| Thursday, 24th April 2025, 10:35 am

സഞ്ജു ഇപ്പോഴും ഫിറ്റല്ല; കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും? പുതിയ അപ്‌ഡേറ്റുമായി ദ്രാവിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ നേരിടും. തുടര്‍ച്ചയായ നാല് തോല്‍വിയുമായി ചിന്നസ്വാമിയില്‍ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ നിരയില്‍ ഇന്നും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കളിക്കില്ല. ദല്‍ഹിക്കെതിരായ മത്സരത്തില്‍ ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.

ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിലും കളിക്കാതിരുന്ന നായകന്‍ ഈ മത്സരത്തിലും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് നേരത്തെ തന്നെ അറിയിച്ചിരുന്നു. സഞ്ജു ടീമിനൊപ്പം ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാതെ രാജസ്ഥാനില്‍ തന്നെ തുടരുകയാണ്. ഇപ്പോള്‍ താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെക്കുകയാണ് രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

ടീമിന്റെ മെഡിക്കല്‍ ടീം സഞ്ജു ഫിറ്റാണെന്ന് വിധിക്കാത്തതിനാലാണ് ബെംഗളുരുവിനെതിരെ താരം കളിക്കാത്തതെന്നും റിസ്‌ക് എടുക്കേണ്ടതില്ലയെന്ന് തങ്ങള്‍ തിരുമാനിച്ചതിനാലാണ് നായകന്‍ ടീമിനൊപ്പം ബെംഗളുരുവിലേക്ക് യാത്ര ചെയ്യാതിരുന്നതെന്നും ദ്രാവിഡ് പറഞ്ഞു. എത്രയും വേഗം സഞ്ജുവിനെ തിരിച്ചെത്തിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ദ്രാവിഡ്.

‘എല്‍.എസ്.ജിക്കെതിരായ അവസാന മത്സരം സഞ്ജുവിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ മത്സരവും താരത്തിന് നഷ്ടമാവും. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. ഞങ്ങളുടെ മെഡിക്കല്‍ ടീം താരം കളിക്കാന്‍ ഫിറ്റാണെന്ന് വിധിച്ചിട്ടില്ല.

വിമാന യാത്രകള്‍ പരിക്ക് ഗുരുതരമാക്കിയേക്കാം. അതിനാല്‍ ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത് റിസ്‌ക് എടുക്കേണ്ടതില്ലയെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എത്രയും വേഗം സഞ്ജുവിനെ തിരിച്ചെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും,’ ദ്രാവിഡ് പറഞ്ഞു.

സഞ്ജുവിന്റെ തിരിച്ച് വരവിന് കൃത്യമായ സമയപരിധി തനിക്ക് പറയാന്‍ കഴിയില്ലെന്നും താരത്തിന്റെ പുരോഗതി ദിവസേന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ദ്രാവിഡ് പറഞ്ഞു.

‘സഞ്ജുവിന്റെ പുരോഗതി ഞങ്ങള്‍ ദിവസേന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എപ്പോള്‍ ഫിറ്റ് ആകുമെന്നും മത്സരത്തിലേക്ക് തിരിച്ചെത്തുമെന്നും എനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല. പക്ഷേ ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.

രാജസ്ഥാന് അടുത്തടുത്തതായി മത്സരങ്ങള്‍ വരാനുണ്ട്. അതിനാല്‍, നമുക്ക് കാത്തിരുന്ന് കാണേണ്ടിവരും,’ ദ്രാവിഡ് പറഞ്ഞു.

സഞ്ജുവിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്നത് യുവതാരം റിയാന്‍ പരാഗാണ്. സീസണിലെ ആദ്യം മൂന്ന് മത്സരങ്ങളിലും പരാഗ് തന്നെയാണ് ടീമിനെ നയിച്ചിരുന്നത്.

ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് പുതിയ സീസണില്‍ മോശം ഫോമിലാണ്. എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണ് പിങ്ക് ആര്‍മിക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. നിലവില്‍ നാല് പോയിന്റുവും -0.633 നെറ്റ് റണ്‍റേറ്റുമായി രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്.

Content Highlight: IPL 2025: RR vs RCB: Rahul Dravid drops massive update on injured Sanju Samson return

Latest Stories

We use cookies to give you the best possible experience. Learn more