ഐ.പി.എല്ലിലെ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്സ് വിജയം നേടിയിരുന്നു. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് റണ്‍സിന്റെ വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
പഞ്ചാബ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. നേഹല്‍ വധേര, ശശാങ്ക് സിങ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ഹര്‍പ്രീത് ബ്രാറിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് പഞ്ചാബ് വിജയം പിടിച്ചടക്കിയത്.
മത്സരത്തിന് ശേഷം ടീമിന്റെ തോല്‍വിയെക്കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. രാജസ്ഥാന്‍ മികച്ച രീതിയിലാണ് തുടങ്ങിയതെന്നും പവര്‍പ്ലേയില്‍ 90 റണ്‍സ് നേടിയിട്ടും ആ സ്‌കോറിങ് വേഗത തുടരാനായില്ലെന്നും സഞ്ജു പറഞ്ഞു.
മാത്രമല്ല പവര്‍ ഹിറ്റര്‍മാരെക്കൊണ്ട് മറികടക്കാന്‍ സാധിക്കുന്ന വിജയലക്ഷ്യമായിരുന്നു മത്സരത്തിലെന്നും സഞ്ജു പറഞ്ഞു. പരിചയ സമ്പന്നരായ രണ്ട് താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വരാനിരിക്കുന്ന സീസണില്‍ ധാരാളം മെച്ചപ്പെടുത്തല്‍ നടത്തണമെന്നും സഞ്ജു പറഞ്ഞു.
‘ഞങ്ങള്‍ നന്നായി തുടങ്ങി, പവര്‍പ്ലേയില്‍ 90 റണ്‍സ് നേടിയ ഓപ്പണര്‍മാരില്‍ നിന്ന് കൂടുതലൊന്നും ആവശ്യപ്പെടാന്‍ കഴിഞ്ഞില്ല. പവര്‍പ്ലേയില്‍ ഞങ്ങള്‍ക്ക് ലഭിച്ച വേഗത ഞങ്ങള്‍ക്ക് തുടരാനായില്ല. ഇന്ന് അത് (ടാര്‍ഗറ്റ്) മറികടക്കാനാകുമായിരുന്നു. ഇന്നത്തെ വിക്കറ്റ് തികച്ചും വ്യത്യസ്തമായി കളിച്ചു.
ഞങ്ങളുടെ പവര്‍ ഹിറ്റര്‍മാരെ ഉപയോഗിച്ച് അത് പിന്തുടരാവുന്ന ഒരു സ്‌കോറായിരുന്നു. നമ്മള്‍ ജോലി കൃത്യമായി പൂര്‍ത്തിയാക്കണമായിരുന്നു. പരിചയസമ്പന്നരായ രണ്ട് പേര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അവരുടെ ജോലി ചെയ്യണം. വരാനിരിക്കുന്ന സീസണില്‍ തീര്‍ച്ചയായും ധാരാളം മെച്ചപ്പെടുത്തലുകള്‍ വരുത്തേണ്ടതുണ്ട്.
സീസണില്‍ ഒമ്പത് മത്സരത്തിലും പരാജയപ്പെട്ടതോടെ രണ്ട് മോശം റെക്കോഡുകളാണ് രാജസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം തവണ ചെയ്സിങ്ങില്‍ പരാജയപ്പെടുന്ന ടീമെന്ന അനാവശ്യ നേട്ടമാണ് ഇതില്‍ ആദ്യം. ഇത് എട്ടാം തവണയാണ് രാജസ്ഥാന്‍ ഈ സീസണില്‍ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പരാജയപ്പെടുന്നത്.
2012ലും 2013ലും എട്ട് തവണ ചെയ്സിങ്ങില്‍ പരാജയപ്പെട്ട പൂനെ വാറിയേഴ്സിനൊപ്പമാണ് രാജസ്ഥാന്‍ മോശം റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. മാത്രമല്ല ഇത് അഞ്ചാം തവണയാണ് രാജസ്ഥാന്‍ ഹോം മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. ഒരു ഐ.പി.എല്‍ സീസണില്‍ രാജസ്ഥാന്‍ ഏറ്റവുമധികം ഹോം ഡിഫീറ്റുകള്‍ ഏറ്റുവാങ്ങിയത് ഈ സീസണിലാണ്. 2023ലും രാജസ്ഥാന് അഞ്ച് തവണ സ്വന്തം തട്ടകത്തില്‍ വീണിരുന്നു.
Content Highlight: IPL 2025: Sanju Samson Talking About Loss Against Panjab Kings