18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്.
നിര്‍ണായകമായ അവസാന ഓവറില്‍ പഞ്ചാബിന് വിജയിക്കാന്‍ 29 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശശാങ്ക് സിങ്, തന്നെക്കൊണ്ട് ആവും വിധത്തില്‍ പഞ്ചാബിന്റെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ എന്നാല്‍ അവസാന പന്തില്‍ വിജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ശശാങ്ക് സിക്‌സര്‍ പറത്തിയെങ്കിലും ആറ് റണ്‍സിന് പരാജയപ്പെടുകയായിരുന്നു പഞ്ചാബ്.
അവസാന ഓവറില്‍ ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങിനെത്തിയ ജോഷ് ഹേസല്‍വുഡ് ശശാങ്കിനെതിരെ ഒരു ഫുള്‍ടോസ് എറിഞ്ഞപ്പോള്‍ അത് മിസ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ താരം. ഹേസല്‍വുഡ് യോര്‍ക്കറിന് ശ്രമിക്കുമെന്ന് കരുതിയെന്നും എന്നാല്‍ ഫുള്‍ടോസ് കണക്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും താരം പറഞ്ഞു. മാത്രമല്ല പന്ത് ബാറ്റില്‍ കണക്ടായിരുന്നെങ്കില്‍ ഉറപ്പായും സിക്‌സര്‍ ലഭിക്കുമായിരുന്നെന്നും ശശാങ്ക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു താരം.
‘എന്റെ മനസ് ഹേസല്‍വുഡില്‍ നിന്ന് ഒരു യോര്‍ക്കര്‍ പ്രതീക്ഷിച്ചു. ഞാന്‍ പൊസിഷന്‍ ചെയ്തിരുന്നു, പക്ഷേ ഒരു ഫുള്‍ ടോസ് പ്രതീക്ഷിച്ചിരുന്നില്ല, അതും എന്റെ ടൈ പാഡിലേക്കാണ് വന്നത്. ഇപ്പോള്‍ എനിക്ക് തോന്നുന്നു, അത് ഞാന്‍ കണക്ട് ചെയ്തിരുന്നെങ്കില്‍ ഉറപ്പായും സിക്‌സ് ലഭിക്കുമായിരുന്നു. കാരണം ഫൈന്‍-ലെഗ് അടുത്തായിരുന്നു. മാത്രമല്ല ഞാന്‍ അവനില്‍ നിന്ന് ഒരു വൈഡ് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് ഒരിക്കലും വന്നില്ല. അവസാന പന്തില്‍ 12 റണ്‍സ് വേണമെന്ന് സ്‌കോര്‍ബോര്‍ഡില്‍ കണ്ടപ്പോള്‍, എല്ലാം കഴിഞ്ഞു എന്ന് എനിക്ക് മനസിലായി,’ ശശാങ്ക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പഞ്ചാബിന് വേണ്ടി ശശാങ്കാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 61 റണ്‍സ് നേടി പുറത്താകാതെയാണ് താരം ബാറ്റ് വീശിയത്. മാത്രമല്ല സീസണില്‍ 17 മത്സരങ്ങളില്‍ നിന്ന് 350 റണ്‍സാണ് താരം നേടിയത്. 50.0 ആവറേജില്‍ ബാറ്റ് ചെയ്ത താരത്തിന് 153.51 എന്ന സ്‌ട്രൈക്ക് റേറ്റുമുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറിയടക്കമാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്.
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടാന്‍ സാധിച്ചത്.
Content Highlight: IPL 2025: Shashankh singh Talking About Los Of IPL 2025 Final