| Thursday, 20th March 2025, 3:46 pm

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം; ഗുവാഹത്തിയില്‍ ക്യാപ്റ്റനായി റിയാന്‍ പരാഗെത്തുമ്പോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുകയാണ്. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരങ്ങളില്‍ പ്യുവര്‍ ബാറ്ററായാകും സഞ്ജു കളത്തിലിറങ്ങുക.

സഞ്ജുവിന് പകരം യുവതാരം റിയാന്‍ പരാഗിന്റെ നേതൃത്വത്തിലാകും രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുക. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് പരാഗ് രാജസ്ഥാനെ നയിക്കുക.

സണ്‍റൈസേഴ്‌സിനെതിരെ അവരുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി കളിക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കെതിരെ ഹോം ഗ്രൗണ്ടിലും രാജസ്ഥാന്‍ കളിക്കും.

ഹോം ഗ്രൗണ്ടെന്നാല്‍ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമല്ല, അസം, ഗുവാഹത്തിയിലെ ബര്‍സാപര അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ ഈ മത്സരങ്ങള്‍ കളിക്കുക. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടാണിത്.

2023 മുതലാണ് രാജസ്ഥാന്‍ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തെ തങ്ങളുടെ രണ്ടാം ഹോം സ്‌റ്റേഡിയമായി പരിഗണിക്കാന്‍ തുടങ്ങിയത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിക്കറ്റിന് കൂടുതല്‍ വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യവും കൂടി ഇതിന് പിറകിലുണ്ടായിരുന്നു.

2023 ഏപ്രില്‍ രണ്ടിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്‍ ബര്‍സാപരയില്‍ തങ്ങളുടെ ആദ്യ മത്സരം കളിച്ചത്. ഇതാദ്യമായിട്ടായിരുന്നു ഒരു നോര്‍ത്ത് ഈസ്‌റ്റേണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഐ.പി.എല്ലിന് വേദിയായത്.

2025ല്‍ ഈ ഗ്രൗണ്ടില്‍ കളിക്കുന്ന രണ്ട് മത്സരത്തിലും ഹോം ടൗണ്‍ ഹീറോയായ റിയാന്‍ പരാഗായിരിക്കും രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുക. തന്റെ സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുന്നതിന്റെ എല്ലാ ത്രില്ലും പരാഗിനുണ്ടാകും, കാരണം മലയാളികള്‍ക്ക് സഞ്ജു എങ്ങനെയാണോ, അതുപോലെയാണ് അസം ആരാധകര്‍ക്ക് റിയാന്‍ പരാഗും.

ആഭ്യന്തര തലത്തില്‍ അസമിനെ നയിച്ച താരം ഇതാദ്യമായിട്ടാണ് ലോകമറിയുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഒരു ടീമിനെ നയിക്കുന്നത്.

തങ്ങളുടെ പുതിയ ക്യാപ്റ്റന്‍സി മെറ്റീരിയലായി പരാഗിനെ വളര്‍ത്തിയെടുക്കുന്നതിനൊപ്പം തന്നെ അസം ജനതയ്ക്ക് തങ്ങളുടെ പ്രിയപ്പെട്ടവനെ ക്യാപ്റ്റനായി സ്വന്തം തട്ടകത്തില്‍ കാണാനുള്ള അവസരവും രാജസ്ഥാന്‍ ഒരുക്കി നല്‍കിയിരിക്കുകയാണ്.

അതേസമയം, ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ക്യാപ്റ്റനായി മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിന്റെ ഹോം സ്‌റ്റേഡിയമായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

നിതീഷ് റാണ, ശുഭം ദുബെ, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, വാനിന്ദു ഹസരങ്ക, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കുണാല്‍ സിങ് റാത്തോഡ് (വിക്കറ്റ് കീപ്പര്‍), മഹീഷ് തീക്ഷണ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ഫസല്‍ഹഖ് ഫാറൂഖി, ക്വേന മഫാക്ക, അശോക് ശര്‍മ, സന്ദീപ് ശര്‍മ, ജോഫ്രാ ആര്‍ച്ചര്‍, യുദ്ധ്‌വീര്‍ സിങ്.

Content highlight: IPL 2025: Riyan Parag to lead Rajasthan Royals in both home matches in Guwahati

We use cookies to give you the best possible experience. Learn more