| Sunday, 6th April 2025, 9:22 am

അയ്യര്‍ പടക്ക് രാജസ്ഥാന്റെ അമ്പതിന്റെ വെട്ട്; റോയല്‍സിന്റെ ഒന്നാമനായി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തുടര്‍ച്ചായി ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരെ അവരുടെ തട്ടകത്തിലെത്തി തകര്‍ത്താണ് രാജസ്ഥാന്‍ ജയിച്ച് കയറിയത്. 50 റണ്‍സിന്റെ വിജയമാണ് സഞ്ജുവും സംഘവും നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് എടുത്തത്. യശസ്വി ജെയ്സ്വാളിന്റെ അര്‍ധ സെഞ്ച്വറിയും റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ എന്നിവരുടെ ഇന്നിങ്സുകളുമാണ് രാജസ്ഥാനെ വലിയ സ്‌കോറിലെത്തിച്ചത്.

ആദ്യ വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ലോക്കി ഫെര്‍ഗൂസനാണ് സഞ്ജുവിനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്. 26 പന്തില്‍ 38 റണ്‍സ് നേടിയ സഞ്ജു ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

വണ്‍ ഡൗണായി ക്രീസിലെത്തിയ റിയാന്‍ പരാഗ് തുടക്കത്തില്‍ വളരെ പതുക്കെയാണ് ബാറ്റ് വീശിയതെങ്കിലും പിന്നീട്ട് മൊമെന്റം കണ്ടെത്തി.

ടീം സ്‌കോര്‍ 123ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി 67 റണ്‍സെടുത്ത ജെയ്സ്വാളും മടങ്ങി. പിന്നാലെയെത്തിയ നിതീഷ് റാണയും ഷിംറോണ്‍ ഹെറ്റ്മെയറും മികച്ച കാമിയോ ഇന്നിങ്സുകള്‍ പുറത്തെടുത്തു. ഹെറ്റി 12 പന്തില്‍ 20 റണ്‍സും നിതീഷ് ഏഴ് പന്തില്‍ 12 റണ്‍സും നേടി മടങ്ങി.

പരാഗ് താളം കണ്ടെത്തുകയും പിന്നാലെയെത്തിയ ധ്രുവ് ജുറെല്‍ തകര്‍ത്തടിക്കുകയും ചെയ്തതോടെ സ്‌കോര്‍ 200 കടന്നു. ഈ ഗ്രൗണ്ടിലെ ആദ്യഐ.പി.എല്‍ 200+ സ്‌കോറാണിത്. പരാഗ് 25 പന്തില്‍ പുറത്താകാതെ 43 റണ്‍സും ജുറെല്‍ അഞ്ച് പന്തില്‍ പുറത്താകാതെ 13 റണ്‍സും സ്വന്തമാക്കി.

പഞ്ചാബിനായി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്ങും മാര്‍കോ യാന്‍സെനുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ ഞെട്ടിച്ചു. ഇന്നിങ്സിലെ ആദ്യ പന്തില്‍ പ്രിയാന്‍ഷ് ആര്യയെ ജോഫ്രാ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെയെത്തിയ ശ്രേയസ് അയ്യരെയും (10) അതേ ഓവറിലെ അവസാന പന്തില്‍ പുറത്താക്കി രാജസ്ഥാന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

പ്രഭ്‌സിമ്രാന്‍ സിങ്ങും മാര്‍കസ് സ്റ്റോയ്നിസിസും രണ്ട് ഓവറുകളുടെ ഇടവേളയില്‍ മടങ്ങിയതോടെ നാലിന് 43 എന്ന നിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച നേഹല്‍ വധേരയും ഗ്ലെന്‍ മാക്‌സ്വെലും പഞ്ചാബിന് പ്രതീക്ഷ നല്‍കി.

മാക്‌സിയെ മഹീഷ് തീക്ഷണ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത് 88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അടുത്ത ഓവറില്‍ ആദ്യ പന്തില്‍ വാനിന്ദു ഹസരങ്ക വധേരയെ മടക്കിയതോടെ പഞ്ചാബിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. പിന്നാലെ വന്നവര്‍ 15 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഒമ്പതിന് 155 റണ്‍സ് എന്ന നിലയില്‍ പഞ്ചാബിന്റെ പോരാട്ടം അവസാനിപ്പിച്ചു.

അതോടെ, രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കുകയായിരുന്നു. ടീമിനായി ജോഫ്രെ ആര്‍ച്ചര്‍ മൂന്നും സന്ദീപ് ശര്‍മയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

2025 ഐ.പി.എല്ലില്‍ ക്യാപ്റ്റനായി തിരിച്ച് വന്ന ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടാന്‍ സഞ്ജുവിന് സാധിച്ചു. ഇതിന് പിന്നാലെ ഒരു നേട്ടവും രാജസ്ഥാന്‍ നായകന്‍ സ്വന്തം പേരില്‍ കുറിച്ചു. രാജസ്ഥാനെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച നായകന്‍ എന്ന നേട്ടത്തിലാണ് സഞ്ജു എത്തിയത്. താരം 62 മത്സരങ്ങളില്‍ 32 വിജയങ്ങളാണ് നായകന്‍ എന്ന നിലയില്‍ സ്വന്തമാക്കിയത്. പിങ്ക് ആര്‍മിയുടെ ആദ്യ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണിനെയാണ് സഞ്ജു പിന്നിലാക്കിയത്.

രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച നായകര്‍

(ക്യാപ്റ്റന്‍ – മത്സരം – വിജയങ്ങള്‍ എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 62 – 32

ഷെയ്ന്‍ വോണ്‍ – 55 – 31

രാഹുല്‍ ദ്രാവിഡ് – 40 – 23

സ്റ്റീവ് സ്മിത്ത് – 27 – 15

അജിന്‍ക്യ രഹാനെ – 24 – 9

Content Highlight: IPL 2025: RR vs PBKS: Rajasthan Royals Won The Match Against Punjab Kings And Captain Sanju Samson Bags Most Wins For RR

We use cookies to give you the best possible experience. Learn more