ഐ.പി.എല്ലില്‍ ഇന്നലെ നടന്ന (വ്യാഴം) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ഐ.പി.എല്‍ 2025ല്‍ പുറത്താകുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് രാജസ്ഥാന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് പുറത്താകുകയായിരുന്നു. സീസണില്‍ മോശം തുടക്കം നേരിട്ടെങ്കിലും തുടര്‍ച്ചയായി ആറ് മത്സരം വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ. മത്സര ശേഷം തോല്‍വിയുടെ കാരണത്തെക്കുറിച്ച് രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് സംസാരിച്ചിരുന്നു.
‘ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു, അതുപോലെ തന്നെ ഒരുപാട് കാര്യങ്ങള്‍ തെറ്റായിട്ടും ചെയ്തു. എന്നിരുന്നാലും ഞങ്ങള്‍ ശരിയായി ചെയ്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു. ധാരാളം വലിയ തെറ്റുകളും ധാരാളം ചെറിയ പിഴവുകളും ആവര്‍ത്തിക്കാതിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ കരുതുന്നു.
നല്ല തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്, പക്ഷേ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ മധ്യ ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് മധ്യനിരയാണ്, ഞാന്‍, ധ്രുവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. പക്ഷേ അടുത്ത മത്സരത്തില്‍ സാഹചര്യം വന്നാല്‍ ഞങ്ങള്‍ മികവ് കാണിക്കും,’ മത്സരശേഷം പരാഗ് പറഞ്ഞു.
മുംബൈയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടനും രോഹിത് ശര്‍മയും കാഴ്ചവെച്ചത്. രോഹിത് 36 പന്തില്‍ 53 റണ്‍സ് നേടി പരാഗിന്റെ ഇരയായപ്പോള്‍ റയാന്‍ 38 പന്തില്‍ 61 റണ്‍സും നേടി.
ശേഷം ഇറങ്ങിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 23 പന്തില്‍ 48 റണ്‍സ് വീതം നേടി ശക്തമായി തിരിച്ചടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
സീസണില്‍ നിന്ന് പുറത്തായ രാജസ്ഥാന് മറ്റൊരു തരിച്ചടിയും സംഭവിച്ചിരുന്നു. വിശ്വസ്തനായ പേസര്‍ സന്ദീപ് ശര്‍മയ്ക്ക് കൈ വിരലിന് പരിക്ക് പറ്റിയതോടെ ഐ.പി.എല്ലില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു. ഇതോടെ മുംബൈക്കെതിരായ മത്സരത്തില്‍ യുവ താരങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തിരുന്നു.
സൂപ്പര്‍ പേസ്‌റായ ട്രെന്‍ന്റ് ബോള്‍ട്ടിന്റെയും കരണ്‍ ശര്‍മയുടെയും മിന്നും പ്രകടനത്തിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. 2.1 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. കരണ്‍ 4 ഓവറില്‍ 23 റണ്‍സും വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനവും നടത്തി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ദീപക് ചഹറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
രാജസ്ഥാന്‍നിരയില്‍ ജോഫ്രാ ആര്‍ച്ചറിനു മാത്രമാണ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. 27 പന്തില്‍ 33 റണ്‍സ് ആണ് താരം നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 14 കാരന്‍ വൈഭവ് സൂര്യവംശി പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ യശസ്വി ജെയ്‌സ്വാള്‍ 13 റണ്‍സിനും മടങ്ങി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 16 റണ്‍സിനും കൂടാരം കയറിയതോടെ രാജസ്ഥാനിനെ സമ്മര്‍ദം വരിഞ്ഞുമുറുക്കുകയായിരുന്നു. പിന്നീടങ്ങോട്ട് മുംബൈ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു.
Content Highlight: IPL 2025: Riyan Parag Talking About RAJASTHAN ROYALS OUT OF THE IPL 2025