| Monday, 31st March 2025, 8:45 am

ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഠിച്ച പാഠം, ഒരിക്കലും ഹസരങ്കയ്‌ക്കെതിരെ സിക്‌സറടിക്കരുത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തില്‍ പിങ്ക് ആര്‍മി വിജയിച്ചിരുന്നു. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഉദ്ഘാടന ചാമ്പ്യന്‍മാരുടെ വിജയം.

രാജസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയുടെയും നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയുടെയും കരുത്തിലാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്.

രാഹുല്‍ ത്രിപാഠി, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, ഇംപാക്ട് പ്ലെയറായെത്തിയ ശിവം ദുബെ, സൂപ്പര്‍ താരം വിജയ് ശങ്കര്‍ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കന്‍ സൂപ്പര്‍ സ്പിന്നര്‍ സ്വന്തമാക്കിയത്.

തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഹസരങ്ക വേട്ട ആരംഭിച്ചത്. രാഹുല്‍ ത്രിപാഠിയെ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ കൈകളിലെത്തിച്ച് താരം മടക്കി.

പത്താം ഓവറിലെ മൂന്നാം പന്തിലാണ് സ്പിന്‍ ബാഷറായ ശിവം ദുബെയെ ഹസരങ്ക പുറത്താക്കുന്നത്. റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ദുബെ മടങ്ങിയത്. പുറത്താകുന്നതിന് തൊട്ടുമുമ്പുള്ള പന്തില്‍ ദുബെ ഹസരങ്കയെ സിക്‌സറിന് പറത്തിയിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഹസരങ്ക പ്രതികാരം റോയലാക്കി.

12ാം ഓവറിലെ നാലാം പന്തില്‍ വിജയ് ശങ്കറും ഹസരങ്കയ്‌ക്കെതിരെ സിക്‌സര്‍ നേടി. തൊട്ടടുത്ത പന്തില്‍ വിജയ് ശങ്കറിനെ ക്ലീന്‍ ബൗള്‍ഡാക്കി ഹസരങ്ക തിളങ്ങി.

തന്റെ സ്‌പെല്ലിലെ അവസാന ഓവറിലെ നാലാം പന്തില്‍ ചെന്നൈ നായകന്‍ ഗെയ്ക്വാദും രാജസ്ഥാന്‍ ഓള്‍ റൗണ്ടര്‍ക്കെതിരെ സിക്‌സറടിച്ചിരുന്നു. എന്നാല്‍ ദുബെയുടെയും വിജയ് ശങ്കറിന്റെയും അതേ ഗതി തന്നെയായിരുന്നു ക്യാപ്റ്റനുമുണ്ടായിരുന്നത്. സിക്‌സര്‍ വഴങ്ങി തൊട്ടടുത്ത പന്തില്‍ തന്നെ വിക്കറ്റെടുത്താണ് താരം തിളങ്ങിയത്.

രണ്ട് മത്സരത്തില്‍ നിന്നും അഞ്ച് വിക്കറ്റുമായി ഐ.പി.എല്‍ 2025ലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഹസരങ്ക. 13.80 ശരാശരിയിലും 8.40 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം നിലവില്‍ പന്തെറിയുന്നത്.

(ഐ.പി.എല്‍ സ്റ്റാറ്റുകളുടെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

Content Highlight: IPL 2025: RR vs CSK: Wanindu Hasaranga’s brilliant performance against Chennai Super Kings

We use cookies to give you the best possible experience. Learn more