ഐ.പി.എല്‍ 2025ലെ രണ്ടാം സതേണ്‍ ഡെര്‍ബി മത്സരത്തിലും റോയല്‍ ചലഞ്ചേഴ്‌സിന് വിജയം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ രണ്ട് റൺസിന്റെ ജയമാണ് ഹോം ടീം സ്വന്തമാക്കിയത്.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി വിരാട് കോഹ്‌ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി. വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിയെ 200 കടത്തിയത്. ആറ് സിക്സറും നാല് ഫോറും അടക്കം 378.57 സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
തുടക്കം മുതല്‍ക്കുതന്നെ ആക്രമിച്ചുകളിച്ചാണ് ആര്‍.സി.ബി സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുമായി വിരാട് – ബേഥല്‍ സഖ്യം തിളങ്ങി.
മികച്ച രീതിയില്‍ ചെന്നൈ ബൗളര്‍മാരെ പഞ്ഞിക്കിട്ട് മുമ്പോട്ട് കുതിച്ച ഈ റണ്ണൊഴുക്കിന് തടയിട്ടത് മതീശ പതിരാനയാണ്. പത്താം ഓവറിലെ അഞ്ചാം പന്തില്‍ ബേഥലിനെ പുറത്താക്കി സൂപ്പര്‍ കിങ്സ് ആദ്യ ബ്രേക് ത്രൂ നേടി. യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ അവിശ്വസനീയമായ ക്യാച്ചിലൂടെയാണ് സൂപ്പര്‍ കിങ്സ് ബേഥലിനെ മടക്കിയത്.
വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ വിരാടിനെയും ടീമിന് നഷ്ടമായി. 33 പന്തില്‍ 62 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. അഞ്ച് വീതം ഫോറും സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സാം കറനാണ് വിരാടിനെ പുറത്താക്കിയത്.
വിരാടും ബേഥലും ചേര്‍ന്ന് തുടക്കത്തില്‍ സ്വന്തമാക്കിയ മൊമെന്റം പിന്നാലെയെത്തിയവര്‍ കളഞ്ഞുകുളിച്ചു. ദേവ്ദത്ത് പടിക്കല്‍ (15 പന്തില്‍ 17), ജിതേഷ് ശര്‍മ (എട്ട് പന്തില്‍ ഏഴ്), ക്യാപ്റ്റന്‍ രജത് പാടിദാര്‍ (15 പന്തില്‍ 11) എന്നിവര്‍ നിരാശപ്പെടുത്തി.
18ാം ഓവറിലെ അഞ്ചാം പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ക്രീസിലെത്തിയതോടെ സ്‌കോര്‍ ബോര്‍ഡും അതിവേഗം ചലിച്ചു. 17.4 ഓവറില്‍ 157/5 എന്ന നിലയില്‍ നിന്നും 20.0 ഓവറില്‍ 213/5 എന്ന നിലയിലേക്കാണ് ഷെപ്പേര്‍ഡ് ടീമിനെ നയിച്ചത്.
സൂപ്പര്‍ കിങ്‌സിനായി മതീശ പതിരാന മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദും സാം കറനും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സിനും മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി യുവതാരങ്ങളായ ആയുഷ് മാഹ്‌ത്രെയും ഷെയ്ഖ് റഷീദും മികച്ച പ്രകടനം പുറത്തെടുത്തു. ഒരു വശത്ത് നിന്ന് മാഹ്‌ത്രെ ആഞ്ഞടിക്കുമ്പോള്‍ മറുവശത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ സംരക്ഷിച്ച് സ്‌കോര്‍ ഉയര്‍ത്താനാണ് ഷെയ്ഖ് റഷീദ് ശ്രമിച്ചത്.
ടീം സ്‌കോര്‍ 51ല്‍ നില്‍ക്കവെ ഷെയ്ഖ് റഷീദിനെ മടക്കി ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. റൊമാരിയോ ഷെപ്പേര്‍ഡിന്റെ കൈകളിലൊതുങ്ങി മടങ്ങുമ്പോള്‍ 11 പന്തില്‍ 14 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.
കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ സാം കറന്‍ ഇത്തവണ പാടെ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
എന്നാല്‍ നാലാം നമ്പറില്‍ രവീന്ദ്ര ജഡേജ ക്രീസിലെത്തിയതോടെ സൂപ്പര്‍ കിങ്‌സ് മത്സരത്തിലേക്ക് മടങ്ങിയെത്തി. മറുവശത്ത് ജഡേജയുണ്ടെന്ന ആത്മവിശ്വാസത്തില്‍ മാഹ്‌ത്രെ കൂടുതല്‍ ആക്രമിച്ചുകളിച്ചപ്പോള്‍ ജഡ്ഡു താരത്തിനാവശ്യമായ പിന്തുണയും നല്‍കി.
മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാണ് ഇരുവരും സൂപ്പര്‍ കിങ്‌സിന്റെ സാധ്യതകള്‍ കെടാതെ കാത്തത്.
ഇതിനിടെ ആയുഷ് മാഹ്‌ത്രെയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ജീവന്‍ ലഭിക്കുകയും ചെയ്തു. യാഷ് ദയാലെറിഞ്ഞ 16ാം ഓവറിലെ മൂന്നാം പന്തില്‍ മാഹ്‌ത്രെയെ ക്യാപ്റ്റന്‍ രജത് പാടിദാര്‍ കൈവിട്ടു. ക്യാച്ചിനായി മികച്ച ശ്രമം നടത്തിയെങ്കിലും ഭാഗ്യം സൂപ്പര്‍ കിങ്‌സ് യുവതാരത്തെ തുണച്ചു.
ഓവറിലെ അവസാന പന്തില്‍ ജഡ്ഡുവിനെയും ഭാഗ്യം തുണച്ചു. സിക്‌സറടിക്കാനുള്ള ശ്രമം പിഴച്ചെങ്കിലും ബൗണ്ടറി ലൈനിന് സമീപം ലുങ്കി എന്‍ഗിഡി എളുപ്പത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുമായിരുന്ന ക്യാച്ച് പാഴാക്കി.
എന്നാല്‍ 17ാം ഓവറില്‍ പാഴാക്കിയ ക്യാച്ചിന് പ്രായശ്ചിത്തമായി എന്‍ഗിഡി ആയുഷ് മാഹ്‌ത്രെയെ പുറത്താക്കി. അര്‍ഹിച്ച സെഞ്ച്വറിക്ക് ആറ് റണ്‍സകലെ ക്രുണാല്‍ പാണ്ഡ്യയുടെ കൈകളിലൊതുങ്ങിയാണ് സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ മടങ്ങിയത്. ഒമ്പത് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. തൊട്ടടുത്ത പന്തില്‍ ഡെവാള്‍ഡ് ബ്രെവിസിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയ എന്‍ഗിഡി സൂപ്പര്‍ കിങ്‌സിന് ഇരട്ട പ്രഹരം സമ്മാനിച്ചു.
പിന്നാലെയെത്തിയ ധോണിയും ജഡേജയും ചേര്‍ന്ന് അവസാന ഓവറില്‍ വിജയിക്കാന്‍ 15 റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. എന്നാല്‍ ഓവറിലെ മൂന്നാം പന്തില്‍ ധോണിയെ മടക്കി യാഷ് ദയാല്‍ മത്സരം കൂടുതല്‍ ആവേശകരമാക്കി. എട്ട് പന്തില്‍ 12 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അടുത്ത പന്ത് ക്രീസിലെത്തിയ ശിവം ദുബെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി. എന്നാല്‍ ആ പന്ത് നോ ബോളുമായതോടെ ഹോം ടീം സമ്മര്‍ദത്തിലായി. എന്നാല്‍ അവസാന രണ്ട് പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ യാഷ് ദയാല്‍ അത് കൃത്യമായി ഡിഫന്‍ഡ് ചെയ്യുകയും സൂപ്പര്‍ കിങ്‌സ് രണ്ട് റണ്‍സിന് പരാജയപ്പെടുകയും ചെയ്തു. ജഡേജ 45 പന്തില്‍ പുറത്താകാതെ 77 റണ്‍സ് നേടി.
റോയല്‍ ചലഞ്ചേഴ്‌സിനായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
സീസണില്‍ ഇത് രണ്ടാം തവണയാണ് സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്‌സിനോട് പരാജയപ്പെടുന്നത്. ഈ വിജയത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തു.
Content Highlight: IPL 2025: Royal Challengers Bengaluru defeated Chennai Super Kings