ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത രണ്ട് ശക്തമായ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ഐ.പി.എല്‍ ചാമ്പ്യന്‍സിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്‌ലോകം. കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും ഇന്ന് അഹമ്മദാബാദിലാണ് കൊമ്പ് കോര്‍ക്കുന്നത്.
ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് രജത് പാടിദാറും സംഘവും ഫൈനലില്‍ പ്രവേശിച്ചത്. ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിങ്സ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.
സീസണില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനം കാഴ്ചവെച്ച അയ്യര്‍ പഞ്ചാബിന് വേണ്ടി ഇന്ന് പടക്കളത്തിലിറങ്ങുന്നത് ഒരു തകര്‍പ്പന്‍ നേട്ടം കൈക്കലാക്കിയാണ്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ക്യാപ്റ്റനാകാനാണ് അയ്യര്‍ക്ക് സാധിച്ചത്. മാത്രമല്ല ഈ നേട്ടത്തില്‍ വിരാട് കോഹ്‌ലിയെയാണ് അയ്യര്‍ മറികടന്നത്. ക്യാപ്റ്റനെന്ന നിലയില്‍ 2016ല്‍ വിരാട് 38 സിക്‌സറുകല്‍ നേടിയിരുന്നു.
ശ്രേയസ് അയ്യര്‍ – 39* – 2025
വിരാട് കോഹ്‌ലി – 38 – 2016
ഫാഫ് ഡു പ്ലെസിസ് – 36 – 2023
ഡേവിഡ് വാര്‍ണര്‍ – 31 – 2016
കെ.എല്‍. രാഹുല്‍ – 30 – 2021
സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 603 റണ്‍സാണ് ശ്രേയസ് നേടിയത്. 97* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 54.82 എന്ന മികച്ച ആവറേജിലുമാണ് താരത്തിന്റെ ബാറ്റിങ്. മാത്രമല്ല 175.80 എന്ന പ്രഹര ശേഷിയാണ് അയ്യര്‍ക്കുള്ളത്.
മാത്രമല്ല രണ്ടാം ക്വാളിഫയറില്‍ മുംബൈക്കെതിരെയുള്ള പഞ്ചാബിന്റെ വിജയത്തിന് കാരണം അയ്യര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ്. മത്സരത്തില്‍ 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്താണ് പഞ്ചാബിനെ രണ്ടാം ഫൈനലില്‍ എത്തിച്ചത്. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 212.20 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ഇന്ത്യന്‍ താരം മുംബൈയുടെ ആറാം കിരീട മോഹം തല്ലിത്തകര്‍ത്തത്.
Content Highlight: IPL 2025: Shreyas Iyer In Great Record Achievement In IPL 2025