| Monday, 31st March 2025, 11:08 am

പ്ലെയര്‍ ഓഫ് ദി മാച്ച് ലഭിക്കേണ്ടിയിരുന്നത് നിതീഷിനില്ല, റിയാന്‍ പരാഗിന്; കാരണം ചൂണ്ടിക്കാട്ടി സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് മൂന്നാം മത്സരത്തില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ അസം, ഗുവാഹത്തിയിലെ ബര്‍സാപര അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചുകയറിയത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരം നിതീഷ് റാണയുടെ ബാറ്റിങ് കരുത്തിലും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്കയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെയും ബലത്തിലാണ് രാജസ്ഥാന്‍ ജയിച്ചുകയറിയത്.

36 പന്ത് നേരിട്ട് 81 റണ്‍സ് നേടിയാണ് നിതീഷ് റാണ തിളങ്ങിയത്. പത്ത് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നിതീഷിനെ തേടിയെത്തി.

എന്നാല്‍ ഈ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിന് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കണമെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. ചെന്നൈക്കെതിരെ പരാഗ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങിയെന്നുമാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ കൂടിയായ റെയ്‌ന അഭിപ്രായപ്പെട്ടത്.

‘മികച്ച ക്യാപ്റ്റന്‍സി പുറത്തെടുത്ത റിയാന്‍ പരാഗിനായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കേണ്ടിയിരുന്നത്. കളത്തില്‍ അവന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഹര്‍ഭജന്‍ സിങ്ങും റെയ്‌നയുടെ അഭിപ്രായത്തെ പിന്തുണച്ചിരുന്നു.

‘ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ അവന്‍ മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഒപ്പം ശിവം ദുബെയെ പുറത്താക്കാന്‍ ഒരു തകര്‍പ്പന്‍ ക്യാച്ചെടുക്കുകയും ചെയ്തു,’ ഹര്‍ഭജന്‍ പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ നിതീഷ് റാണ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ സഞ്ജുവിനെ ഒപ്പം കൂട്ടി 82 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് റാണ പടുത്തുയര്‍ത്തിയത്.

എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സഞ്ജുവിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. 16 പന്തില്‍ 20 റണ്‍സടിച്ചാണ് താരം പുറത്തായത്. പിന്നാലെയെത്തിയ റിയാന്‍ പരാഗിനെ ഒപ്പം കൂട്ടിയും റാണ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി.

ടീം സ്‌കോര്‍ 124ല്‍ നില്‍ക്കവെ റാണയെ മടക്കി അശ്വിന്‍ തന്റെ പഴയ ടീമിന് പ്രഹരമേല്‍പ്പിച്ചു. അശ്വിന്‍ മാജിക്കില്‍ പിറന്ന സ്റ്റംപിങ്ങിലൂടെ പുറത്താകുമ്പോള്‍ 36 പന്തില്‍ 81 റണ്‍സാണ് റാണയുടെ പേരിലുണ്ടായിരുന്നത്.

പിന്നാലെയെത്തിയ ധ്രുവ് ജുറെലും ഹസരങ്കയും നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ചെറുത്തുനിന്നു. 28 പന്തില്‍ 37 റണ്‍സാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയത്. 16 പന്തില്‍ 19 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് രാജസ്ഥാന്‍ 181 റണ്‍സ് നേടി.

ചെന്നൈയ്ക്കായി മതിശ പതിരാന, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവീന്ദ്ര ജഡജേയും ആര്‍. അശ്വിനും ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കും തുടക്കം പാളി. ഓപ്പണര്‍ രചിന്‍ രവീന്ദ്ര ഒരു റണ്‍സ് പോലും നേടാനാകാതെ പുറത്തായി. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ ഗെയ്ക്വാദ് രാഹുല്‍ ത്രിപാഠിയെ കൂട്ടുപിടിച്ച് സ്‌കോറിങ്ങിന് അടിത്തറയിട്ടു.

ടീം സ്‌കോര്‍ 46ല്‍ നില്‍ക്കവെ ത്രിപാഠി മടങ്ങി. 19 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്. നാലാം നമ്പറില്‍ ഇംപാക്ട് പ്ലെയറായി ശിവം ദുബെ ക്രീസിലെത്തി. സ്പിന്‍ ബാഷറായ ദുബെ കാര്യമായ ഇംപാക്ട് ഒന്നുമുണ്ടാക്കാതെ സ്പിന്നര്‍ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 10 പന്തില്‍ 18 റണ്‍സ് നേടിയാണ് ദുബെ പുറത്തായത്. ഹസരങ്കയാണ് വിക്കറ്റ് നേടിയത്.

ആറ് പന്തില്‍ ഒമ്പത് റണ്‍സുമായി വിജയ് ശങ്കറും പുറത്തായി. ടീം സ്‌കോര്‍ 129ല്‍ നില്‍ക്കവെ ക്യാപ്റ്റനും മടങ്ങിയതോടെ ചെന്നൈ കൂടുതല്‍ പരുങ്ങലിലായി. 44 പന്തില്‍ 63 റണ്‍സാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.

ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ധോണിക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 11 പന്തില്‍ 16 റണ്‍സുമായി ധോണി മടങ്ങി. നാല് പന്തില്‍ പുറത്താകാതെ ഓവര്‍ട്ടണ്‍ തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും സമയം വൈകിയിരുന്നു. 22 പന്തില്‍ 32 റണ്‍സുമായി രവീന്ദ്ര ജഡജേയും തിളങ്ങിയിരുന്നു.

രാജസ്ഥാനായി വാനിന്ദു ഹസരങ്ക നാല് വിക്കറ്റെടുത്തപ്പോള്‍ ജോഫ്രാ ആര്‍ച്ചറും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: IPL 2025: RR vs CSK: Suresh Raina says Riyan Parag deserves Player Of The Match award

We use cookies to give you the best possible experience. Learn more