| Thursday, 15th May 2025, 6:01 pm

കോഹ്‌ലി സ്വന്തമാക്കിയ രാജ പദവിയിലേക്ക് രോഹിത്തും; നോട്ടമിടുന്നത് വമ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പതിനെട്ടാം സീസണ്‍ പുനരാരംഭിക്കാന്‍ ആവേശത്തെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യ – പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് താത്കാലിമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17നാണ് വീണ്ടും തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിലെ ‘രണ്ടാം ഭാഗ’ത്തില്‍ മെയ് 21നാണ് ആദ്യ മത്സരത്തില്‍ ഇറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ഒരു സുവര്‍ണ നേട്ടമാണ്.

ടൂര്‍ണമെന്റില്‍ 7000 റണ്‍സ് എന്ന നാഴികക്കല്ല് നേടാണ് രോഹിത്തിന് അവസരമുള്ളത്. ഈ നേട്ടത്തിലെത്താന്‍ 72 റണ്‍സാണ് താരത്തിന് വേണ്ടത്. ദല്‍ഹിക്കെതിരെ ഈ നായികക്കല്ല് പിന്നിട്ടാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ഈ 7000 റണ്‍സ് പൂത്തിയാക്കുന്ന രണ്ടാമത്തെ താരമാകാന്‍ രോഹിത്തിന് സാധിക്കും.

സൂപ്പര്‍ താരം വിരാട് കോഹ്‌ലി മാത്രമാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഈ നേട്ടത്തില്‍ എത്തിയിട്ടുള്ളത്. ആദ്യ സീസണ്‍ മുതലേ ബെംഗളൂരു താരമായ വിരാട് 8509 റണ്‍സുമായാണ് മുന്നേറുന്നത്.

ഐ.പി.എല്ലില്‍ 268 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് 6928 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും 46 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണ് താരം ഇത്രയും റണ്‍സ് നേടിയത്. രോഹിത് തന്റെ ഐ.പി.എല്‍ കരിയറില്‍ ബാറ്റേന്തിയത് 29.73 ശരാശരിയിലും 131.93 സ്‌ട്രൈക്ക് റേറ്റിലുമാണ്.

ആദ്യ സീസണ്‍ മുതല്‍ തന്നെ ഐ.പി.എല്ലിന്റെ ഭാഗമായ രോഹിത് ഡെക്കാന്‍ ചാര്‍ജേഴ്സിലും മുംബൈ ഇന്ത്യന്‍സിലും കളിച്ചിട്ടുണ്ട്. ആദ്യ മൂന്ന് സീസണുകളില്‍ ഡെക്കാന്‍ ചാര്‍ജേഴ്സില്‍ കളിച്ച് 1170 റണ്‍സും താരം നേടിയിട്ടുണ്ട്.

അതേസമയം, രോഹിത് മോശം പ്രകടനങ്ങളോടെയാണ് പതിനെട്ടാം സീസണ്‍ തുടങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് അര്‍ധ സെഞ്ച്വറിയുമായി താരം ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 300 റണ്‍സ് ഇന്ത്യന്‍ നായകന്‍ നേടിയിട്ടുണ്ട്.

നിലവില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായ മുംബൈ ഇന്ത്യന്‍സ് പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാരാണ്. 12 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും അഞ്ച് തോല്‍വിയുമായി 14 പോയിന്റാണ് ഉള്ളത്. മുംബൈയ്ക്ക് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.

Content Highlight: IPL 2025: Rohit Sharma needs 72 runs to complete 7000 runs in IPL and join Virat Kohli in a IPL record

Latest Stories

We use cookies to give you the best possible experience. Learn more