| Thursday, 5th June 2025, 11:26 am

973 റണ്‍സ് നേടിയ വിരാടിനെയും മറികടന്ന് ഒന്നാമനായി 759 റണ്‍സടിച്ച സായ് സുദര്‍ശന്‍! ഇന്ത്യയുടെ ഭാവി ഇവനില്‍ തിളങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ആളും ആരവവുമായി ഐ.പി.എല്‍ പൂരത്തിന് കൊടിയിറങ്ങിയിരിക്കുകയാണ്. ഇക്കാലമത്രയും ആരാധകര്‍ കാത്തിരുന്ന കിരീടം ചിന്നസ്വാമിയിലെത്തിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കപ്പില്ലാത്തവരെന്ന നാണക്കേട് മാറ്റിയെടുത്തത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആറ് റണ്‍സിന് പഞ്ചാബ് കിങ്‌സിനെ തകര്‍ത്താണ് രജത് പാടിദാറും റോയല്‍ ചലഞ്ചേഴ്‌സും തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

ഇത്തവണ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ക്കുതന്നെ കിരീടസാധ്യത കല്‍പ്പിച്ച ടീമുകളില്‍ പ്രധാനികളായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. എന്നാല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് പുറത്താകാനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിധി.

കിരീടമില്ലാതെ മടങ്ങിയെങ്കിലും റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും ടൈറ്റന്‍സ് താരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 15 മത്സരത്തില്‍ നിന്നും 54.21 ശരാശരിയില്‍ 759 റണ്‍സടിച്ച് സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ്പ് നേടിയപ്പോള്‍ 19.52 ശരാശരിയില്‍ 25 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ ടൂര്‍മെന്റിലെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനുമായി.

സീസണിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായതോടെ സായ് സുദര്‍ശനെ ഒരു ഐതിഹാസിക നേട്ടവും തേടിയെത്തി. ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് സായ് സുദര്‍ശന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

23 വയസും 231 ദിവസവും പ്രായമുള്ളപ്പോഴാണ് സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്നത്. തന്റെ ക്യാപ്റ്റനും ‘ക്രെം പാര്‍ട്ണറുമായ’ ശുഭ്മന്‍ ഗില്ലിനെ പടിയിറക്കിവിട്ടാണ് ഈ ചരിത്ര നേട്ടത്തില്‍ സായ്-സു ഒന്നാമതെത്തിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

(താരം – ടീം – പ്രായം – വര്‍ഷം എന്നീ ക്രമത്തില്‍)

സായ് സുദര്‍ശന്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 23 വയസും 231 ദിവസവും – 2025*

ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 23 വയസും 262 ദിവസവും – 2023

ഋതുരാജ് ഗെയ്ക്വാദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 24 വയസും 257 ദിവസവും – 2021

ഷോണ്‍ മാര്‍ഷ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 24 വയസും 328 ദിവസവും – 2008

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 27 വയസും 206 ദിവസവും – 2016

ഈ സീസണില്‍ നേടാനാകാതെ പോയ കിരീടം അടുത്ത വര്‍ഷം നേടാനുറച്ചാണ് ഗുജറാത്ത് ടൈറ്റന്‍സും സായ് സുദര്‍ശനും ഐ.പി.എല്‍ 2025നോട് വിടപറയുന്നത്. വരും സീസണുകളിലും താരം തന്റെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കുമെന്നും ഐ.പി.എല്ലിന് പുറമെ അന്താരാഷ്ട്ര ക്രിക്കറ്റിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: IPL 2025: Sai Sudarshan becomes the youngest Orange Cap winner in IPL history

We use cookies to give you the best possible experience. Learn more