| Sunday, 20th April 2025, 7:15 pm

ചിന്നസ്വാമിയില്‍ മാത്രമേ വിജയിക്കാന്‍ അറിയാത്തതുള്ളൂ; പതിവ് തെറ്റിച്ചില്ല, ഒപ്പം പ്രതികാരവും; റോയലായി റോയല്‍ ചലഞ്ചേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നു.

ഈ വിജയത്തോടെ എട്ട് മത്സരത്തില്‍ നിന്നും അഞ്ച് വിജയത്തോടെ പത്ത് പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാനും റോയല്‍ ചലഞ്ചേഴ്‌സിനായി. സീസണില്‍ എതിരാളികളുടെ തട്ടകത്തില്‍ കളിച്ച അഞ്ച് മത്സരത്തിലും വിജയിച്ചാണ് ആര്‍.സി.ബി കുതിക്കുന്നത്. ചിന്നസ്വാമിയിലെ മൂന്ന് മത്സരത്തിലും ടീം പരാജയപ്പെടുകയും ചെയ്തു.

മുല്ലാന്‍പൂരിന് പുറമെ കൊല്‍ക്കത്ത, ചെന്നൈ, മുംബൈ, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് റോയല്‍ ചലഞ്ചേഴ്‌സ് വിജയം സ്വന്തമാക്കിയത്. ബെംഗളൂരിലെ മൂന്ന് മത്സരവും പരാജയപ്പെടുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തില്‍, ബെംഗളൂരുവിലെത്തി തങ്ങളെ പരാജയപ്പെടുത്തിയതിനുള്ള തിരിച്ചടി കൂടിയാണ് ആര്‍.സി.ബി പൂര്‍ത്തിയാക്കിയത്.

നേരത്തെ മഴമൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് മാത്രമാണ് പഞ്ചാബിന് നേടാന്‍ സാധിച്ചത്. 17 പന്തില്‍ 33 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ശശാങ്ക് സിങ് (33 പന്തില്‍ 31), ജോഷ് ഇംഗ്ലിസ് (17 പന്തില്‍ 29), മാര്‍കോ യാന്‍സെന്‍ (20 പന്തില്‍ പുറത്താകാതെ 25), പ്രിയാന്‍ഷ് ആര്യ (15 പന്തില്‍ 22) എന്നിവരാണ് ടീമിലെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പത്ത് പന്ത് നേരിട്ട് ആറ് റണ്‍സാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്തായത്. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

റോയല്‍ ചലഞ്ചേഴ്‌സിനായി ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഒരു റണ്‍സിന് മടങ്ങി. അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വീഴ്ത്തിയത്.

വണ്‍ ഡൗണായെത്തിയ ദേവ് ദത്ത് പടിക്കലും വിരാട് കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ചെയ്‌സിങ്ങില്‍ നിര്‍ണായകമായത്. ടീം സ്‌കോര്‍ ആറില്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 109ലാണ്.

ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി ഹര്‍പ്രീത് ബ്രാറാണ് കൂട്ടുകെട്ട് പൊളിച്ചത്. ഈ സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറിയുമായാണ് പടിക്കല്‍ പുറത്തായത്. നാല് സിക്‌സറും അഞ്ച് ഫോറും ഉള്‍പ്പടെ 35 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്.

നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ 13 പന്തില്‍ 12 റണ്‍സടിച്ച് പുറത്തായെങ്കിലും പിന്നാലെയെത്തിയ ജിതേഷ് ശര്‍മയെ ഒപ്പം കൂട്ടി വിരാട് റോയല്‍ ചലഞ്ചേഴ്‌സിന് അഞ്ചാം വിജയം സമ്മാനിച്ചു.

54 പന്തില്‍ വിരാട് പുറത്താകാതെ 73 റണ്‍സും ജിതേഷ് ശര്‍മ എട്ട് പന്തില്‍ 11 റണ്‍സും നേടി.

Content Highlight: IPL 2025: Royal Challengers Bengaluru defeated Punjab Kings

We use cookies to give you the best possible experience. Learn more