| Thursday, 3rd April 2025, 3:10 pm

ഈ ക്യാപ്റ്റന്‍ തിരിച്ചെത്തുന്നത് ടീമിന്റെ തന്നെ ചരിത്രം തിരുത്തിയെഴുതാന്‍; എല്‍ ക്ലാസിക്കോയില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ മൂന്ന് മത്സരത്തിലും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ രാജസ്ഥാന്‍ നായകന്‍ ക്യാപ്റ്റന്റെ റോളില്‍ മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്. സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് ക്യാപ്റ്റന്‍സിക്കും വിക്കറ്റ് കീപ്പിങ്ങിനും ഉള്‍പ്പെടെയുള്ള അനുമതി സ്വന്തമാക്കിയാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി മടങ്ങിയെത്താനൊരുങ്ങുന്നത്.

ഏപ്രില്‍ അഞ്ചിന് നടക്കുന്ന രാജസ്ഥാന്റെ നാലാം മത്സരത്തിലാണ് സഞ്ജു ക്യാപ്റ്റന്റെ റോളിലേക്ക് മടങ്ങിയെത്തുക. ഐ.പി.എല്ലിലെ രണ്ടാം എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പഞ്ചാബിനെതിരായ മത്സരത്തിലാണ് സഞ്ജു റിയാന്‍ പരാഗില്‍ നിന്നും ക്യാപ്റ്റനായി ടീമിനെ നയിക്കുക.

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്നത് ചെന്നൈ സൂപ്പര്‍ കിങ്സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണെങ്കിലും ഈയിടെ ഐ.പി.എല്‍ ആരാധകര്‍ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്സ് മത്സരത്തെയും എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇരു ടീമുകളും ആ വിശേഷണത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തുന്നുമുണ്ട്.

ഒരിക്കല്‍പ്പോലും വണ്‍ സൈഡാകാതെ ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും കാണികള്‍ക്ക് നല്‍കുന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരം തന്നെയാണ് ഐ.പി.എല്ലിലെ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ എന്നാണ് ആരാധകര്‍ പറയുന്നത്.

ക്യാപ്റ്റനായി മടങ്ങിയെത്തുന്ന സഞ്ജുവിനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. രാജസ്ഥാനെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോഡാണ് സഞ്ജുവിന് മുമ്പിലുള്ളത്. നിലവില്‍ 31 വിജയവുമായി ഇതിഹാസ താരം ഷെയ്ന്‍ വോണിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് സഞ്ജു.

രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍

(ക്യാപ്റ്റന്‍ – സ്പാന്‍ – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 2008-2011 – 56 – 31 – 55.35

സഞ്ജു സാംസണ്‍ – 2021-2024* – 61 – 31 – 50.81

രാഹുല്‍ ദ്രാവിഡ് – 2012-2013 – 40 – 23 – 57.50

സ്റ്റീവ് സ്മിത് – 2014-2020 – 27 – 15 – 55.55

അജിന്‍ക്യ രഹാനെ – 2018-2019 – 24 – 9 – 37.50

ഷെയ്ന്‍ വാട്‌സണ്‍ – 2008-2015 – 21 – 7 – 33.33

റിയാന്‍ പരാഗ് – 2025 – 3 – 1 – 33.33

സീസണില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ട് മത്സരത്തിലും രാജസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടുമാണ് തോല്‍വിയേറ്റുവാങ്ങിയത്. സണ്‍റൈസേഴ്‌സിനോട് അവരുടെ തട്ടകത്തിലും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരോട് സെക്കന്‍ഡ് ഹോം ഗ്രൗണ്ടിലും റോയല്‍സ് തോല്‍വിയേറ്റുവാങ്ങി.

ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.

നിലവില്‍ രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍. സഞ്ജുവിന്റെ വരവോടെ ടീം നില മെച്ചപ്പെടുത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: IPL 2025: Sanju Samson need one win as a captain to surpass Shane Warne

We use cookies to give you the best possible experience. Learn more