| Monday, 17th March 2025, 1:21 pm

അധികം വൈകാതെ ഇവന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കില്ല എന്ന് ആര് കണ്ടു! സഹതാരത്തിന്റെ ഭാവിയെ കുറിച്ച് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയെ ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ ആരാധകരെ ഞെട്ടിച്ചത്. കേവലം 13 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് താരം ഐ.പി.എല്‍ കളിക്കാനിറങ്ങുന്നത്.

ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ലേലം കൊള്ളുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. 30 ലക്ഷം അടിസ്ഥാനവിലയുണ്ടായിരുന്ന വൈഭവിനെ 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സ് സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിച്ചത്.

ഇപ്പോള്‍ വൈഭവ് സൂര്യവംശിയെ കുറിച്ചും താരത്തിന്റെ പൊട്ടെന്‍ഷ്യലിനെ കുറിച്ചും സംസാരിക്കുകയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. ജിയോ ഹോട്ട് സ്റ്റാറിലൂടെയാണ് സഞ്ജു വൈഭവിനെ കുറിച്ച് സംസാരിച്ചത്.

‘എന്നെ സംബന്ധിച്ച്, അവന് എന്തെങ്കിലും തരത്തിലുള്ള ഉപദേശം നല്‍കുന്നതിന് മുമ്പ് അവനെ നിരീക്ഷിക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. എങ്ങനെയാണ് അവന്‍ ഗെയ്മിനെ നോക്കിക്കാണുന്നത്, അവന്‍ എന്തൊക്കെയാണ് ഇഷ്ടപ്പെടുന്നത്, ഏത് തരത്തിലുള്ള പിന്തുണയാണ് എന്നില്‍ നിന്നും അവന് ആവശ്യമുള്ളത് ഇതെല്ലാം ആദ്യം പരിശോധിക്കണം. ഇതെല്ലാം മനസിലാക്കിയ ശേഷം അതിനനുസരിച്ചുള്ള മാര്‍ഗനിര്‍ദേശം നല്‍കും.

വൈഭവ് വളരെ കോണ്‍ഫിഡന്റാണ്. അക്കാദമിയില്‍ അവന്‍ പാര്‍ക്കിന് വെളിയിലേക്ക് സിക്‌സറടിച്ച് പറത്തുകയാണ്. ആളുകള്‍ ഇതിനോടകം തന്നെ അവന്റെ പവര്‍ ഹിറ്റിങ് കഴിവുകളെ കുറിച്ച് സംസാരിക്കതുകയാണ്. ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്.

അവന്റെ സ്‌ട്രെങ്ത് എന്താണെന്ന് മനസിലാക്കി അവനെ പിന്തുണയ്ക്കുകയും ഒരു മൂത്ത ജ്യേഷ്ഠനെ പോലെ ഒപ്പം നില്‍ക്കുകയുമാണ് വേണ്ടത്,’ സഞ്ജു പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ചും സഞ്ജു സംസാരിച്ചു.

‘രാജസ്ഥാന്‍ റോയല്‍സ് ഡ്രസ്സിങ് റൂമില്‍ ഞങ്ങളെല്ലായ്‌പ്പോഴും പോസിറ്റീവ് വൈബ് കൊണ്ടുവരാനും താരങ്ങള്‍ക്കൊപ്പം നില്‍ക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അടുത്ത കുറച്ചുവര്‍ഷങ്ങളില്‍ അവന്‍ ഇന്ത്യയെ പ്രതിനിധീകരിക്കില്ല എന്ന് ആര്‍ക്ക് പറയാന്‍ സാധിക്കും.

അവന്‍ ഐ.പി.എല്ലിന് തയ്യാറാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു മികച്ച ഇംപാക്ട് ഉണ്ടാക്കാന്‍ അവന് സാധിക്കും. ഭാവിയില്‍ എന്ത് സംഭവിക്കും എന്നത് കാത്തിരുന്ന് കാണുക തന്നെ വേണം,’ രാജസ്ഥാന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 23നാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: Sanju Samson talks about Vaibhav Suryavanshi

We use cookies to give you the best possible experience. Learn more