ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്.
ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 163 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ശേഷിക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയുടെയും വിരാട് കോഹ്‌ലിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളും ടിം ഡേവിഡിന്റെ ഫിനിഷിങ്ങുമാണ് ചെയ്‌സിങ്ങില്‍ ടീമിന് തുണയായത്.
മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാല്‍ തുടരെ തുടരെ വിക്കറ്റ് വീണതോടെ ക്യാപ്പിറ്റല്‍സ് സമ്മര്‍ദത്തിലായി.
പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബെംഗളൂരു ബൗളര്‍മാര്‍ ക്യാപ്പിറ്റല്‍സിനെ തളച്ചിട്ടത്. അഭിഷേക് പോരല്‍ (11 പന്തില്‍ 28), കരുണ്‍ നായര്‍ (നാല് പന്തില്‍ നാല്) എന്നിവരാണ് പവര്‍പ്ലേയില്‍ പുറത്തായത്.
ഫാഫ് ഡു പ്ലെസിയും കെ.എല്‍. രാഹുലും ചേര്‍ന്ന് പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ആരംഭിച്ചെങ്കിലും വലിയ പാര്‍ട്ണര്‍ഷിപ്പിലേക്ക് പോകാതെ ആര്‍.സി.ബി തടഞ്ഞുനിര്‍ത്തി. ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ ഡു പ്ലെസിയെ പുറത്താക്കി ക്രുണാല്‍ പാണ്ഡ്യയാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 26 പന്തില്‍ 22 റണ്‍സ് നേടിയാണ് താരം താരം പുറത്തായത്.
ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 13 പന്തില്‍ 15 റണ്‍സും കെ.എല്‍. രാഹുല്‍ 39 പന്തില്‍ 41 റണ്‍സും നേടി പുറത്തായി.
ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ച പിച്ചില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ പ്രകടനമാണ് ക്യാപ്പിറ്റല്‍സിനെ 150 കടത്തിയത്. 18 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടക്കം 34 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ക്യാപ്പിറ്റല്‍സ് 162ലെത്തി.
ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ക്രുണാല്‍ പാണ്ഡ്യയും യാഷ് ദയാലുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് തുടക്കം പിഴച്ചു. 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ടീം സമ്മര്‍ദത്തിലേക്ക് വഴുതി വീണു.
മൂന്നാം ഓവറില്‍ ഇരട്ട വിക്കറ്റുമായി ക്യാപ്റ്റന്‍ അക്‌സല്‍ പട്ടേലാണ് ബെംഗളൂരു ആരാധകരെ ഞെട്ടിച്ചത്. ഓവറിലെ ആദ്യ പന്തില്‍ ജേകബ് ബേഥലിനെ (ആറ് പന്തില്‍ 12) പുറത്താക്കിയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ബൗണ്ടറി ലൈനിന് സമീപം കരുണ്‍ നായരുടെ മികച്ച ക്യാച്ചാണ് ബേഥലിന്റെ പുറത്താകലിന് വഴിയൊരുക്കിയത്.
ഓവറിലെ മൂന്നാം പന്തില്‍ ദേവ്ദത്ത് പടിക്കലിനെ ക്ലീന്‍ ബൗള്‍ഡാക്കി അക്‌സര്‍ പട്ടേല്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. സില്‍വര്‍ ഡക്കായാണ് പടിക്കല്‍ പുറത്തായത്.
ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ ഡയറക്ട് ഹിറ്റ് റണ്‍ ഔട്ടിലൂടെ കരുണ്‍ നായര്‍ പുറത്താക്കിയതോടെ ആര്‍.സി.ബി 26/3 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ നാലാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയെത്തിയതോടെ ആര്‍.സി.ബി മത്സരത്തിലേക്ക് മടങ്ങിവന്നു. പതിയെയെങ്കിലും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് വിരാട്-ക്രുണാല്‍ സഖ്യം ബെംഗളൂരുവിന് ജീവവായുവായി.
നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിരിച്ചടിച്ചത്. ടീം സ്‌കോര്‍ 26ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 145ലാണ്.
47 പന്തില്‍ 51 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെ മടക്കി ദുഷ്മന്ത ചമീരയാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ടിം ഡേവിഡ് സമയമൊട്ടും പാഴാക്കാതെ തന്റെ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശിയതോടെ ഒമ്പത് പന്ത് ശേഷിക്കെ ആര്‍.സി.ബി വിജയം സ്വന്തമാക്കി.
ക്രുണാല്‍ പാണ്ഡ്യ 47 പന്തില്‍ പുറത്താകാതെ 73 റണ്‍സും ടിം ഡേവിഡ് അഞ്ച് പന്തില്‍ പുറത്താകാതെ 19 റണ്‍സും അടിച്ചെടുത്തു.
ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. പത്ത് മത്സരത്തില്‍ ഏഴ് ജയവുമായി 14 പോയിന്റോടെയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
Content Highlight: IPL 2025: Royal Challengers Bengaluru defeated Delhi Capitals