| Wednesday, 21st May 2025, 12:43 pm

ജീവന്‍ മരണപോരാട്ടത്തില്‍ ഹിറ്റാവാന്‍ രോഹിത്; നോട്ടമിടുന്നത് 'ട്രിപ്പിള്‍ സെഞ്ച്വറി'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടമാണ്. ഇന്ന് നടക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം പ്ലേ ഓഫില്‍ എത്തുന്ന  അവസാന സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകും.

ഇരു ടീമുകളും പ്ലേ ഓഫില്‍ എത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള ക്യാപിറ്റല്‍സിന് തോല്‍വി പുറത്തേക്കുള്ള വഴി തെളിയും. നിലവില്‍ ടീമിന് 12  മത്സരങ്ങളില്‍ ആറ് ജയവും അഞ്ച് തോല്‍വിയുമാണുള്ളത്.

അതേസമയം, ദല്‍ഹിക്കെതിരെ ജയിക്കാനായാല്‍ മുംബൈ ഇന്ത്യന്‍സിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവും. 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമായി 14 പോയിന്റാണ് മുന്‍ ചാമ്പ്യന്മാര്‍ക്കുള്ളത്.

സ്വന്തം തട്ടകത്തില്‍ ഇന്ന് ഇറങ്ങുമ്പോള്‍ മുംബൈ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്. ഐ.പി.എല്ലില്‍ 300  സിക്‌സുകള്‍ എന്ന നാഴികകല്ലാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ഇതിനായി ഇന്ത്യന്‍ നായകന് മൂന്ന് സിക്‌സുകള്‍ മാത്രമാണ് വേണ്ടത്.

ദല്‍ഹിക്കെതിരെ ഈ നേട്ടം പിന്നിടാനായാല്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാകാന്‍ രോഹിത്തിന് സാധിക്കും. മാത്രമല്ല, ആദ്യ ഇന്ത്യന്‍ എന്ന നേട്ടവും മുംബൈ ഓപ്പണര്‍ക്ക് സ്വന്തം പേരില്‍ കുറിക്കാനാവും.

നിലവില്‍ രോഹിത് ടൂര്‍ണമെന്റില്‍ 268 മത്സരങ്ങളില്‍ നിന്ന് 297 സിക്‌സുകള്‍ നേടിയിട്ടുണ്ട്. പതിനെട്ട് സീസണുകളില്‍ നിന്ന് 627 ഫോറുകളും താരം അടിച്ചെടുത്തിട്ടുണ്ട്. തന്റെ ടി -20 കരിയറില്‍ മൊത്തം 542 സിക്സും 1097 ഫോറും മുംബൈ താരത്തിന്റെ  പേരിലുണ്ട്.

പതിനെട്ടാം സീസണ്‍ വളരെ മോശം പ്രകടനത്തോടെയാണ് തുടങ്ങിയതെങ്കിലും രോഹിത് ഇതുവരെ 17 സിക്സും 28 ഫോറുമാണ് തന്റെ അക്കൗണ്ടില്‍ ചേര്‍ത്തത്. ഈ സീസണില്‍ താരം 11  മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 300 റണ്‍സ് നേടിയിട്ടുണ്ട്. താരത്തിന് 30 ആവറേജും 152.28 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്.

Content Highlight: IPL 2025: MI vs DC: Rohit Sharma needs three sixes to complete 300 sixes in IPL

We use cookies to give you the best possible experience. Learn more