ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 220 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി പഞ്ചാബ് കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നേഹല്‍ വധേരയുടെയും ശശാങ്ക് സിങ്ങിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്.
നേഹല്‍ വധേര 37 പന്തില്‍ 70 റണ്‍സടിച്ചപ്പോള്‍ 30 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് ശശാങ്ക് സിങ് അടിച്ചെടുത്തത്.
ഇതോടെ ഒരു മോശം റെക്കോഡ് രാജസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുകയാണ്. ഒരു സീസണില്‍ ഏറ്റവുമധികം തവണ 200 റണ്‍സ് വഴങ്ങുന്ന ടീമെന്ന അനാവശ്യ നേട്ടമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
ഈ സീസണില്‍ ഇത് ഏഴാം തവണയാണ് രാജസ്ഥാന്‍ 200 റണ്‍സ് വഴങ്ങുന്നത്. 2024ല്‍ ഏഴ് തവണ ഇരുന്നൂറിലധികം റണ്‍സ് വിട്ടുകൊടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് രാജസ്ഥാന്‍ ഈ അനാവശ്യ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് (രണ്ട് തവണ), റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഈ സീസണില്‍ രാജസ്ഥാനെതിരെ 200 റണ്‍സ് സ്വന്തമാക്കിയത്.
(ടീം – എത്ര തവണ – വര്‍ഷം എന്നീ ക്രമത്തില്‍)
രാജസ്ഥാന്‍ റോയല്‍സ് – 7 – 2025
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 7 – 2024
ദല്‍ഹി ക്യാപ്പിറ്റല്‍സ് – 6 – 2024
മുംബൈ ഇന്ത്യന്‍സ് – 6 – 2023
നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബിന് നാല് ഓവര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ടോപ് ഓര്‍ഡറിനെ നഷ്ടപ്പെട്ടിരുന്നു. പ്രിയാന്‍ഷ് ആര്യ (ഏഴ് പന്തില്‍ ഒമ്പത്), മിച്ചല്‍ ഓവന്‍ (രണ്ട് പന്തില്‍ പൂജ്യം). പ്രഭ്‌സിമ്രാന്‍ സിങ് (പത്ത് പന്തില്‍ 21) എന്നിവരാണ് പുറത്തായത്.
നാലാം ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി നേഹല്‍ വധേര സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ ശ്രേയസിനെ പുറത്താക്കി റിയാന്‍ പരാഗാണ് കൂട്ടുകെട്ട് പൊളിച്ചത്. 25 പന്തില്‍ 30 റണ്‍സുമായി ശ്രേയസ് ജെയ്‌സ്വാളിന് ക്യാച്ച് നല്‍കി മടങ്ങി.
പിന്നാലെയെത്തിയ ശശാങ്ക് സിങ്ങിനൊപ്പവും വധേര അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 159ല്‍ നില്‍ക്കവെ 37 പന്തില്‍ 70 റണ്‍സുമായി വധേര മടങ്ങി. സീസണിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് താരം തന്റെ പേരില്‍ കുറിച്ചത്.
വധേര പുറത്തായെങ്കിലും ശശാങ്ക് തന്റെ വെടിക്കെട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 219 റണ്‍സ് സ്വന്തമാക്കി. ശശാങ്ക് 30 പന്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായ് ഒമ്പത് പന്തില്‍ പുറത്താകാതെ 21 റണ്‍സും നേടി.
രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റിയാന്‍ പരാഗ്, ക്വേന മഫാക്ക, ആകാശ് മധ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 16 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്.
Content Highlight: IPL 2025: RR vs PBKS: Rajasthan Royals set an unwanted record of team conceding 200 runs most times in a season