ഐ.പി.എല്‍ 2025ന്റെ ആദ്യ ഫൈനലിസ്റ്റുകളായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുല്ലാന്‍പൂരില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ആര്‍.സി.ബി ഫൈനലിനുള്ള ടിക്കറ്റെടുത്തത്.
പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി മറികടന്നു. ഫില്‍ സാള്‍ട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയത്തിലേക്ക് ഓടിക്കയറിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തൊട്ടതെല്ലാം പാളിയിരുന്നു. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 50 കടക്കും മുമ്പേ നാല് വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബ് ഇന്നിങ്‌സിന് അടിത്തറയൊരുക്കാന്‍ പോലും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കായില്ല. ജോഷ് ഹെയ്‌സല്‍വുഡും യാഷ് ദയാലും ഭുവുനേശ്വര്‍ കുമാറുമടങ്ങിയ സ്പീഡ്സ്റ്റര്‍മാര്‍ ഹോം ടീമിന്റെ ആക്രമണത്തിന്റെ മുനയൊടിച്ചു.
പ്രിയാന്‍ഷ് ആര്യ അഞ്ച് പന്തില്‍ നാല് റണ്‍സിനും പ്രഭ്സിമ്രാന്‍ സിങ് പത്ത് പന്തില്‍ 18 റണ്‍സിനും ജോഷ് ഇംഗ്ലിസ് ഏഴ് പന്തില്‍ നാല് റണ്‍സിനും പുറത്തായി. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം സ്വന്തമാക്കിയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മടങ്ങിയത്.
പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ നേഹല്‍ വധേരയുടെ വിക്കറ്റും പഞ്ചാബിന് നഷ്ടമായി. യാഷ് ദയാലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു താരത്തിന്റെ മടക്കം. പത്ത് പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്.
സൂപ്പര്‍ താരം മാര്‍കസ് സ്റ്റോയ്‌നിസിനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്താനെത്തിയ ശശാങ്ക് സിങ്ങിനെ മടക്കി സുയാഷ് ശര്‍മയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി.
പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ ഇരട്ട വിക്കറ്റുമായാണ് സുയാഷ് തിളങ്ങിയത്. ഓവറിലെ രണ്ടാം പന്തില്‍ തന്നെ വെടിക്കെട്ട് വീരന്‍ ശശാങ്ക് സിങ്ങിന് ഡ്രസ്സിങ് റൂമിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് സുയാഷ് വേട്ടയാരംഭിച്ചു. അഞ്ച് പന്തില്‍ മൂന്ന് റണ്ണുമായി ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. സുയാഷിന്റെ ഗൂഗ്ലി റീഡ് ചെയ്യാനാകാതെ ശശാങ്ക് വിക്കറ്റ് സമ്മാനിച്ച് തിരിച്ചുനടന്നു.
ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ ആറാം വിക്കറ്റായി ശശാങ്കിനെ നഷ്ടപ്പെട്ടതോടെ പഞ്ചാബ് തങ്ങളുടെ ഗെയിം പ്ലാന്‍ പൊളിച്ചെഴുതാന്‍ നിര്‍ബന്ധിതരായി. പ്രഭ്സിമ്രാന്‍ സിങ്ങിനെ പിന്‍വലിച്ച് മുഷീര്‍ ഖാനെ ടീം ഇംപാക്ട് പ്ലെയറായി കളത്തിലിറക്കി.
എന്നാല്‍ ഒരു ഇംപാക്ടമുണ്ടാക്കാതെ മുഷീര്‍ തിരിച്ചുനടന്നു. ബ്രോണ്‍സ് ഡക്കായാട്ടായിരുന്നു താരത്തിന്റെ മടക്കം. സുയാഷിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ഖാന്‍ പുറത്താകുന്നത്. അമ്പയര്‍ ഔട്ട് വിളിച്ചതിന് തൊട്ടുപിന്നാലെ താരം റിവ്യൂ എടുത്തെങ്കിലും മൂന്നാം അമ്പയര്‍ ആര്‍.സി.ബിക്ക് അനുകൂലമായി വിധിയെഴുതി.
തന്റെ അടുത്ത ഓവറില്‍ മാര്‍കസ് സ്‌റ്റോയ്‌നിസിനെയും സുയാഷ് തിരിച്ചയച്ചു. 17 പന്തില്‍ 26 റണ്‍സടിച്ചാണ് ഓസ്‌ട്രേലിയന്‍ കരുത്തന്‍ തിരിച്ചുനടന്നത്. ടീമിന്റെ ടോപ് സ്‌കോററും സ്‌റ്റോയ്‌നിസ് തന്നെയായിരുന്നു.
14ാം ഓവറിലെ മൂന്നാം പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ഹര്‍പ്രീത് ബ്രാറിനെയും 15ാം ഓവറിലെ ആദ്യ പന്തില്‍ ഹെയ്‌സല്‍വുഡ് അസ്മത്തുള്ള ഒമര്‍സായിയെയും മടക്കിയതോടെ പഞ്ചാബ് 101ലൊതുങ്ങി.
പഞ്ചാബ് നിരയില്‍ വെറും മൂന്ന് താരങ്ങളാണ് ഇരട്ടയക്കം കണ്ടത്. സ്റ്റോയ്‌നിസിനും പ്രഭ്‌സിമ്രാനും പുറമെ ഒമര്‍സായിയാണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം. 12 പന്ത് നേരിട്ട് 18 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ആര്‍.സി.ബിക്കായി സുയാഷ് ശര്‍മ, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. യാഷ് ദയാല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡും ഭുവനേശ്വര്‍ കുമാറും ഓരോ താരങ്ങളെയും മടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും വിരാട് കോഹ്‌ലിയുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടപ്പെട്ടിരുന്നു. ടീം സ്‌കോര്‍ 30ല്‍ നില്‍ക്കവെ 12 പന്തില്‍ 12 റണ്‍സുമായി കൈല്‍ ജാമൈസണ് വിക്കറ്റ് നല്‍കി വിരാട് തിരിച്ചുനടന്നു.
വണ്‍ ഡൗണായി മായങ്ക് അഗര്‍വാളാണ് ക്രീസിലെത്തിയത്. എന്നാല്‍ മായങ്കിനെ ഒരറ്റത്ത് നിര്‍ത്തി സാള്‍ട്ട് വെടിക്കെട്ട് തുടര്‍ന്നു. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി ബെംഗളൂരുവിനെ വിജയത്തിലേക്ക് നയിക്കവെ അഗര്‍വാളിനെ മുഷീര്‍ ഖാന്‍ പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചു. 13 പന്തില്‍ 19 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അഗര്‍വാള്‍ മടങ്ങിയെങ്കിലും സാള്‍ട്ട് ഉറച്ചുനിന്നു. നേരിട്ട 23ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി സാള്‍ട്ട് ആര്‍.സി.ബിയെ വിജയത്തിന് തൊട്ടരികിലെത്തിച്ചു. ഒടുവില്‍ വിജയത്തിന് രണ്ട് റണ്‍സ് വേണമെന്നിരിക്കെ ക്യാപ്റ്റന്‍ പാടിദാര്‍ സിക്‌സറടിച്ച് ഫൈനലിന് ടിക്കറ്റുറപ്പിക്കുകയായിരുന്നു. സാള്‍ട്ട് 27 പന്തില്‍ 56 ണ്‍സും പാടിദാര്‍ എട്ട് പന്തില്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു.
Content Highlight: IPL 2025: Royal Challengers Bengaluru won the 1st Qualifier and advance to final