| Friday, 25th April 2025, 8:09 am

ഒരു ചെറിയ തെറ്റിനുപോലും വലിയ വില നല്‍കേണ്ടിവരും; ബെംഗളൂരുവിനെതിരായ തോല്‍വിയെക്കുറിച്ച് റിയാന്‍ പരാഗ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സീസണില്‍ ഇതാദ്യമായാണ് ആര്‍.സി.ബി ഹോം ഗ്രൗണ്ടില്‍ വിജയിക്കുന്നത്. ബെംഗളൂരുവില്‍ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ശേഷമാണ് ആര്‍.സി.ബി ചിന്നസ്വാമിയില്‍ പെരിയ വിജയം സ്വന്തമാക്കിയത്. വിജയശതമാനം രാജസ്ഥാനൊപ്പമായിരുന്നിട്ടും കഴിഞ്ഞ മത്സരങ്ങളിലെ പോലെ വിക്കറ്റ് തകര്‍ച്ചയാണ് രാജസ്ഥാന് വിനയായത്.

ഇപ്പോള്‍ രാജസ്ഥാന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്.

‘ഞങ്ങള്‍ പന്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് ഞാന്‍ കരുതുന്നു. 210 മുതല്‍ 220 റണ്‍സ് വരെ നേടാന്‍ കഴിയുന്ന വിക്കറ്റായിരുന്നു ഇത്. ഞങ്ങള്‍ അവരെ നന്നായി പിടിച്ചുനിര്‍ത്തി. ഞങ്ങളുടെ ഇന്നിങ്സിന്റെ പകുതി ദൂരം പിന്നിട്ടപ്പോള്‍, ഞങ്ങള്‍ ഡ്രൈവര്‍ സീറ്റിലാണെന്ന് ഞാന്‍ കരുതി.

അവസാന 10-11 ഓവറുകളില്‍ ഞങ്ങള്‍ക്ക് ഓവറില്‍ 8.5 റണ്‍ റേറ്റ് ഉണ്ടായിരുന്നു. ഞങ്ങള്‍ സ്വയം കുറ്റപ്പെടുത്തണമെന്ന് കരുതുന്നു, സ്പിന്നര്‍മാരെ വേണ്ടത്ര കൈകാര്യം ചെയ്തില്ല. ഞങ്ങളുടെ ബാറ്റിങ് കുറച്ചുകൂടി നന്നാക്കാമായിരുന്നു.

സപ്പോര്‍ട്ട് സ്റ്റാഫ് ഞങ്ങള്‍ക്ക് ധാരാളം സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നമ്മള്‍ മുന്നോട്ട് പോയി ആ സ്വാതന്ത്ര്യം കാണിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കളത്തിലിറങ്ങിയത്, എന്നാല്‍ നന്നായി കളിക്കേണ്ട ഉത്തരവാദിത്തം കളിക്കാരുടെ മേലാണ്. ഒരു ചെറിയ തെറ്റ് പോലും ചെയ്താല്‍ അതിന് വലിയ വില നല്‍കേണ്ടിവരുന്ന ഒരു ടൂര്‍ണമെന്റാണിത്. ഇന്ന് അതാണ് സംഭവിച്ചത്,’ മത്സരശേഷം പരാഗ് പറഞ്ഞു.

ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലുമാണ്. വിരാട് 42 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 27 പന്തില്‍ നിന്ന് 50 റണ്‍സും നേടി. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സും നേടി.

രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാനിന്ദു ഹസരങ്കയും ജോഫ്രാ ആര്‍ച്ചറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

യശസ്വി ജെയ്‌സ്വാളാണ് രാജസ്ഥാന് വേണ്ടി മികവ് പുലര്‍ത്തിയത്. 19 പന്തില്‍ 49 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ധ്രുവ് ജുറെല്‍ 34 പന്തില്‍ 47 റണ്‍സും നിതീഷ് റാണ 22 പന്തില്‍ 28 റണ്‍സും നേടി. ബെംഗളൂരുവിന് വേണ്ടി 33 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: IPL 2025: Riyan Parag Talking About Lose Against RCB

We use cookies to give you the best possible experience. Learn more