| Monday, 5th May 2025, 9:02 am

പുറത്തായതില്‍ സങ്കടമുണ്ട്, ഞാന്‍ മത്സരം പൂര്‍ത്തിയാക്കേണ്ടതായിരുന്നു; തോല്‍വിയില്‍ പ്രതികരണവുമായി പരാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025 സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ 20 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

അവസാന പന്തില്‍ മൂന്ന് റണ്‍സ് നേടിയാല്‍ വിജയിക്കാമെന്നിരിക്കെ ഒരു റണ്‍സ് മാത്രം ചേര്‍ത്തുവെച്ച് രാജസ്ഥാന്‍ റണ്‍ ഔട്ടിലൂടെ മത്സരം പരാജയപ്പെടുകയായിരുന്നു.

മത്സരശേഷം രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് തോല്‍വിയെ കുറിച്ച് സംസാരിച്ചിരുന്നു. അവസാന ഓവറില്‍ പുറത്തായതില്‍ സങ്കടമുണ്ടെന്നും താന്‍ കളി പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും പരാഗ് പറഞ്ഞു. ഇതുപോലുള്ള മത്സരങ്ങളില്‍ പെര്‍ഫക്റ്റും ക്ലിനിക്കലുമായിരിക്കണമെന്നും തങ്ങള്‍ അങ്ങനെയല്ലാത്തതിനാല്‍ അതിന്റെ അനന്തരഫലത്തെ നേരിടുകയാണെന്നും താരം പറഞ്ഞു.

‘പുറത്തായതില്‍ ഞാന്‍ വളരെ സങ്കടത്തിലാണ്. സാഹചര്യം വിലയിരുത്തുന്നതില്‍ എനിക്ക് തെറ്റിയെന്ന് തോന്നുന്നു. ഞാന്‍ കളി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അവസാന ആറ് ഓവറുകളില്‍ ഞങ്ങള്‍ക്ക് മികച്ച ഓപ്ഷനുകള്‍ കണ്ടെത്താന്‍ കഴിയണമായിരുന്നു. സിക്‌സറുകള്‍ അടിക്കാന്‍ കഴിയുന്ന ഒരു ഗ്രൗണ്ടാണിത്. അതിനാല്‍ ക്രീസില്‍ തുടര്‍ന്നാല്‍ ബൗണ്ടറികള്‍ അടിക്കാനാകുമെന്ന് എനിക്കറിയാമായിരുന്നു.

പിച്ച് അല്‍പ്പം തിരിയുന്നുണ്ടായിരുന്നു. എനിക്ക് ഷോട്ടുകള്‍ ശ്രദ്ധയോടെ അടിക്കേണ്ടി വന്നു. എങ്കിലും എനിക്ക് കളി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുവെന്ന് തോന്നി. ഇതുപോലുള്ള മത്സരങ്ങളില്‍, നിങ്ങള്‍ പെര്‍ഫക്റ്റും ക്ലിനിക്കലുമായിരിക്കണം. പക്ഷേ ഞങ്ങള്‍ അങ്ങനെയായിരുന്നില്ല. അതിനാല്‍ ഇപ്പോള്‍ നമ്മള്‍ അതിന്റെ അനന്തരഫലത്തെ നേരിടുകയാണ്,’ പരാഗ് പറഞ്ഞു.

രാജസ്ഥാന്‍ നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് പരാഗായിരുന്നു. 45 പന്തില്‍ 95 നേടിയത്. എട്ട് സിക്സും ആറ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഇതില്‍ രണ്ട് ഓവറുകളില്‍ നിന്ന് തുടര്‍ച്ചയായി നേടിയ ആറ് സിക്‌സുകളും ഉള്‍പ്പെടും. 211.11 സ്ട്രൈക്ക് റേറ്റിലാണ് പരാഗ് കൊല്‍ക്കത്തക്കെതിരെ സ്‌കോര്‍ ചെയ്തത്.

താരത്തിന് പുറമെ യശസ്വി ജെയ്‌സ്വാള്‍ ( 21 പന്തില്‍ 34), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (23 പന്തില്‍ 29), ശുഭം ദുബെ (14 പന്തില്‍ 25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഐ.പി.എല്‍ സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ഏറെ പ്രതീക്ഷയോടെ നിലനിര്‍ത്തിയ ധ്രുവ് ജുറെലും നിരാശപ്പെടുത്തി.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വൈഭവ് അറോറ ഒരു വിക്കറ്റും സ്വന്തമാക്കി.

മത്സരത്തില്‍ നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത ആന്ദ്രേ റസലിന്റെ തകര്‍പ്പന്‍ വെടിക്കെട്ടിലാണ് മികച്ച ടോട്ടലിലെത്തിയത്.

25 പന്ത് നേരിട്ട് പുറത്താകാതെ 57 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. 228.00 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആറ് സിക്‌സറുകളും നാല് ഫോറും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്‌സ്.

റസലിന് പുറമെ യുവതാരം അംഗ്രിഷ് രഘുവംശി, വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

രഘുവംശി 31 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. ആറ് പന്തില്‍ 19 റണ്‍സടിച്ച റിങ്കു സിങ്ങിന്റെ പ്രകടനവും നിര്‍ണായകമായി.

രാജസ്ഥാനായി റിയാന്‍ പരാഗ്, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, യുദ്ധ്വീര്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: IPL 2025: RR vs KKR: Rajasthan Royals captain  Riyan Parag speaks about the defeat against Kolkata Knight Riders

We use cookies to give you the best possible experience. Learn more