| Tuesday, 27th May 2025, 11:49 pm

പന്തിന്റെ സെഞ്ച്വറിക്കും റോയല്‍ ചലഞ്ചേഴ്‌സിന്റെ വഴി മുടക്കാനായില്ല; ക്യാപ്റ്റന്റെ കരുത്തില്‍ രണ്ടാം സ്ഥാനത്തേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ ആദ്യ ക്വാളിഫയറിന് യോഗ്യത നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ലഖ്‌നൗവിലെ എകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ കരുത്തില്‍ ലഖ്‌നൗ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടിയപ്പോള്‍ ബെംഗളൂരു ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയുടെ വെടിക്കെട്ടില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. ഇതോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും റോയല്‍ ചലഞ്ചേഴ്സിനായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് ഓപ്പണര്‍ മാത്യൂ ബ്രീറ്റ്‌സ്‌കിയെ തുടക്കത്തിലേ നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 25ല്‍ നില്‍ക്കവെ 12 പന്തില്‍ 14 റണ്‍സ് നേടിയാണ് താരം പുറത്തായത്. നുവാന്‍ തുഷാരുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ റിഷബ് പന്തെത്തിയതോടെ മത്സരത്തില്‍ സൂപ്പര്‍ ജയന്റ്‌സ് മേല്‍ക്കൈ സ്വന്തമാക്കി. രണ്ടാം വിക്കറ്റില്‍ 152 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് മിച്ചല്‍ മാര്‍ഷും റിഷബ് പന്തും സൂപ്പര്‍ ജയന്റ്‌സ് ഇന്നിങ്‌സ് കെട്ടിപ്പൊക്കിയത്.

ഒരു വശത്ത് നിന്ന് മാര്‍ഷും മറുവശത്ത് നിന്ന് പന്തും ആര്‍.സി.ബി ബൗളര്‍മാരെ പഞ്ഞിക്കിട്ടു. നേരിട്ട 29ാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പന്ത് ഗോഡ് മോഡിലാണ് കളം നിറഞ്ഞാടിയത്.

ഇതിനിടെ 37 പന്തില്‍ 67 റണ്‍സുമായി മാര്‍ഷ് തിരിച്ചുനടന്നു. സീസണിലെ ആറാം ഫിഫ്റ്റിയുമായാണ് മാര്‍ഷ് തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്.

നാലാം നമ്പറിലെത്തിയ നിക്കോളാസ് പൂരന് തന്റെ ബ്രൂട്ടല്‍ ഹിറ്റിങ് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ റോളും പന്ത് ഏറ്റെടുത്തു. പൂരനെ സാക്ഷിയാക്കി ബൗണ്ടറിയടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി താരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അല്‍പ്പം വൈകിയാണെങ്കിലും നല്‍കി.

ഒടുവില്‍ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റില്‍ 227ലെത്തി. പന്ത് 61 പന്തില്‍ 118 റണ്‍സും അബ്ദുള്‍ സമദ് ഒരു പന്തില്‍ ഒരു റണ്ണും നേടി പുറത്താകാതെ നിന്നു.

റോയല്‍ ചലഞ്ചേഴ്സിനായി നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി വിരാട് – സാള്‍ട്ട് സഖ്യം ലഖ്‌നൗവില്‍ നിറഞ്ഞാടി.

ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ സാള്‍ട്ടിനെ മടക്കി ആകാശ് സിങ് ഹോം ടീമിനാശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 19 പന്തില്‍ 30 റണ്‍സുമായി ദിഗ്വേഷ് സിങ് രാഥിക്ക് ക്യാച്ച് നല്‍കിയാണ് സാള്‍ട്ട് പുറത്തായത്.

ഇംപാക്ട് പ്ലെയറായെത്തിയ രജത് പാടിദാര്‍ കാര്യമായ ഇംപാക്ട് ഉണ്ടാക്കാതെ തിരിച്ചു നടന്നു. ഏഴ് പന്തില്‍ 14 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ് ലിക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനോ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ താരത്തിന് സാധിച്ചില്ല.

പിന്നാലെയെത്തിയ ലിയാം ലിവിങ്സ്റ്റണ്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ 90/3 എന്ന നിലയിലേക്ക് ബെംഗളൂരുവെത്തി.

ടീം സ്‌കോര്‍ 123ല്‍ നില്‍ക്കവെ നാലാം വിക്കറ്റായി വിരാടും പുറത്തായി. 30 പന്തില്‍ 54 റണ്‍സ് നേടിയാണ് വിരാട് തിരിച്ചുനടന്നത്. പത്ത് ഫോറടക്കം 180.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മായങ്ക് അഗര്‍വാള്‍ – ജിതേഷ് ശര്‍മ ഡുവോ മികച്ച കൂട്ടുകെട്ടുമായി ബെംഗളൂരുവിന്റെ പ്രതീക്ഷകള്‍ അവസാനിക്കാതെ കാത്തു. എന്നാല്‍ ടീം സ്‌കോര്‍ 189ല്‍ നില്‍ക്കവെ നായകന്‍ ജിതേഷ് ശര്‍മയെ പുറത്താക്കിയിരുന്നു.

എകാനയില്‍ ഒത്തുകൂടിയ ആര്‍.സി.ബി ആരാധകരുടെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചെങ്കിലും ആ പന്ത് നോ ബോളെന്ന് വിധിയെഴുതിയതോടെ ആരാധകര്‍ ആവേശത്തിലായി. ഫ്രീ ഹിറ്റ് ഡെലിവെറി സിക്‌സറിന് പറത്തിയ ജിതേഷ് തന്റെ അര്‍ധ സഞ്ച്വറിയും പൂര്‍ത്തിയാക്കി.

അതേ ഓവറില്‍ തന്നെ ദിഗ്വേഷ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടിന് ശ്രമിച്ചെങ്കിലും റിഷബ് പന്ത് അപ്പീല്‍ പിന്‍വലിച്ചു. തുടര്‍ന്നും ജിതേഷ് – മായങ്ക് കൂട്ടുകെട്ടില്‍ ആര്‍.സി.ബി സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു. 18ാം ഓവറില്‍ വില്‍ ഒ റൂര്‍ക്കിനെ തുടര്‍ച്ചയായി സിക്‌സറുകള്‍ക്ക് പറത്തി ജിതേഷ് ആര്‍.സി.ബിയെ വിജയത്തിന് തൊട്ടരികിലെത്തിച്ചു.

ഒടുവില്‍ ആയുഷ് ബദോണിയെ സിക്‌സറിന് പറത്തി ജിതേഷ് ശര്‍മ ടീമിന് വിജയം സമ്മാനിച്ചു. അഞ്ചാം വിക്കറ്റില്‍ 107 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ക്യാപ്റ്റനും മായങ്ക് അഗര്‍വാളും ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ജിതേഷ് ശര്‍മ 33 പന്തില്‍ പുറത്താകാതെ 85 റണ്‍ല് നേടിയ വിജയത്തിന്റെ നെടുംതൂണായി. ആറ് സിക്‌സറും എട്ട് ഫോറും അടക്കം 257.58 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. മായങ്ക് അഗര്‍വാള്‍ 23 പന്തില്‍ പുറത്താകാതെ 41 റണ്‍സും സ്വന്തമാക്കി.

സൂപ്പര്‍ ജയന്റ്‌സിനായി വില്‍ ഒ റൂര്‍ക് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആകാശ് സിങ്ങും ആവേശ് ഖാനും ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2025: Royal Challengers Bengaluru defeated Lucknow Super Giants and advance to qualifier 1

We use cookies to give you the best possible experience. Learn more