം കുറിച്ച ലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസ് രോഹിത് ശര്‍മയുടേതും സൂര്യകുമാറിന്റേയും ക്യാച്ചുകളായിരുന്നു നഷ്ടപ്പെടുത്തിയത്. രണ്ടുതവണ ജീവന്‍ തിരിച്ചുകിട്ടിയ രോഹിത്തും ഒരു തവണ രക്ഷപ്പെട്ട സൂര്യയും മുംബൈയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
മത്സര ശേഷം ടീമിന്റെ പരാജയത്തെക്കുറിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സംസാരിച്ചിരുന്നു. നിര്‍ണായക മത്സരത്തില്‍ മൂന്ന് ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് സ്വീകാര്യമല്ലെന്നാണ് ഗില്‍ പറഞ്ഞത്. ബാറ്റര്‍മാര്‍ക്കെതിരെ ബൗളര്‍മാര്‍ ബുദ്ധിമുട്ടുന്ന സമയത്ത് ഇത്തരത്തില്‍ ചാന്‍സുകള്‍ പാഴാക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും ഗില്‍ പറഞ്ഞു.
‘മൂന്ന് ക്യാച്ചുകള്‍ വിട്ടുകളയുന്നത് ഒരിക്കലും സ്വീകാര്യമല്ല. ബൗളര്‍മാര്‍ എതിരാളികളെ നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ടുന്ന ഘട്ടങ്ങളില്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അത് കൂടുതല്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുക,’ മത്സരശേഷം ഗില്‍ പറഞ്ഞു.
മാത്രമല്ല സീസണില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഗില്ലും സംഘവും ഒരു മോശം റെക്കോഡും തലയില്‍ വെച്ചിരുന്നു. ഐ.പി.എല്‍ 2025ല്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന ടീമായിട്ടാണ് ഗുജറാത്ത് മാറിയത്. 34 ക്യാച്ചുകളാണ് സീസണില്‍ ഗുജറാത്ത് വിട്ടുകളഞ്ഞത്. ഈ മോശം നേട്ടത്തില്‍ സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ് തൊട്ടു പിറകിലുണ്ട്. 30 ക്യാച്ചുകളാണ് രാജസ്ഥാന് വിട്ടുകളഞ്ഞത്.
മത്സരത്തില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മുംബൈ ഉയര്‍ന്ന സ്‌കോറില്‍ എത്തിയത്. രണ്ട് ലൈഫ് ലഭിച്ച രോഹിത് 50 പന്തില്‍ നാല് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് അടിച്ചെടുത്തത്. മാത്രമല്ല കളിയിലെ താരമാകാനും രോഹിത്തിന് സാധിച്ചു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 22 പന്തില്‍ 47 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 33 റണ്‍സും നേടി.
Content Highlight: IPL 2025: Shubhman Gill Talking About Dropping Catches In Eliminator