ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഒരാഴ്ചത്തേക്ക് ടൂര്‍ണമെന്റ് താത്കലികമായി ബി.സി.സി.ഐ നിര്‍ത്തിവച്ചിരുന്നു. പുതുക്കിയ ഷെഡ്യൂള്‍ ബി.സി.സി.ഐ ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ടൂര്‍ണമെന്റില്‍ ഏഴാം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ് നായകന്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍. മുമ്പ് റിഷബ് മികച്ച ഷോട്ടുകള്‍ കളിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സ്വീപ് ഷോട്ടുകളും മറ്റും ഫലം കാണുന്നില്ലെന്നും റിഷബ് കളി മറന്ന് പോയെന്നും സഞ്ജയ് പറഞ്ഞു.
‘റിഷബിന്റെ ഏറ്റവും മികച്ച ഇന്നിങ്സുകള്‍ നോക്കിയാല്‍ എവിടെയാണ് അദ്ദേഹം വിജയം കണ്ടെത്തിയത്? കവര്‍ ഏരിയയിലെ ഡ്രൈവുകളിലൂടെയോ, ബൗളറെ അടിക്കാന്‍ ട്രാക്കിലേക്ക് ഇറങ്ങിച്ചെന്നോ, മിഡ്വിക്കറ്റിനും സ്‌ക്വയറിനും മുകളിലൂടെ കടന്നുപോയോ ആണ് അത് സംഭവിച്ചത്. എന്നാല്‍ ഇപ്പോള്‍ അവന്‍ റിവേഴ്സ് സ്വീപ്പുകള്‍ അല്ലെങ്കില്‍ വളരെ മികച്ച ഷോട്ടുകള്‍ പരീക്ഷിച്ചു. അത് സാധാരണയായി അവന്റെ ശക്തിയല്ല. അതിനാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ അവന്‍ അല്‍പ്പം ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു, അവന്‍ തന്റെ കളി മറന്നുപോയി.
നിങ്ങള്‍ പലപ്പോഴും ഗ്രൗണ്ടില്‍ സ്‌കോര്‍ ചെയ്യാന്‍ നോക്കുകയാണെങ്കില്‍ മറ്റെല്ലാ സാധ്യതകളും തുറക്കപ്പെടും. എന്നിരുന്നാലും, നിങ്ങളുടെ ശ്രദ്ധ വിക്കറ്റിന് പിന്നില്‍ കളിക്കുന്നതിലാണെങ്കില്‍ നിങ്ങളുടെ മുന്നിലുള്ളതെല്ലാം ബുദ്ധിമുട്ടായിരിക്കും. അത് നിങ്ങളെ വൈകിക്കും, നിങ്ങളുടെ ഷോട്ടുകള്‍ എറിയാന്‍ ഏറ്റവും നല്ല സ്ഥാനത്ത് ആയിരിക്കില്ല,’ സഞ്ജയ് ബാംഗാര്‍ പറഞ്ഞു.
മാത്രമല്ല സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് വെറും 128 റണ്‍സ് മാത്രമാണ് റിഷബ് നേടിയത്. 12.80 ആവറേജും 99.22 സ്ട്രൈക്ക് റേറ്റുമാണ് സീസണില്‍ താരത്തിനുള്ളത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വില നല്‍കി ലഖ്നൗ ടീമിലെത്തിച്ച താരമായിരുന്നു റിഷബ് പന്ത്. 27 കോടി രൂപയായിരുന്നു റിഷബിന് വേണ്ടി എല്‍.എസ്.ജി മുടക്കിയത്. ഒരു അര്‍ധ സെഞ്ച്വറി ഒഴിച്ചാല്‍ മോശം പ്രകടനമാണ് താരം ഇതുവരെ പുറത്തെടുത്തത്.
അതേസമയം ഇന്ത്യയും പാകിസ്ഥാനും കഴിഞ്ഞ ദിവസം വെടി നിര്‍ത്തല്‍ കരാറില്‍ എത്തിയിരുന്നു. ഇതോടെ ഐ.പി.എല്‍ എത്രയും പെട്ടെന്ന് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇതിനായി ബി.സി.സി.ഐ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് നഗരങ്ങള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലില്‍ 16 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.
Content Highlight: IPL 2025: Sanjay Bangar Talking About Rishabh Pant