| Tuesday, 3rd June 2025, 11:26 pm

പൊട്ടിക്കരയൂ വിരാട്... ഇത് നിങ്ങളുടെ ദിവസം; ഒടുവില്‍ ഈ സാലാ കപ്പ് നംദൂ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025 ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് ആര്‍.സി.ബി സ്വന്തമാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷ്ടപ്പെട്ടിരുന്നു. ഒമ്പത് പന്തില്‍ 16 റണ്‍സുമായി നില്‍ക്കവെ കൈല്‍ ജാമൈസണിന്റെ പന്തില്‍ ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനെ ഒപ്പം കൂട്ടി വിരാട് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എന്നാല്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ യൂസി ചഹല്‍ അഗര്‍വാളിനെ അര്‍ഷ്ദീപിന്റെ കൈകളിലെത്തിച്ച് മടക്കി. 18 പന്ത് നേരിട്ട് 24 റണ്‍സുമായാണ് അഗര്‍വാള്‍ മടങ്ങിയത്.

ശേഷമെത്തിയ രജത് പാടിദാര്‍ 16 പന്തില്‍ 26 റണ്‍സ് നേടിയും പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് ബൗളര്‍മാര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് അപ്പര്‍ഹാന്‍ഡ് ലഭിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചുപുലര്‍ത്തി.

ലിയാം ലിവിങ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ (പത്ത് പന്തില്‍ 24), റൊമാരിയോ ഷെപ്പേര്‍ഡ് (ഒമ്പത് പന്തില്‍ 17) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 190ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും കൈല്‍ ജാമൈസണും മൂന്ന് വിക്കറ്റ് വീതം നേടി. വൈശാഖ് വിജയ് കുമാര്‍, അസ്മത്തുള്ള ഒമര്‍സായ്, യൂസ്വന്ദ്രേ ചഹല്‍ എന്നിവര്‍ ചേര്‍ന്ന് ശേഷിച്ച വിക്കറ്റുകളും പിഴുതു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മോശമല്ലാത്ത തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 43 റണ്‍സുമായി ഓപ്പണര്‍മാര്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കി.

അഞ്ചാം ഓവറിലെ അവസാന പന്തില്‍ പ്രിയാന്‍ഷ് ആര്യയെ മടക്കി ജോഷ് ഹെയ്‌സല്‍വുഡാണ് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. 19 പന്തില്‍ 24 റണ്‍സുമായാണ് താരം മടങ്ങിയത്.

പ്രഭ്‌സിമ്രാനൊപ്പം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനെത്തിയ പ്രഭ്‌സിമ്രാനും പിന്നീട് അധികം ആയുസ്സുണ്ടായില്ല. 22 പന്തില്‍ 26 റണ്‍സുമായി താരം മടങ്ങി.

നാലാം നമ്പറിലെത്തിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരിനെ ഒറ്റ റണ്‍സിന് മടക്കി റൊമാരിയോ ഷെപ്പേര്‍ഡ് പഞ്ചാബിനെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ടീം സ്‌കോര്‍ നൂറ് കടക്കും മുമ്പേ ജോഷ് ഇംഗ്ലിസും മടങ്ങി. 23 പന്ത് നേരിട്ട് 39 റണ്‍സുമായാണ് വിക്കറ്റ് കീപ്പര്‍ തിരിച്ചുനടന്നത്.

രണ്ടാം ക്വാളിഫയറില്‍ ക്യാപ്റ്റന് കട്ട സപ്പോര്‍ട്ട് നല്‍കിയ നേഹല്‍ വധേരയും വമ്പനടി വീരന്‍ മാര്‍കസ് സ്റ്റോയ്‌നിസും ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ മടങ്ങിയതോടെ പഞ്ചാബ് തോല്‍വി മുമ്പില്‍ കണ്ടുതുടങ്ങി.

വധേര 18 പന്തില്‍ 15 റണ്‍സ് നേടി മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ ആറ് റണ്‍സാണ് സ്റ്റോയ്‌നിസിന് കണ്ടെത്താന്‍ സാധിച്ചത്. ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ താരം സിക്‌സറടിച്ചപ്പോള്‍ ആര്‍.സി.ബി ക്യാമ്പ് മൂകമായെങ്കിലും തൊട്ടടുത്ത പന്തില്‍ യാഷ് ദയാല്‍ താരത്തെ ക്യാച്ചെടുത്ത് മടക്കിയതോടെ സ്‌റ്റേഡിയം ആവേശത്താല്‍ മുഖരിതമായി. ഭുവിയാണ് രണ്ട് പേരെയും മടക്കിയത്.

പിന്നാലെയെത്തിയ അസ്മത്തുള്ള ഒമര്‍സായ് വന്നതുപോലെ മടങ്ങിയെങ്കിലും മറുവശത്ത് ശശാങ്ക് സിങ് ചെറുത്തുനിന്നു. 30 പന്തില്‍ പുറത്താകതെ 61 റണ്‍സാണ് ശശാങ്ക് സ്വന്തമാക്കിയത്.

ഒടുവില്‍ പഞ്ചാബ് 184 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ആര്‍.സി.ബിക്കായി ക്രുണാല്‍ പാണ്ഡ്യയും ബുവനേശ്വര്‍ കുമാറും രണ്ട് വിക്കര്‌റ് വീതം നേടിയപ്പോള്‍ യാഷ് ദയാല്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: IPL 2025: Royal Challengers Bengaluru wins the title

We use cookies to give you the best possible experience. Learn more