| Wednesday, 16th April 2025, 5:46 pm

പി.എസ്.എല്ലില്‍ കളിച്ചുകൊണ്ട് ഐ.പി.എല്ലാണ് മികച്ചതെന്ന് പറയാന്‍ സാധിക്കുമോ സക്കീര്‍ ഭായിക്ക്; പാക് മാധ്യമപ്രവര്‍ത്തകന് വയറുനിറയെ കൊടുത്ത് ബില്ലിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിനെയും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെയും താരതമ്യം ചെയ്യാനാവശ്യപ്പെട്ട പാക് മാധ്യമപ്രവര്‍ത്തനെ ചുട്ടമറുപടിയുമായി ഇംഗ്ലണ്ട് സൂപ്പര്‍ താരം സാം ബില്ലിങ്‌സ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനേക്കാള്‍ മികച്ച ടൂര്‍ണമെന്റ് ഐ.പി.എല്‍ തന്നെയാണെന്നും ബിഗ് ബാഷ് ലീഗ് അടക്കമുള്ള ലീഗുകള്‍ രണ്ടാം സ്ഥാനത്തിനായാണ് മത്സരിക്കുന്നതെന്നും പി.എസ്.എല്ലില്‍ ലാഹോര്‍ ഖലന്ദേഴ്‌സിന് വേണ്ടി കളിക്കുന്ന സൂപ്പര്‍ താരം വ്യക്തമാക്കി.

പി.എസ്.എല്ലിലെ ലാഹോര്‍ ഖലന്ദേഴ്‌സ് – കറാച്ചി കിങ്‌സ് മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എന്തെങ്കിലും ബാലിശമായ കാര്യങ്ങള്‍ പറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റാണ് ഐ.പി.എല്‍. അതിനെ മറികടക്കുക പ്രയാസമാണ്.

മറ്റെല്ലാ ലീഗുകളും തൊട്ടുപിന്നിലുണ്ട്. ലോകത്തിലെ രണ്ടാമത് മികച്ച ലീഗായ പി.എസ്.എല്‍ പോലെ ഇംഗ്ലണ്ടിലും ഞങ്ങളത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്കറിയാവുന്നതല്ലേ, ബിഗ് ബാഷും ഇതേ കാര്യം തന്നെയാണ് ശ്രമിക്കുന്നത്,’ ബില്ലിങ്‌സ് പറഞ്ഞു.

ഇതാദ്യമായല്ല മറ്റ് അന്താരാഷ്ട്ര ടീമുകളിലെ താരങ്ങളോട് ഐ.പി.എല്ലും പി.എസ്.എല്ലും തമ്മിലുള്ള താര്യതമ്യം നടത്താന്‍ പാകിസ്ഥാനി ജേണലിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. സമാനമായ ചോദ്യം ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ ഏക കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനോടും ഇവര്‍ ചോദിച്ചിരുന്നു.

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ അണ്‍സോള്‍ഡായതിന് പിന്നാലെ വാര്‍ണര്‍ പി.എസ്.എല്ലിന്റെ ഭാഗമായിരുന്നു. നിലവില്‍ കറാച്ചി കിങ്‌സിന്റെ നായകനാണ് വാര്‍ണര്‍.

‘ഇത് ആദ്യമായാണ് ഇങ്ങനെയൊന്ന് കേള്‍ക്കുന്നത്. എനിക്ക് ക്രിക്കറ്റ് കളിക്കണം, ഇതാണ് എന്റെ കാഴ്ചപ്പാട്. ഇപ്പോള്‍ പി.എസ്.എല്ലിലേക്ക് വരാന്‍ എനിക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്. എന്റെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കലണ്ടറിലെ ടൈമിങ് കാരണം എനിക്കിതുവരെ പി.എസ്.എല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഇപ്പോള്‍ എനിക്ക് മത്സരിക്കണം, ഞാന്‍ കറാച്ചി കിങ്‌സിന്റെ ക്യാപ്റ്റനാണ്. ഞങ്ങള്‍ കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ വാര്‍ണറിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ടൂര്‍ണമെന്റിലെ ആദ്യ ആറ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇസ്‌ലമാബാദ് യുണൈറ്റഡ് ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്. കളിച്ച രണ്ട് മത്സരവും പരാജയപ്പെട്ട ബാബര്‍ അസമിന്റെ പെഷവാര്‍ സാല്‍മിയാണ് അവസാന സ്ഥാനത്ത്.

ഇന്ന് (ബുധനാഴ്ച) മുന്‍ ചാമ്പ്യന്‍മാരായ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ഇസ് ലമാബാദ് യുണൈറ്റഡിനെ നേരിടും. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content highlight: IPL 2025: Sam Billings says IPL is better than PSL

We use cookies to give you the best possible experience. Learn more