| Friday, 25th April 2025, 9:32 am

'താഴത്തില്ലെടാ'; തോല്‍വിയില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് ഹസരങ്ക!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സീസണില്‍ ഇതാദ്യമായാണ് ആര്‍.സി.ബി ഹോം ഗ്രൗണ്ടില്‍ വിജയിക്കുന്നത്. ബെംഗളൂരുവില്‍ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ശേഷമാണ് ആര്‍.സി.ബി ചിന്നസ്വാമിയില്‍ പെരിയ വിജയം സ്വന്തമാക്കിയത്. മാത്രമല്ല ഇതിനെല്ലാം പുറമെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 50ാം വിജയമാണ് ബെംഗളൂരു സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അതേസമയം വിജയശതമാനം രാജസ്ഥാനൊപ്പമായിരുന്നിട്ടും കഴിഞ്ഞ മത്സരങ്ങളിലെ പോലെ വിക്കറ്റ് തകര്‍ച്ചയാണ് രാജസ്ഥാന് വിനയായത്. അവസാന 12 പന്തില്‍ 18 റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ  അഞ്ചാം പരാജയം മാത്രമാണ് രാജസ്ഥാന്‍ ലഭിച്ചത്.

ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലുമാണ്. വിരാട് 42 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 27 പന്തില്‍ നിന്ന് 50 റണ്‍സും നേടി. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സും നേടി. വാനിന്ദു ഹസരങ്കയാണ് സാള്‍ട്ടിനെ പുറത്താക്കി രാജസ്ഥാന് ആദ്യ വിക്കറ്റ് നേടിക്കൊടുത്തത്.

നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് ഹസരങ്ക വിക്കറ്റ് സ്വന്തമാക്കിയത്. നേടിയ ഒരു വിക്കറ്റുകൊണ്ട് ഒരു മിന്നും നാഴികക്കല്ല് സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്. ടി-20യില്‍ 200 വിക്കറ്റ് നേടാനാണ് ഹസരങ്കയ്ക്ക് സാധിച്ചത്. ടി-20യില്‍ 193 മത്സരങ്ങളില്‍ നിന്നുമാണ് ഹസരങ്ക ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും എട്ട് വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഹസരങ്കയ്ക്ക് പുറമെ രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

യശസ്വി ജെയ്‌സ്വാളാണ് രാജസ്ഥാന് വേണ്ടി മികവ് പുലര്‍ത്തിയത്. 19 പന്തില്‍ 49 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ധ്രുവ് ജുറെല്‍ 34 പന്തില്‍ 47 റണ്‍സും നിതീഷ് റാണ 22 പന്തില്‍ 28 റണ്‍സും നേടി. ബെംഗളൂരുവിന് വേണ്ടി 33 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: IPL 2025: RR VS RCB: Wanindu Hasaranga Complete 200 T-20 Wickets

We use cookies to give you the best possible experience. Learn more