| Sunday, 18th May 2025, 9:33 am

ആരാധകരെ... ഇതാ സഞ്ജുവെത്തുന്നു; നിര്‍ണായക അപ്‌ഡേറ്റുമായി നായകന്‍ 

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ ‘രണ്ടാം ഭാഗ’ത്തില്‍ ഇന്ന് ഡബിള്‍ ഹെഡ്ഡര്‍ ദിവസമാണ്. ആദ്യ മത്സരത്തില്‍ ഫാന്‍ ഫേവറേറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടും. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ്മാന്‍ സിങ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

രാജസ്ഥാന്‍ ഇന്ന് സ്വന്തം സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ടാകും. തുടര്‍ തോല്‍വിയില്‍ ഉലയുന്ന ടീമിന് ആരാധകരുടെ പ്രിയ നായകന്റെ തിരിച്ച് വരവ് വലിയ ആശ്വാസമാകും.

മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജു തന്നെയാണ് തന്റെ തിരിച്ച് വരവിനെ കുറിച്ച് സംസാരിച്ചത്. പരിക്ക് പറ്റി മാറിനിന്നത്  നിരാശപ്പെടുത്തുന്നതാണെന്നും ഡഗൗട്ടില്‍ നിന്ന് മത്സരങ്ങള്‍ കാണുന്നത് വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു എന്നും സഞ്ജു പറഞ്ഞു.

ടീം തോല്‍ക്കുന്നത് കാണുന്നതും കളിക്കളത്തില്‍ സംഭാവന നല്‍കാന്‍ കഴിയാത്തതും ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍, ഇതെല്ലാം ഒരു ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണെന്നും അദ്ദേഹ അഭിപ്രായപ്പെട്ടു. ശാന്തത പാലിക്കാനും പോസിറ്റീവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും റോയല്‍സ് നായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. അതുകൊണ്ട് പഞ്ചാബിനെതിരെ ഞാനുമുണ്ടാകും. അതെ, ‘നിരാശപ്പെടുത്തല്‍’ എന്നത് തീര്‍ച്ചയായും ശരിയായ പദമാണെന്ന് ഞാന്‍ കരുതുന്നു. ഡഗൗട്ടില്‍ നിന്ന് മത്സരങ്ങള്‍ കാണുന്നത് വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു.

നിരവധി നിര്‍ണായക മത്സരങ്ങള്‍ എനിക്ക് നഷ്ടമായി. അത് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കി. മാനസികമായി, ടീം തോല്‍ക്കുന്നത് കാണുന്നതും കളിക്കളത്തില്‍ സംഭാവന നല്‍കാന്‍ കഴിയാത്തതും ബുദ്ധിമുട്ടായിരുന്നു.
എന്നാല്‍, ഇതെല്ലാം ഒരു ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണ്. ഞാന്‍ ശാന്തത പാലിക്കാനും പോസിറ്റീവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്,’ സഞ്ജു പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനങ്ങളുമായി തിളങ്ങുന്നതിനിടയിലാണ് സഞ്ജു പരിക്ക് പറ്റി മത്സരങ്ങളില്‍ നിന്ന് പുറത്ത് പോയത്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ ഇടുപ്പിന് പരിക്ക് പറ്റിയാണ് താരത്തിന് സീസണിലെ മത്സരങ്ങള്‍ നഷ്ടമായത്. സീസണിന്റെ തുടക്കത്തില്‍ മൂന്ന് മത്സരങ്ങളില്‍ സഞ്ജു പരിക്ക് കാരണം ബാറ്ററായാണ് ഇറങ്ങിയിരുന്നത്.

പതിനെട്ടാം സീസണില്‍ ഏഴ് മത്സരങ്ങളിലാണ് സഞ്ജു കളത്തിലിറങ്ങിയത്. ഈ മത്സരങ്ങളില്‍ നിന്ന് റോയല്‍സ് നായകന്‍ ഒരു അര്‍ധ സെഞ്ച്വറിയടക്കം 224 റണ്‍സെടുത്തിട്ടുണ്ട്. 37.33 ആവറേജും 143.58 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിട്ടുണ്ട്. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒമ്പത് തോല്‍വിയുമായി ടീം പോയിന്റ് ടേബിള്‍ ഒമ്പതാം സ്ഥാനത്താണ്.

Content Highlight: IPL 2025: RR vs PBKS: Rajasthan Royals captain Sanju Samson will play against Punjab Kings

We use cookies to give you the best possible experience. Learn more