ഐ.പി.എല്‍ 2025ലെ 41ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. 26 പന്ത് ശേഷിക്കവെയായിരുന്നു മുംബൈയുടെ വിജയം.
സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 144 റണ്‍സിന്റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കരുത്തില്‍ മുംബൈ മറികടക്കുകയായിരുന്നു.
46 പന്ത് നേരിട്ട് 70 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. 19 പന്തില്‍ പുറത്താകാതെ 40 റണ്‍സാണ് സ്‌കൈ അടിച്ചെടുത്തത്.
ഈ പ്രകടനത്തിന് പിന്നാലെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകളും രോഹിത് സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ 12,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് രോഹിത് റെക്കോഡിട്ടത്. ഈ നേട്ടത്തിലെത്തുന്ന എട്ടാമത് താരവും രണ്ടാമത് ഇന്ത്യന്‍ താരവുമാണ് ഹിറ്റ്മാന്‍.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
ക്രിസ് ഗെയ്ല്‍ – 14,562
ആലക്‌സ് ഹേല്‍സ് – 13,610
ഷോയ്ബ് മാലിക് – 13,571
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 13,537
വിരാട് കോഹ് ലി – 13,208
ഡേവിഡ് വാര്‍ണര്‍ – 13,019
ജോസ് ബട്‌ലര്‍ – 12,469
രോഹിത് ശര്‍മ – 12,058*
ജെയിംസ് വിന്‍സ് – 11,833
ആരോണ്‍ ഫിഞ്ച് – 11,458
ഇതിനൊപ്പം മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ മുംബൈ ഇന്ത്യന്‍സ് ഇതിഹാസവും ബാറ്റിങ് പരിശീലകനുമായ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ മറികടക്കാനും രോഹിത്തിനായി.
(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 259*
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 258
സൂര്യകുമാര്‍ യാദവ് – 127
ഹര്‍ദിക് പാണ്ഡ്യ – 115
ഇഷാന്‍ കിഷന്‍ – 106
സീസണില്‍ സണ്‍റൈസേഴ്‌സിനെതിരായ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും മുംബൈ ഇന്ത്യന്‍സിനായി. ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും നാല് തോല്‍വിയുമായി പത്ത് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 27നാണ് മുംബൈയുടെ അടുത്ത മത്സരം. സ്വന്തം തട്ടകനായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.
Content Highlight: IPL 2025: Rohit Sharma completed 12,000 T20 runs