| Monday, 26th May 2025, 4:32 pm

അങ്ങനെ സംഭവിച്ചില്ലെങ്കില്‍ നിങ്ങള്‍ ഒരു ട്വീറ്റോ ഇന്‍സ്റ്റഗ്രാം പോസ്റ്റോ കാണും; ധോണിയുടെ വിരമിക്കലില്‍ ഉത്തപ്പ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം ചെന്നൈ നായകന്‍ എം.എസ്. ധോണിയുടെ വിരമിക്കലാണ്. തലയുടെ ഡൈ ഹാര്‍ഡ് ആരാധകര്‍ ധോണി അടുത്ത സീസണും കളിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ മറ്റു ചിലര്‍ ഈ സീസണോടെ ധോണി പടിയിറങ്ങണമെന്നാണ് ആവശ്യപ്പെടുന്നത്. പതിനെട്ടാം സീസണിലെ താരത്തിന്റെ മോശം പ്രകടനത്തോടെ പല സീനിയര്‍ താരങ്ങളും ധോണി പടിയിറങ്ങണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ധോണി താന്‍ വിരമിക്കുമെന്നോ അടുത്ത സീസണിലും കളിക്കുമോ എന്ന് പറയുന്നില്ലെന്ന് പ്രതികരിച്ചിരുന്നു. അതില്‍ തീരുമാനം എടുക്കാന്‍ ഇനിയും സമയമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോള്‍ ധോണിയുടെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

ധോണിയുടെ വിരമിക്കല്‍ താരത്തിന്റെ ആരോഗ്യത്തെയും ചിന്താഗതിയെയും ആശ്രയിച്ചിരിക്കുന്നുവെന്നും അവന്‍ ഇനിയും കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ പ്രതികരണം കാണിക്കുന്നതെന്നും മുന്‍ താരം പറഞ്ഞു. ശരീരത്തെ കളിക്കാനായി ഒരുക്കാനാവും ധോണി ഇനി ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

‘ഇതെല്ലാം അവന്റെ ആരോഗ്യത്തെയും അവന്‍ എങ്ങനെ തോന്നുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ധോണി ശരിക്കും കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ മനസിലാക്കണം. ഒരു തീ ഇപ്പോഴും അവനിലുണ്ട്. കഴിഞ്ഞ ദിവസം അവന്‍ പറഞ്ഞത് നോക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നേടാനും കളിക്കാനും ഇപ്പോഴും ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്.

ഇനി അടുത്ത ഐ.പി.എല്ലിനായി അവന്‍ ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ശരീരത്തെ കൊണ്ടുവരാന്‍ പരിശ്രമിക്കുന്നതിനെക്കുറിച്ചാണ് അവന്‍ ചിന്തിക്കുന്നുണ്ടാവുക. അത് സംഭവിച്ചില്ലെങ്കില്‍, മിനി-ലേലത്തിന് മുമ്പ് അവന്‍ വിരമിക്കും. ഇല്ലെങ്കില്‍, നിങ്ങള്‍ ഒരു ട്വീറ്റോ ഇന്‍സ്റ്റഗ്രാം പോസ്റ്റോ കാണും,’ ഉത്തപ്പ പറഞ്ഞു.

ധോണി ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 196 റണ്‍സാണ് നേടിയത്. 24.50 ആവറേജും 135.17 സ്‌ട്രൈക്ക് റേറ്റുമാണ് ചെന്നൈ നായകനുള്ളത്. താരത്തിന് പതിനെട്ടാം സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാനായിട്ടില്ല. സീസണിന്റെ തുടക്കത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയും ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയും നേടിയ 30 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Content Highlight: IPL 2025: Robin Uthappa talks about MS Dhoni

We use cookies to give you the best possible experience. Learn more