| Thursday, 17th April 2025, 6:55 pm

സൂപ്പര്‍ ഓവറിന് മുമ്പ് തന്നെ മിച്ചല്‍ സ്റ്റാര്‍ക് ഞങ്ങളെ പരാജയപ്പെടുത്തിയിരുന്നു; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില് ദല്‍ഹി ക്യാപ്പിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി വിജയിച്ചുകയറിയത്. മത്സരത്തിന്റെ അവസാന നിമിഷം വരെ ജയസാധ്യത കല്‍പ്പിച്ചിരുന്ന രാജസ്ഥാന്‍ മോശം തീരുമാനങ്ങള്‍ കൊണ്ടും മണ്ടത്തരങ്ങള്‍ കൊണ്ടും പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു.

20ാം ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് രാജസ്ഥാന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ധ്രുവ് ജുറെലും ഷിംറോണ്‍ ഹെറ്റ്‌മെയറും ക്രീസില്‍ നില്‍ക്കവെ പന്തെടുത്ത മിച്ചല്‍ സ്റ്റാര്‍ക് അവസാന ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

അളന്നുമുറിച്ച യോര്‍ക്കറുകളിലൂടെ രാജസ്ഥാനെ ആക്രമിച്ച സ്റ്റാര്‍ക് മത്സരം സമനിലയിലെത്തിക്കുകയും സൂപ്പര്‍ ഓവറില്‍ ഹോം ടീമിനെ വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ക്യാപ്പിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു.

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയശില്‍പിയായ മിച്ചല്‍ സ്റ്റാര്‍ക്കിനെ അഭിനന്ദിച്ചുകൊണ്ട് രാജസ്ഥാന്‍ നായകന്‍ സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ദല്‍ഹിയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റിനും അവകാശി മിച്ചല്‍ സ്റ്റാര്‍ക്കാണെന്നും 20ാം ഓവറില്‍ തന്നെ അദ്ദേഹം ദല്‍ഹിക്കായി വിജയം നേടിയെന്നും സഞ്ജു പറഞ്ഞു.

‘വളരെ മികച്ച രീതിയിലാണ് സ്റ്റാര്‍ക്കി (മിച്ചല്‍ സ്റ്റാര്‍ക്) പന്തെറിഞ്ഞത്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. 20ാം ഓവറില്‍ തന്നെ അദ്ദേഹം ദല്‍ഹി ക്യാപ്പിറ്റല്‍സിനായി മത്സരം വിജയിച്ചു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്,’ സഞ്ജു പറഞ്ഞു.

സന്ദീപ് ശര്‍മയെ കുറിച്ചും സഞ്ജു സംസാരിച്ചു.

‘ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഏറ്റവും പ്രയാസകരമായ ഓവറുകള്‍ അവന്‍ എനിക്ക് വേണ്ടി എറിയാറുള്ളതാണ്. അവന്‍ ടീമിലുള്ളത് എല്ലായ്‌പ്പോഴും മികച്ചതാണ്. ഞങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ സ്റ്റാര്‍ക്കാണ് അവസാനം അതിനൊരു വ്യത്യാസം കൊണ്ടുവന്നത്. ഇത് പിന്തുടര്‍ന്ന് വിജയിക്കാന്‍ സാധിക്കുന്ന ടോട്ടല്‍ തന്നെയായിരുന്നു. ബൗളിങ് ഡിപ്പാര്‍ട്‌മെന്റിലും ഫീല്‍ഡിങ് ഡിപ്പാര്‍ട്‌മെന്റിലും മികച്ച പ്രകടനമാണ് ഞങ്ങള്‍ പുറത്തെടുത്തത്,’ സഞ്ജു പറഞ്ഞു.

ദല്‍ഹി ഇന്നിങ്‌സില്‍ സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ പിറന്ന 19 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഏറെ എക്‌സ്ട്രാസുകള്‍ പിറന്ന ആ ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ സന്ദീപ് ശര്‍മയ്ക്ക് വേണ്ടിയിരുന്നത് 11 ഡെലിവെറികളാണ്.

WD, 0, WD, WD, WD, 2NB, 4, 6, 1, 1, 1 എന്നിങ്ങനെയാണ് 20ാം ഓവറില്‍ സന്ദീപ് പന്തെറിഞ്ഞത്.

ഇതോടെ ഒരു മോശം റെക്കോഡും സന്ദീപ് ശര്‍മയുടെ പേരില്‍ പിറവിയെടുത്തു. ഐ.പി.എല്ലില്‍ ഒരു ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവുമധികം ഡെലിവെറികള്‍ എറിഞ്ഞ താരമെന്ന അനാവശ്യ നേട്ടമാണ് സന്ദീപ് ശര്‍മയുടെ പേരില്‍ കുറിക്കപ്പെട്ടത്.

ഐ.പി.എല്ലില്‍ ഒരു ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ ഏറ്റവുമധികം പന്തുകളെറിഞ്ഞ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

തുഷാര്‍ ദേശ്പാണ്ഡേ – ചെന്നൈ സൂപ്പര്‍ കിങ്സ് – ലഖ്നൗ സൂപ്പര്‍ കിങ്സ് 11 പന്തുകള്‍ – 2023

മുഹമ്മദ് സിറാജ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – മുംബൈ ഇന്ത്യന്‍സ് – 11 പന്തുകള്‍ – 2023

ഷര്‍ദുല്‍ താക്കൂര്‍ – ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 11 പന്തുകള്‍ – 2025

സന്ദീപ് ശര്‍മ – രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 11 പന്തുകള്‍ – 2025*

തന്റെ സ്പെല്ലിലെ ആദ്യ മൂന്ന് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒറ്റ ബൗണ്ടറി പോലും വഴങ്ങാതെ 14 റണ്‍സ് മാത്രമാണ് സന്ദീപ് ശര്‍മ വിട്ടുകൊടുത്തത്. എന്നാല്‍ അവസാന ഓവറില്‍ മൂന്ന് ഓവറിലുമായി വഴങ്ങിയ റണ്‍സിനേക്കാളധികമായിരുന്നു സന്ദീപ് വിട്ടുകൊടുത്തത്.

ആദ്യ മൂന്ന് ഓവര്‍ അവസാനിക്കുമ്പോള്‍ 4.66 എന്ന നിലയിലുണ്ടായിരുന്ന താരത്തിന്റെ എക്കോണമി നാലാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 8.25ലേക്കാണ് ഉയര്‍ന്നത്.

അതേസമയം, സീസണിലെ അഞ്ചാം തോല്‍വിയുമേറ്റുവാങ്ങിയ രാജസ്ഥാന്‍ എട്ടാം സ്ഥാനത്ത് തുടരുകരയാണ്. ഏപ്രില്‍ 19നാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: IPL 2025: Sanju Samson praises Mitchell Starc

We use cookies to give you the best possible experience. Learn more