ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17ന് പുനരാരംഭിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഐ.പി.എല്‍ 2025ന്റെ ‘സെക്കന്‍ഡ് ഫേസിലെ’ ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.
മെയ് 18 ഞായറാഴ്ച ഐ.പി.എല്ലിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടമായ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരവും അരങ്ങേറും. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
പ്ലേ ഓഫ് ലക്ഷ്യം വെക്കുന്ന പഞ്ചാബും ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ രാജസ്ഥാനും തമ്മിലുള്ള പോരാട്ടത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്, കാരണം ഇത് രാജസ്ഥാന്‍ – പഞ്ചാബ് മത്സരമാണ് എന്നതുതന്നെ. കുറച്ചധികം സീസണുകളിലായി ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ ഹെഡ് ടു ഹെഡ് മത്സരങ്ങള്‍ പഞ്ചാബും രാജസ്ഥാനും തമ്മിലുള്ള പോരാട്ടങ്ങള്‍ തന്നെയാണ്.
പരിക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ മത്സരത്തില്‍ തിരിച്ചെത്തിയേക്കും. നേരത്തെ, ഇന്ത്യ – പാക് സംഘര്‍ഷങ്ങളുണ്ടാകുന്നതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇപ്പോള്‍ പഞ്ചാബിനെതിരെയാണ് താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്.
ഈ മത്സരത്തില്‍ ഒരു ഐതിഹാസിക നേട്ടവും സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് രാജസ്ഥാന്‍ നായകന്‍ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും മൂന്ന് സിക്‌സറുകളും.
ചരിത്രത്തില്‍ 33 താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടത്തിലെത്താന്‍ സാധിച്ചത്. ഇതില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. പഞ്ചാബിനെതിരെ മൂന്ന് സിക്‌സറടിച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന 34ാം താരമാകാനും നാലാമത് മാത്രം ഇന്ത്യന്‍ താരമാകാനും സഞ്ജുവിന് സാധിക്കും.
ഇതിനൊപ്പം ഈ റെക്കോഡ് നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ചരിത്ര റെക്കോഡും രാജസ്ഥാന്‍ നായകന്റെ പേരില്‍ കുറിക്കപ്പെടും.
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 446 – 542
വിരാട് കോഹ്‌ലി – 393 – 434
സൂര്യകുമാര്‍ യാദവ് – 297 – 368
എം.എസ്. ധോണി – 354 – 349
സഞ്ജു സാംസണ്‍ – 289 – 347
കെ.എല്‍. രാഹുല്‍ – 223 – 327
സുരേഷ് റെയ്‌ന – – 319 – 325
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
എം.എസ്. ധോണി – 354 – 349
സഞ്ജു സാംസണ്‍ – 289 – 347
കെ.എല്‍. രാഹുല്‍ – 223 – 327
കളിച്ച 12 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട് ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. അനായാസം വിജയിക്കാന്‍ സാധിക്കുന്ന നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടതും ടീം സെലക്ഷനിലെ പോരായ്മകളും മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തിരിച്ചടിയായി. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായെങ്കിലും ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി തലകുനിക്കാതെ മടങ്ങാനാകും രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്.
Content Highlight: IPL 2025: Sanju Samson need 3 sixer to complete 350 T20 sixers